തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ഡിജിറ്റല്‍ റീസര്‍വെയുടെ കരട് വിജ്ഞാപനം ഭൂവുടമകള്‍ക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവന്‍ ജനങ്ങളിലും എത്തിക്കാനാണ് പരിപാടി.
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് സര്‍വെ അതിരടയാള നിയമത്തിലെ 9(2) കരട് വിജ്ഞാപനം പരിശോധിച്ച് അതില്‍ ഏതെങ്കിലും വിധത്തില്‍ പരാതി ഉണ്ടെങ്കില്‍ അത് എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ഉന്നയിക്കാന്‍ അവസരമൊരുക്കും.
ഡിജിറ്റല്‍ സര്‍വെ, വിജ്ഞാപനത്തിലെ തെറ്റുതിരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പഞ്ചായത്തുകളില്‍ സര്‍വെ ടീമിന്റെ ക്യാംപ് ഓഫിസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു.
ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചത്. ഇതില്‍ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സര്‍വെ പൂര്‍ത്തിയായിക്കഴിഞ്ഞു. സര്‍വെ സഭകളിലും വാര്‍ഡ്തല സര്‍വെ ജാഗ്രതാ സമിതികളിലും പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാകുന്നതോടെ പിശകുരഹിത ഭൂവിവര ശേഖരം കേരളത്തിന് സ്വന്തമാകുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ റവന്യു, സര്‍വെ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം 31നകവും രണ്ടാം ഘട്ടത്തില്‍ സര്‍വെ നടക്കുന്ന വില്ലേജുകള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ യോഗം അടുത്ത മാസം 11നകവും അതത് ജില്ലാ കലക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും.