ലിമ: മെത്രാന്മാരിൽ ദൈവജനത്തിന് തങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കരുതലുള്ള ഒരു പിതാവിനെ കാണാനാകണമെന്ന് ലെയോ പതിനാലാമൻ പാപ്പ. പെറുവിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി ലിമയിൽ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം ഓർമിപ്പിച്ചത്.
ദൈവവചനത്തിന്റെ നിധി സംരക്ഷിക്കുകയും ക്രൈസ്തവ ജീവിതത്തിന് അനിവാര്യമായ കൂദാശകൾ പരികർമം ചെയ്യുകയും ചെയ്യുന്നവരാണ് മെത്രാന്മാരെന്ന് പാപ്പ പറഞ്ഞു. രൂപതയിലെ ജനങ്ങളുടെ ജീവിതാവസ്ഥകൾ അടുത്തറിയാൻ ഭവനങ്ങളും രോഗികളും സന്ദർശിക്കണം. യുവജനങ്ങളുമായി സംവദിക്കുകയും സമൂഹത്തിന്റെ പാർശ്വങ്ങളിൽ കഴിയുന്നവരുടെ വേദനകൾ കേൾക്കുകയും വേണം. ജനങ്ങൾക്കിടയിൽ സാന്നിധ്യമറിയിക്കുന്ന അജപാലകരാകുകയാണ് മെത്രാന്മാരുടെ ദൗത്യമെന്നും പാപ്പ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തിൽ ജനങ്ങളെ ആഴത്തിൽ രൂപപ്പെടുത്തുന്നതിനും തദ്ദേശീയ ഭാഷകളിൽ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും മെത്രാന്മാർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ജനങ്ങളുടെ സംസ്കാരത്തോടും ജീവിതസാഹചര്യങ്ങളോടും ചേർന്നുനിന്നുള്ള ശുശ്രൂഷയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജപാലന ശുശ്രൂഷയിൽ വേദനാജനകമായ അനുഭവങ്ങളും സാമൂഹിക വിഭജനങ്ങളും തെറ്റിദ്ധാരണകളും പ്രയാസകരമായ തീരുമാനങ്ങളും നേരിടേണ്ടിവരും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നതല്ല മെത്രാന്റെ ഉത്തരവാദിത്വം. ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിന്ന് ജനങ്ങളുടെ ഏറ്റവും വലിയ നന്മയ്ക്കായി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് പാപ്പ അനുസ്മരിപ്പിച്ചു.വിശുദ്ധ തുരീബിയൂസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, യേശുവിന്റെ കുരിശ് മെത്രാൻ ശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ സമർപ്പണത്തോട് ഐക്യപ്പെട്ടുകൊണ്ട് സ്നേഹത്തിൽ ചെയ്യുന്ന ഒരു ത്യാഗവും നിഷ്ഫലമാകില്ലെന്ന് കുരിശ് നമ്മെ ഓർമിപ്പിക്കുന്നു.

