വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ആത്മീയ യാത്രയിലേക്കും വ്യക്തിപരമായ ചിന്തകളിലേക്കും കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന സ്വകാര്യ കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് തയ്യാറാക്കിയ ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകം നവംബർ 24ന് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കും. ജോർജ് മരിയോ ബെർഗോളിയോ 1992 ഡിസംബർ 20 മുതൽ 2024 ഓഗസ്റ്റ് 18 വരെ രേഖപ്പെടുത്തിയ സ്വകാര്യ കുറിപ്പുകളാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. കുറിപ്പുകൾക്കൊപ്പം അവയുടെ പശ്ചാത്തലവും വിശകലനവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഫ്രാൻസിസ് പാപ്പായുടെ വ്യക്തിത്വം, വിശ്വാസാനുഭവങ്ങൾ, ആത്മീയ വളർച്ച, സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ മനസ്സിലാക്കാൻ പുസ്തകം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെസ്യൂട്ട് സന്യാസിയായിരുന്ന കാലം മുതൽ സഭയുടെ പരമാധ്യക്ഷനായിരുന്ന കാലഘട്ടം വരെയുള്ള പാപ്പായുടെ ആന്തരിക ചിന്തകളും ആത്മപരിശോധനകളും സ്വകാര്യ അനുഭവങ്ങളും പുസ്തകത്തിൽ പ്രതിഫലിക്കും.
2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതുവരെ സഭയെ നയിച്ചു. വത്തിക്കാൻ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള 94 രാജ്യങ്ങളിൽ നവംബർ 24ന് പുസ്തകം ഒരേസമയം പുറത്തിറക്കും. ആദ്യഘട്ടത്തിൽ ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരണം.

