ജെനസാനോ: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് മുന്നോടിയായി റോമിന് സമീപമുള്ള ജെനസാനോയിലെ ‘സദുപദേശത്തിന്റെ മാതാവ്’ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ.
1200 മുതൽ അഗസ്തീനിയൻ സന്യാസികളുടെ ആത്മീയ ശുശ്രൂഷയ്ക്ക് വേദിയായിരിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലെത്തിയ പാപ്പാ അഗസ്തീനിയൻ സഹോദരങ്ങളോടൊപ്പം സമയം ചെലവഴിച്ചു.പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇത് രണ്ടാം തവണയാണ് ലെയോ പതിനാലാമൻ പാപ്പ ജെനസാനോ തീർത്ഥാടന കേന്ദ്രത്തിലെത്തുന്നത്. 2025 മേയ് 10-നായിരുന്നു പാപ്പയുടെ ആദ്യ സന്ദർശനം. അന്ന് സഭ തന്നെ ഏൽപ്പിച്ച പുതിയ ശുശ്രൂഷയുടെ ആരംഭദിനങ്ങളിൽ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള ദൗത്യം നിർവഹിക്കുന്നതിന് ആത്മീയ ശക്തി തേടിയാണ് താൻ ഇവിടെ എത്തിയതെന്ന് പാപ്പ വ്യക്തമാക്കിയിരുന്നു.തന്റെ സന്ദേശത്തിൽ സുവിശേഷങ്ങളിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നിശബ്ദ സാന്നിധ്യത്തെക്കുറിച്ച് പാപ്പ ഓർമിപ്പിച്ചു.
മറിയത്തിന്റെ ജീവിതത്തിലെ നിശബ്ദതയും എളിമയും ലോകചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതെങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു.അഗസ്തീനിയൻ വിശുദ്ധനായ തോമസ് ഓഫ് വില്ലനോവയുടെ ചിന്തകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വചനസന്ദേശം. വിശ്വാസത്തിലും വിനയത്തിലും ദൈവഹിതത്തിന് പൂർണമായി സമർപ്പിച്ച മറിയത്തിന്റെ മാതൃക ഇന്നത്തെ വിശ്വാസികൾക്കും സഭയ്ക്കും പ്രചോദനമാകണമെന്ന് പാപ്പ ഓർമിപ്പിച്ചു.

