കൊച്ചി: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.
പ്രമേഹരോഗികളുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രീഡയബറ്റിക് ഘട്ടത്തിൽത്തന്നെ രോഗസാധ്യത തിരിച്ചറിയുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയോടൊപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ലൂർദ് ആശുപത്രി നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പ്രമേഹം ആന്തരികാവയവങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, രോഗസങ്കീർണതകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ, യുവാക്കളിലെ പ്രമേഹസാധ്യതകൾ, ആധുനിക ചികിത്സാരീതികൾ, പുതിയ മരുന്നുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണശീലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സൺ എബ്രഹാം, എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. നവ്യ മേരി കുര്യൻ, ഡോ. ഡോൺ ഡേവിഡ്, ഡയറ്റീഷ്യൻ സെലിൻ ലിയ കെ.ടി. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്, വരാപ്പുഴ അതിരൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ, ലൂർദ് ആശുപത്രി അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ പോളിൻ വി.പി. എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മതബോധന അധ്യാപകർ, സ്വയംസഹായ സംഘാംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

