എറണാകുളം: കുടുംബങ്ങളെ വീണ്ടെടുക്കുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ. കേരളത്തിലെ ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകർക്കായി സംഘടിപ്പിച്ച ദ്വിദിന നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ‘അമോറിസ് ലെത്തീസിയ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘കുടുംബം ഒരു ആനന്ദം’ എന്ന വിഷയത്തിലായിരുന്നു ദ്വിദിന സിമ്പോസിയം സംഘടിപ്പിച്ചത്. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ അധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറത്തറ ആശംസകൾ നേർന്നു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മിഷൻ ഡയറക്ടർ ഫാ. അലക്സ് കൂരിശുപറമ്പിൽ സ്വാഗതവും കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ.ആർ. ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.‘അമോറിസ് ലെത്തീസിയ’യിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, ഫാ. ഡോ. എ.ആർ. ജോൺ, കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ജോയി പൈനാടത്ത്, ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ ദൈവശാസ്ത്രജ്ഞൻ ഡോ. സ്റ്റാൻലി മാതിരിപ്പള്ളി, മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്, എഴുത്തുകാരനും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാട്, ശ്രീജിത്ത് ഐ.പി.എസ് എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.
സമ്മേളനത്തോടനുബന്ധിച്ച് ‘ഫമിലിയ’ വിവാഹ ഒരുക്ക കോഴ്സിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള വർക്ക്ബുക്കും പ്രകാശനം ചെയ്തു.

