വത്തിക്കാൻ സിറ്റി: ലോകത്തിന് മുകളിലോ അതിന്റെ അരികുകളിലോ നിലകൊള്ളുന്ന ഒന്നല്ല സഭയെന്നും, മറിച്ച് മനുഷ്യരോടും അവരുടെ ജീവിത സാഹചര്യങ്ങളോടും ചേർന്നുനിന്നാണ് സഭയുടെ ദൗത്യം നിർവഹിക്കപ്പെടുന്നതെന്നും ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.
ലോകത്തിന്റെ ദുർബലതകളും സൗന്ദര്യങ്ങളും പങ്കുവച്ച് ഭൂമിയിൽ തീർത്ഥാടകരായി ജീവിക്കുന്ന സമൂഹമാണ് സഭ. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ അനുസ്മരിച്ച്, ദൈവവുമായി അനുരഞ്ജനം പ്രാപിച്ച ലോകത്തിന്റെ അടയാളമായാണ് സഭയെ മനസ്സിലാക്കേണ്ടതെന്നും പാപ്പ വ്യക്തമാക്കി.
മനുഷ്യരാശിക്ക് ജീവൻ പകരാനും മനുഷ്യരെ പിതാവായ ദൈവവുമായി അനുരഞ്ജിപ്പിക്കാനുമാണ് ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത്. അതുപോലെ, മനുഷ്യരാശിയെ ഒരൊറ്റ കുടുംബമായി ഒന്നിപ്പിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയുടെ അടയാളമായാണ് സഭ ലോകത്തിൽ സന്നിഹിതമായിരിക്കുന്നത്. മനുഷ്യ ജീവിതത്തിൽ നിന്ന് അകന്നുനിൽക്കാതെ അവരുടെ സന്തോഷങ്ങളിലും വേദനകളിലും പ്രതീക്ഷകളിലും വെല്ലുവിളികളിലും പങ്കുചേർന്നുകൊണ്ടാണ് സഭ ഈ സാന്നിധ്യം പ്രകടമാക്കുന്നത്.അതുകൊണ്ടുതന്നെ സഭ ചരിത്രത്തിലൂടെ ജനങ്ങൾക്കിടയിലൂടെയും വിവിധ സംസ്കാരങ്ങൾക്കിടയിലൂടെയും സഞ്ചരിക്കുന്നു. ജനങ്ങളുമായുള്ള ഈ ജീവിതബന്ധം സഭയുടെ ദൗത്യത്തിന് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്ന ബോധ്യം കൂടുതൽ ആഴപ്പെടുത്തുന്നു. സമൂഹത്തിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും മനുഷ്യർക്കിടയിൽ ഐക്യവും അനുരഞ്ജനവും വളർത്തുകയും ചെയ്യുന്നതും സഭയുടെ ദൗത്യത്തിന്റെ ഭാഗമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

