കോർദൊബ: ക്രിസ്തുവിന്റെയും വിശുദ്ധരുടെയും ജീവിതമാതൃക പിന്തുടർന്ന് വിശുദ്ധിയിൽ ജീവിക്കാനും സുവിശേഷത്തിന്റെ സാക്ഷികളാകാനും വിശ്വാസികൾക്ക് ആഹ്വാനം നൽകി ലെയോ പതിനാലാമൻ പാപ്പ. തെക്കേ അമേരിക്കൻ അപ്പസ്തോലിക യാത്രയുടെ ഭാഗമായി അർജന്റീനയിലെ കോർദൊബയിലുള്ള വ്യോമയാന സ്കൂൾ മൈതാനത്ത് ആറര ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.
യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട രക്ഷയുടെ സന്ദേശം എല്ലാ കാലത്തും പ്രസക്തമാണെന്ന് പാപ്പ ഓർമിപ്പിച്ചു. ക്രിസ്തുവിനെപ്പോലെ സ്നേഹത്തിലും സേവനത്തിലും ജീവിതം സമർപ്പിക്കാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവവുമായുള്ള പൂർണമായ ഐക്യമാണ് വിശുദ്ധിയുടെ ലക്ഷ്യമെന്നും ക്രിസ്തുവിൽ കണ്ടെത്തുന്ന സ്നേഹവും സൗന്ദര്യവും മറ്റുള്ളവരിലേക്ക് പകരാൻ ഓരോ ക്രൈസ്തവനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുനാൾ ദിനത്തിൽ അനുസ്മരിക്കപ്പെടുന്ന വിശുദ്ധ ലെയോ മഹാന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ക്രൈസ്തവർ തങ്ങളുടെ മഹത്വവും ദൈവികവിളിയുടെ പ്രാധാന്യവും തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിച്ചു.വിശുദ്ധ ഹൊസേ ഗബ്രിയേൽ ബ്രോച്ചേറോ, മാമാ അന്തൂല തുടങ്ങിയ അർജന്റീനയിലെ വിശുദ്ധ വ്യക്തിത്വങ്ങളുടെ ജീവിതവും പാപ്പാ അനുസ്മരിച്ചു. പ്രാർത്ഥനയിലും യേശുവുമായുള്ള ആത്മബന്ധത്തിലും ശക്തി കണ്ടെത്തിയ ബ്രോച്ചേറോ കുരിശുരൂപവും ജപമാലയും കൈമുതലാക്കി സുവിശേഷം പ്രചരിപ്പിച്ചു. ധ്യാനജീവിതത്തിലൂടെ ശക്തി നേടി മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാനാണ് മാമാ അന്തൂല പരിശ്രമിച്ചത്. ദൈവത്തെ അറിയാത്തവരിലേക്ക് സുവിശേഷത്തിന്റെ സന്തോഷവാർത്ത എത്തിക്കുന്നതിൽ അവരുടെ ജീവിതം വലിയ മാതൃകയാണെന്നും പാപ്പാ വ്യക്തമാക്കി.

