ബ്യൂണസ് അയേഴ്സ്: സുവിശേഷം പ്രഘോഷിക്കുകയെന്നതാണ് മെത്രാന്മാരുടെയും അജപാലകരുടെയും പ്രഥമ ഉത്തരവാദിത്വമെന്ന് ലെയോ പതിനാലാമൻ പാപ്പ. അർജന്റീനിയൻ മെത്രാന്മാരുമായും സിനഡ് പ്രവർത്തകരുമായും ബ്യൂണസ് അയേഴ്സ് കത്തീഡ്രലിൽ നടത്തിയ സായാഹ്ന പ്രാർത്ഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്തുവിൽ അധിഷ്ഠിതമായ ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങളിലും സംസ്കാരങ്ങളിലും വിശ്വാസം വേരുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പ ചൂണ്ടിക്കാട്ടി. അർജന്റീനയുടെ സവിശേഷതകളിലൊന്നാണ് ഈ വൈവിധ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങളെ നിരന്തരം അനുഗമിക്കുന്ന മാതൃസാന്നിധ്യമാണ് പരിശുദ്ധ കന്യകാമറിയമെന്നും അപ്പസ്തോലന്മാരോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്ന മാതാവ് ഇന്നും സുവിശേഷം പ്രഘോഷിക്കുന്ന സഭയോടൊപ്പമുണ്ടെന്നും പാപ്പ അനുസ്മരിച്ചു.’എല്ലാവർക്കും സ്വാഗതം, പോയി പ്രഘോഷിക്കുക’ എന്നതാണ് തന്റെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യമെന്ന് ഓർമിപ്പിച്ച പാപ്പ, വലിയ നഗരങ്ങളിലും ചെറിയ ഗ്രാമങ്ങളിലും സുവിശേഷത്തിന്റെ സന്തോഷവാർത്ത കാത്തിരിക്കുന്ന നിരവധി പേരുണ്ടെന്നും വ്യക്തമാക്കി.
റോമിലെ മെത്രാന്റെ കത്തീഡ്രലായ സാൻ ജോൺ ലാറ്ററൻ ബസിലിക്ക ആഗോളസഭയുടെ ഐക്യത്തിന്റെ പ്രതീകമാണെന്നും പാപ്പ പറഞ്ഞു. ഫ്രാൻസിസ് പാപ്പ ആഗോളസഭയുടെ തലവനാകുന്നതിനു മുമ്പ് അജപാലന ശുശ്രൂഷ നിർവഹിച്ചിരുന്ന ബ്യൂണസ് അയേഴ്സ് കത്തീഡ്രലിൽ ഒത്തുചേർന്നത് പ്രത്യേക പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാമ്മോദീസയിലൂടെ ലഭിച്ച ദാനങ്ങൾ സഭയുടെ വളർച്ചയ്ക്കായി പങ്കുവെച്ച് വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി മുന്നേറണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

