ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി പോളിഷ് ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സോമർടാഗിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാൻ നടത്തി. ഇന്ത്യയിലെ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായും രാജ്യത്തെ കത്തോലിക്കാ സഭയിൽ പാപ്പയുടെ പ്രതിനിധിയായും അദ്ദേഹം ഇനി പ്രവർത്തിക്കും.
നിയമനത്തെ ഭാരത കത്തോലിക്ക മെത്രാൻ സമിതി സ്വാഗതം ചെയ്തു.1968 ഫെബ്രുവരി ആറിന് പോളണ്ടിലെ വീക്ക്ബോർക്കിൽ ജനിച്ച ആർച്ച് ബിഷപ്പ് സോമർടാഗ് 1993 മെയ് 30-നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കൽ എക്ലീസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്രപഠനവും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദ ഹോളി ക്രോസിൽ കാനൻ നിയമപഠനവും പൂർത്തിയാക്കിയ അദ്ദേഹം 2000 ജൂലൈ ഒന്നിന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു.ടാൻസാനിയ, നിക്കരാഗ്വേ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മോണ്ടിനെഗ്രോ, ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിൽ വത്തിക്കാൻ നയതന്ത്ര പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ദീർഘകാലത്തെ അനുഭവസമ്പത്തുണ്ട്.
2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൽ സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2018 ഫെബ്രുവരി 15-ന് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ മാസ്ട്രിക്റ്റിലെ സ്ഥാനിക ആർച്ച് ബിഷപ്പായും നിക്കരാഗ്വേയിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യായും നിയമിച്ചു. അതേവർഷം മാർച്ച് 19-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.2022 സെപ്റ്റംബർ മുതൽ സെനഗൽ, കേപ് വെർഡെ, ഗിനിയ-ബിസൗ എന്നീ രാജ്യങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷ്യായായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈ ദൗത്യങ്ങളിൽനിന്ന് ഇന്ത്യയുടെ പുതിയ വത്തിക്കാൻ പ്രതിനിധിയായുള്ള നിയമനത്തിലേക്കാണ് അദ്ദേഹം എത്തുന്നത്.

