കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (56) അന്തരിച്ചു.
അന്വേഷണാത്മക പത്രപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ജിജോ നിരവധി നിർണായക വാർത്തകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.ഈയിടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയുടെ പ്രധാന അന്വേഷണ റിപ്പോർട്ടുകളിലൊന്നായിരുന്നു. പത്രപ്രവർത്തന മികവിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരവും 2020ൽ മലയാള മനോരമയുടെ പത്രപ്രവർത്തന മികവിനുള്ള ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും ലഭിച്ചിട്ടുണ്ട്.
കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ശേഷം മലയാള മനോരമയിൽ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. വാർത്തകളുടെ പിന്നിലെ വസ്തുതകൾ കണ്ടെത്തുന്നതിലും സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ ജനശ്രദ്ധയിലെത്തിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
പറവൂർ ഗോതുരുത്ത് സെന്റ് സെബാസ്റ്റിയന് ഇടവകാംഗമാണ്. കൊച്ചിയിൽ സർവശിക്ഷ കേരളയിൽ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ എന്നിവർ മക്കളാണ്.

