കൊച്ചി : ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രാഷ്ട്രീയകാര്യസമിതി. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കണമെന്നും പൗരാവകാശങ്ങൾ സംരക്ഷിക്കാൻ അധികാരികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ജനാധിപത്യം തിരഞ്ഞെടുപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അഭിപ്രായസ്വാതന്ത്ര്യം, മതനിരപേക്ഷത, സാമൂഹികനീതി, ന്യൂനപക്ഷാവകാശങ്ങൾ, സ്വതന്ത്ര മാധ്യമപ്രവർത്തനം, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, പാർലമെന്റിലെ അർഥവത്തായ ചർച്ചകൾ എന്നിവയും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി. വിമർശനങ്ങളെയും വിയോജിപ്പുകളെയും സംശയത്തോടെ കാണുകയും അധികാരം കേന്ദ്രീകരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പ്രവണതകൾ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായും സമിതി വ്യക്തമാക്കി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിഗണിക്കണം. വോട്ടർപട്ടികയിൽനിന്ന് പേരുകൾ വ്യാപകമായി നീക്കം ചെയ്യപ്പെട്ടുവെന്ന ആരോപണങ്ങളും നടപടിക്രമങ്ങളിലെ സുതാര്യതയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സംബന്ധിച്ച ചോദ്യങ്ങളും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ പരിശോധനയ്ക്ക് വിധേയമാക്കണം. വിമർശനങ്ങളെ അടിച്ചമർത്തുന്നതിനു പകരം ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി നൽകുകയാണ് ജനാധിപത്യ ഭരണസംവിധാനം ചെയ്യേണ്ടതെന്നും കെആർഎൽസിസി അഭിപ്രായപ്പെട്ടു. വോട്ടവകാശം ഭരണകൂടം നൽകുന്ന ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണെന്നും സമിതി ഓർമിപ്പിച്ചു. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം അർഹരായ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരവും ഉറപ്പാക്കണം. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനാപരമായ മൂല്യങ്ങളും സംരക്ഷിക്കാനും അധികാരികൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.പാർലമെന്റിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്ന സമീപനങ്ങൾ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, തൊഴിലാളികളുടെ അവകാശങ്ങൾ, സാമൂഹിക അസമത്വം എന്നിവയ്ക്ക് പരിഹാരം കാണുന്നതിൽ ഭരണകൂടം കൂടുതൽ ഉത്തരവാദിത്വം പുലർത്തണമെന്നും കെആർഎൽസിസി രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടു.
അധികാരം നിലനിർത്താനുള്ള ഉപകരണമല്ല ജനാധിപത്യം; ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണസംവിധാനമാണത്. ഭരണഘടനാ മൂല്യങ്ങൾക്കും പൗരാവകാശങ്ങൾക്കും നീതിക്കും വേണ്ടി എല്ലാ ജനാധിപത്യവിശ്വാസികളും ഒരുമിച്ച് നിലകൊള്ളണമെന്നും സമിതി അഭ്യർഥിച്ചു.

