മെറ്റ്സ്: അക്രമവും സ്വാർത്ഥതയും വർധിച്ചുവരുന്ന ലോകത്തിൽ യഥാർത്ഥ സമാധാനം സാധ്യമാകുന്നത് പരസ്പരം ക്ഷമിക്കാനും പങ്കുവെക്കാനും വിട്ടുകൊടുക്കാനും മനുഷ്യർ തയ്യാറാകുമ്പോഴാണെന്ന് ലെയോ പതിനാലാമൻ പാപ്പ. സുവിശേഷം മുന്നോട്ടുവയ്ക്കുന്ന കാരുണ്യത്തിന്റെയും ക്ഷമയുടെയും പാത സ്വീകരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
ഫ്രാൻസിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി മെറ്റ്സിലെ വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ. മനുഷ്യരുടെ ജീവിതത്തിലെ ‘മരുഭൂമികളെ’ സ്നേഹത്തിന്റെയും കരുണയുടെയും ഉദ്യാനങ്ങളാക്കി മാറ്റാൻ ക്രിസ്തുവിന്റെ സന്ദേശം പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു.വിവിധ സംസ്കാരങ്ങളും ജനവിഭാഗങ്ങളും സംഗമിക്കുന്ന പ്രദേശമെന്ന നിലയിൽ മെറ്റ്സിനും മൊസെല്ലെ മേഖലയ്ക്കും പ്രത്യേക പ്രാധാന്യമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. യൂറോപ്പിന്റെ അതിർത്തിപ്രദേശമായ ഈ മേഖല ചരിത്രത്തിൽ നിരവധി യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ദൈവത്തിന്റെ സമാധാനത്തിന്റെയും പ്രത്യാശയുടെയും വാഗ്ദാനം കൂടുതൽ ശക്തമായി ഉയരേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.
മെറ്റ്സ് രൂപതാ സമൂഹത്തെയും യൂറോപ്പിനെയും ദൈവത്തിന് സമർപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവച്ച പാപ്പാ, മനുഷ്യർക്കിടയിൽ മതിലുകൾ ഉയർത്തുന്നതിനുപകരം പരസ്പര സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്കാരം വളർത്തണമെന്ന് ആഹ്വാനം ചെയ്തു. ക്ഷമയും കാരുണ്യവും ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനത്തിന്റെ വിത്തുകൾ മുളയ്ക്കുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

