കൊച്ചി: കത്തോലിക്കാ സഭയിലെ അല്മായർക്കുള്ള പരമോന്നത ബഹുമതിയായ പേപ്പൽ ഷെവലിയർ പദവി ലഭിച്ച പ്രമുഖ മാധ്യമപ്രവർത്തകനും സഭാചരിത്രകാരനും ഗ്രന്ഥകർത്താവുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആദരിച്ചു. സഭാ, സാമൂഹിക, മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ലെയോ പതിനാലാമൻ പാപ്പ അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത്.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ മരിയസദൻ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും മാധ്യമലോകത്തിനും സഭയ്ക്കും പതിറ്റാണ്ടുകളായി നൽകിവരുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണ് പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിന് ലഭിച്ച പേപ്പൽ ഷെവലിയർ പദവിയെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഷെവലിയർമാരായ പ്രൊഫ. ഡോ. പ്രിമൂസ് പെരിഞ്ചേരി, ഡോ. ഗ്രിഗറി തോമസ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎച്ച്എ ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ, ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി, റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ, മാത്യു വർഗീസ്, .ഡോ. ജോൺ ബോസ്കോ ഇമ്മാനുവൽ, അഡ്വ. ഷെറി ജെ. തോമസ്, ഫാ. മാത്യു മഠത്തിൽ, ഡോ. ഗ്രിഗറി പോൾ, ബേബി തദേവൂസ് ക്രൂസ്, നെൽസൺ എട്ടുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷെവലിയർ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പുതുതായി ആരംഭിക്കുന്ന യൂട്യൂബ് ചാനൽ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. യഥാർഥ സഭാചരിത്രവും അനുബന്ധ പ്രവർത്തനങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്താൻ ചാനൽ പ്രയോജനപ്പെടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

