കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കണ്ണൂരിലെ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ വൈദികരും അല്മായ നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.സന്ദർശനത്തിനിടെ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുമായുള്ള ആത്മബന്ധം മുഖ്യമന്ത്രി പങ്കുവച്ചു.
കൊച്ചി പനങ്ങാട് ഹൈസ്കൂളിൽ ബിഷപ്പിന്റെ ജൂനിയറായി പഠിച്ചിരുന്നയാളാണ് മുഖ്യമന്ത്രി. ഇരുവരും ഒരേ അധ്യാപകരുടെ വിദ്യാർത്ഥികളായിരുന്നു. പനങ്ങാട് സ്കൂളിലെ വിവിധ പരിപാടികളിലും ഇരുവരും മുൻപ് ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്.
കണ്ണൂരിലെത്തുമ്പോൾ ആദ്യ സന്ദർശനം ബിഷപ്സ് ഹൗസിലായിരിക്കുമെന്ന് നേരത്തെ നൽകിയ വാക്ക് പാലിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു. രൂപതയിലെ വൈദികരെയും അല്മായ നേതാക്കളെയും അദ്ദേഹം പരിചയപ്പെട്ടു.കണ്ണൂരിൽ പൊതുവായി നേരിടുന്ന വിവിധ വിഷയങ്ങൾ ബിഷപ്പ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കണ്ണൂർ കന്റോൺമെന്റ് കോർപ്പറേഷൻ ലയനവുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയായി. വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ഒപ്പമുണ്ടായിരുന്ന ടി.ഒ. മോഹനൻ എം.എൽ.എയോട് മുഖ്യമന്ത്രി നിർദേശിച്ചു.മേയർ അഡ്വ. ഇന്ദിര, ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.കെ. മോഹനൻ, റഷീദ് കവ്വായി, കെ.പി.സി.സി. അംഗം അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, രാഹുൽ കായുക്കൽ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വികാരി ജനറൽ മോൺ. ജോയ് പൈനാടത്ത്, മോൺ. ക്ലാരൻസ് പാലിയത്ത്, ഫാ. രാജൻ ഫൗസ്തോ, ഫാ. ആന്റണി കുരിശിങ്കൽ, ഫാ. ജോമോൻ, കെ.എൽ.സി.എ. സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, ഗോഡ്സൺ ഡിക്രൂസ്, ആന്റണി നൊറോണ, ചാൾസ് ഗിൽബർട്ട്, ഫാ. വിപിൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

