തൃശൂർ : പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച സംസ്ഥാനത്തെ 131 വില്ലേജുകളിലെ 35 ലക്ഷത്തിലേറെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര കർഷകർക്കിടയിൽ കടുത്ത ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര കർഷകർക്കും ആദിവാസി സമൂഹങ്ങൾക്കും സ്വസ്ഥമായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വിജ്ഞാപനത്തിലെ പിഴവുകൾ തിരുത്തണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.ഇഎസ്എ വനഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തണം. കേരളത്തിലെ വില്ലേജുകളെ ഇഎസ്എയുടെ അടിസ്ഥാന യൂണിറ്റുകളായി പരിഗണിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അനിവാര്യമാണെന്നതിൽ തർക്കമില്ല.
അതേസമയം, മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി മലയോര മേഖലകളിൽ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവനും ജീവിതമാർഗങ്ങളും സംരക്ഷിക്കപ്പെടണം. സുസ്ഥിര വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് മനുഷ്യനെ പരിഗണിച്ചുകൊണ്ടുള്ള സമീപനത്തിലൂടെയാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

