കൊച്ചി: സംസ്ഥാനത്ത് നഴ്സിങ് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ പ്രത്യേക നഴ്സിങ് സർവകലാശാല സ്ഥാപിക്കാനും നഴ്സിങ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനും യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പഠനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് കൂടുതൽ വിദ്യാർഥികൾക്ക് നഴ്സിങ് പഠനത്തിന് അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികളാണ് നഴ്സിങ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇതിനായി 15 മുതൽ 20 ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ഈ സാമ്പത്തികഭാരം കുറച്ച് കേരളത്തിൽത്തന്നെ കുറഞ്ഞ ചെലവിൽ മികച്ച നഴ്സിങ് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

