കൊച്ചി: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് നവംബർ 12-ന് പാലാരിവട്ടം പിഒസിയിൽ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അധ്യക്ഷത വഹിക്കും. മനോജ് മൂത്തേടൻ എംഎൽഎ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവർ പ്രസംഗിക്കും. സിഎൽസി, കേരള കത്തോലിക്കാ സഭ എന്നിവയുടെ വൈദിക-അല്മായ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സജീഷ് ടോം നിലവിൽ എറണാകുളം ജില്ലയിലെ ഉദയംപേരൂർ സൗത്ത് പറവൂരിലാണ് താമസം. ബ്രിട്ടനിലെ പൊതുപ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം 2021-ൽ ബേസിംഗ്സ്റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിലിലേക്കും 2026-ൽ ഹാംഷെയർ കൗണ്ടി കൗൺസിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കൗണ്ടി, ബറോ കൗൺസിലുകളിൽ ഒരേസമയം അംഗമാകുന്ന ആദ്യ മലയാളിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

