പൂക്കളവും ഓണക്കോടിയും ഓണസദ്യയും വിപണിയിലെ തിരക്കും ചേര്‍ന്ന് കേരളം സമൃദ്ധിയുടെ ഒരു ചിത്രം വരയ്ക്കുന്ന കാലമാണ് ഓണം. പക്ഷേ ആ ചിത്രത്തിനപ്പുറം ചില ചോദ്യങ്ങള്‍ നിശ്ശബ്ദമായി ഉയരുന്നുണ്ട്. വിപണിയിലെ കോടികളുടെ വില്‍പ്പനയ്ക്കു പിന്നില്‍ യഥാര്‍ഥ വരുമാനം എത്ര? കടം വാങ്ങിയുള്ള ഉപഭോഗം എത്ര? ക്ഷേമച്ചെലവുകള്‍ക്ക് താങ്ങാകുന്ന വരുമാനം എവിടെ? പ്രവാസപ്പണിയെയും സേവനമേഖലയെയും ആശ്രയിക്കുന്ന കേരളത്തിന്റെ വളര്‍ച്ച എത്രത്തോളം സുസ്ഥിരമാണ്? ആഘോഷത്തിന്റെ തിരക്കിനപ്പുറം കേരളത്തിന്റെ സമ്പദ്ഘടനയിലേക്ക് നോക്കുമ്പോള്‍, ഓണം ഒരു ഉത്സവം മാത്രമല്ല, നമ്മുടെ സാമ്പത്തിക ആരോഗ്യത്തിന്റെ കണ്ണാടികൂടിയാണ്.സമൃദ്ധിയുടെ ആഘോഷത്തിനിടയില്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ എവിടെ നില്ക്കുന്നു എന്നൊന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഓണം കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ്. പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഓണക്കിറ്റും വിപണിയിലെ തിരക്കും-എല്ലാം ചേര്‍ന്ന് മലയാളിയുടെ സാമ്പത്തിക ജീവിതത്തിന്റെ ഒരു വലിയ ചിത്രമാണ് ഓണം വരച്ചിടുന്നത്. കടകളില്‍ ജനങ്ങള്‍ തിങ്ങികൂടുന്നു, ഓണ്‍ലൈന്‍ വ്യാപാരം ഉയരുന്നു, ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തിരക്കേറുന്നു, വസ്ത്രവ്യാപാരവും ഇലക്ട്രോണിക്സ് വില്‍പ്പനയും വാഹനവിപണിയും സജീവമാകുന്നു.പക്ഷേ, ഈ ആഘോഷത്തിന്റെ പുറകില്‍ മറ്റൊരു കേരളമുണ്ട്.കടയില്‍ സാധനങ്ങള്‍ വാങ്ങുന്നവനുണ്ട്; അതേസമയം ആ സാധനങ്ങളുടെ വില കണ്ട് വാങ്ങല്‍ മാറ്റിവയ്ക്കുന്നവനുമുണ്ട്. പെന്ഷന് ലഭിക്കുന്ന വയോധികനുണ്ട്; എന്നാല്‍ ആ പെന്ഷന് കൃത്യമായി നല്കാന് സര്‍ക്കാരിന് എത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ടാകുന്നു എന്ന ചോദ്യവുമുണ്ട്. വിദേശത്ത് ജോലി ചെയ്ത് പണം അയക്കുന്ന കുടുംബങ്ങളുണ്ട്; അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലുമുള്ള തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ അവരെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.അതിനാല്‍ ഈ ഓണക്കാലത്ത് ചോദിക്കേണ്ട ചോദ്യം ”കേരളത്തിന്റെ സമ്പദ്വ്യവസ്ഥ വളരുന്നുണ്ടോ?” എന്നത് മാത്രമല്ല.”ആ വളര്‍ച്ചയുടെ അടിത്തറ എത്രത്തോളം ശക്തമാണ്?” എന്നതാണ്.വളര്‍ച്ചയുണ്ട്; പക്ഷേ പണമൊഴുക്ക് എവിടെ നിന്നാണ്? കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ഒഴിവാക്കേണ്ടത് ”കേരളം സാമ്പത്തികമായി പൂര്‍ണമായും തകര്‍ന്നു” എന്ന ലളിതമായ നിഗമനമാണ്.2024-25ല്‍ കേരളത്തിന്റെ യഥാര്‍ത്ഥ ജിഎസ്ഡിപി വളര്‍ച്ച 6.19 ശതമാനമായിരുന്നു. നിലവില്‍ വളര്‍ച്ച 9.97 ശതമാനവും. സംസ്ഥാന സമ്പദ്വ്യവസ്ഥയില് സേവനമേഖലയാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്; 2024-25ല്‍ കൃഷി, നിര്‍മ്മാണം, സേവനം എന്നിവയുടെ പങ്ക് യഥാക്രമം ഏകദേശം 9%, 24%, 67% ആയിരുന്നു.അതായത് കേരളം വളരുന്നില്ല എന്നല്ല പ്രശ്നം. പ്രശ്നം വളര്‍ച്ചയുടെ സ്വഭാവത്തിലാണ്. വ്യവസായ ഉല്‍പ്പാദനം വര്‍ധിപ്പിച്ച്, വലിയ തോതില്‍ തൊഴില്‍ സൃഷ്ടിച്ച്, സംസ്ഥാനത്തിന് സ്ഥിരമായ നികുതി വരുമാനം ഉണ്ടാക്കുന്ന രീതിയിലുള്ള വളര്ച്ചയാണോ നമ്മുടേത്? അല്ലെങ്കില്‍ ഉപഭോഗം, സേവനമേഖല, വിദേശ പണമയയ്ക്കല്‍, സര്‍ക്കാര്‍ ചെലവ് എന്നിവയെ കൂടുതല്‍ ആശ്രയിച്ചുള്ള വളര്ച്ചയാണോ? ഈ ചോദ്യത്തിന് കേരളം ഗൗരവമായി മറുപടി കണ്ടെത്തേണ്ട സമയമാണിത്.2025 – 26ലെ ബജറ്റ് കണക്കില്‍ തന്നെ സംസ്ഥാനത്തിന്റെ വരുമാനക്കുറവ് 27,125 കോടിയും ധനക്കമ്മി 45,039 കോടിയുമാണ് കണക്കാക്കിയിരുന്നത്. 2026ല്‍ പുറത്തുവന്ന സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചയ്ക്കും വഴിതുറന്നു. റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതകള്‍ ഏകദേശം 5.07 ലക്ഷം കോടി വരുന്നു; ഇത് ജിഎസ്ഡിപിയുടെ 35.5 ശതമാനത്തിന് തുല്യമാണെന്നാണ് റിപ്പോര്‍ട്ട്.ഇവിടെ രാഷ്ട്രീയ ആരോപണങ്ങള്‍ മാറ്റിവെച്ചാലും ഒരു യാഥാര്‍ഥ്യം വ്യക്തമാണ്: കേരളത്തിന് കൂടുതല്‍ വരുമാനം സൃഷ്ടിക്കുന്ന സമ്പദ്വ്യവസ്ഥ ആവശ്യമാണ്; ചെലവുകള്‍ മാത്രം വര്‍ധിപ്പിക്കുന്ന സമ്പദ്വ്യവസ്ഥ പോരാ.ഓണം വന്നിട്ടും സാധാരണക്കാരന്റെ കീശ നിറയുന്നില്ലഓണം കേരളത്തിന്റെ ഉപഭോഗ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ പരീക്ഷണകാലമാണ്; കുടുംബങ്ങളുടേയും. പുതിയ വസ്ത്രം വാങ്ങണം. സദ്യ ഒരുക്കണം. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കണം. യാത്ര ചെയ്യണം. ഇതോടൊപ്പം വീടുപണിയോ പുതിയ വാഹനം വാങ്ങലോ ഉണ്ടെങ്കിലാണ് വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബബജറ്റിനെ ഞെരുക്കുന്നത്.ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.38 ശതമാനമായിരുന്നു. ഭക്ഷ്യവിലകള്‍ ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദം മൂലം പണപ്പെരുപ്പം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തലുകള്‍.കേരളത്തില്‍ പ്രശ്നം ദേശീയ ശരാശരിയേക്കാള്‍ മാത്രം വിലക്കയറ്റമാണോ എന്നതിലല്ല. വരുമാനവും വിലയും തമ്മിലുള്ള ബന്ധത്തിലാണ്. ഒരു കുടുംബത്തിന്റെ വരുമാനം 5 ശതമാനം ഉയരുമ്പോള്‍ അവശ്യച്ചെലവ് 10 ശതമാനം ഉയര്‍ന്നാല്‍, ആ കുടുംബത്തിന് സാമ്പത്തിക വളര്‍ച്ച അനുഭവപ്പെടില്ല.ഓണക്കാലത്ത് വിപണിയില്‍ കോടികളുടെ വില്‍പ്പന നടക്കുമ്പോഴും കടം വാങ്ങി ഓണം ആഘോഷിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടുകയാണെങ്കില്‍, അത് ആരോഗ്യകരമായ ഉപഭോഗത്തിന്റെ ലക്ഷണമല്ല. ക്രെഡിറ്റ് കാര്‍ഡും വ്യക്തിഗത വായ്പയും ഇഎംഐയും ചേര്‍ന്നുള്ള ഉപഭോഗം, സാമ്പത്തിക സമൃദ്ധിയുടെ യഥാര്‍ത്ഥ അളവുകോലല്ല.ചെറുകിട വ്യവസായം: കേരളത്തിന്റെ നട്ടെല്ല്കേരളത്തിന്റെ വലിയൊരു പ്രശ്നം വലിയ വ്യവസായങ്ങളുടെ അഭാവം മാത്രമല്ല. ചെറുകിട വ്യവസായങ്ങളുടെ വ്യാപകതയും അവയുടെ നിലനില്‍പ്പുമാണ്. ചെറുകിടവ്യവസായങ്ങള്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ്. ഭക്ഷ്യസംസ്കരണം, ഫര്‍ണിച്ചര്‍, വസ്ത്രനിര്‍മാണം, റബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ്, പ്ലാസ്റ്റിക്, കൈത്തൊഴില്‍, പ്രിന്റിങ് തുടങ്ങി അനവധി മേഖലകള്‍ ഇതില്‍പ്പെടുന്നു. സര്‍ക്കാര്‍ വ്യവസായനയം തന്നെ ചെറുകിടക്കാരുടെ ഡിജിറ്റലൈസേഷന്, ഇ-കൊമേഴ്സ്, കയറ്റുമതി തുടങ്ങിയ മേഖലകളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുന്നുണ്ട്.പക്ഷേ യാഥാര്‍ഥ്യത്തില്‍ ഒരു ചെറിയ സംരംഭകന്റെ മുന്നിലുള്ള പ്രശ്നങ്ങള്‍ പലതാണ്: ഉയര്‍ന്ന ഭൂമിവില, കെട്ടിട വാടക, വൈദ്യുതി ചെലവ്, തൊഴിലാളികളുടെ ലഭ്യതയും വേതനവും, ബാങ്ക് വായ്പയുടെ പലിശ, അസംസ്കൃത വസ്തുക്കളുടെ വില,വിപണിയിലെ മത്സരം, അനുമതികളും നിയമപരമായ ബാധ്യതകളും, ഓണ്‍ലൈന്‍ വിപണിയിലേക്ക് മാറാനുള്ള ബുദ്ധിമുട്ട,്വലിയ കമ്പനികള്‍ക്ക് ഈ ആഘാതങ്ങള്‍ ഒരു പരിധിവരെ താങ്ങാനാകും. പക്ഷേ ചെറിയ സംരംഭകന് കഴിയില്ല.അതുകൊണ്ട് ”കേരളത്തില്‍ എത്ര ചെറുകിട വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്തു?” എന്നതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം ”അവയില്‍ എത്ര എണ്ണം പ്രവര്‍ത്തിക്കുന്നു?” എന്നതായിരിക്കണം.വന്‍ വ്യവസായങ്ങള്കേരളത്തിന് വിദ്യാഭ്യാസവും മനുഷ്യവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും മികച്ച സാമൂഹിക സൂചികകളും ഉണ്ട്.എന്നിട്ടും വലിയ തോതിലുള്ള manufacturing employment സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ താരതമ്യേന കുറവാണ്. ഇതിന്റെ ഫലമായി കേരളത്തിലെ യുവാക്കള്‍ക്ക് രണ്ട് വഴികളാണ് പ്രധാനമായും തുറക്കുന്നത്: സര്‍ക്കാര്‍ ജോലി അല്ലെങ്കില്‍ വിദേശ ജോലി.അതിന് ഇടയില്‍ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളവും സ്ഥിരതയുമുള്ള വലിയൊരു തൊഴില്‍ വിപണി സൃഷ്ടിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി.വ്യവസായം വരണമെങ്കില്‍ ഭൂമി, വൈദ്യുതി, ഗതാഗതം, നിയമപരമായ വ്യക്തത, വേഗത്തിലുള്ള അനുമതി, തൊഴിലാളി-തൊഴിലുടമ ബന്ധം, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണം.നിക്ഷേപം ക്ഷണിക്കുന്ന പരസ്യം മാത്രം പോരാ; നിക്ഷേപം നിലനിര്‍ത്തുന്ന അന്തരീക്ഷമാണ് വേണ്ടത്.ക്ഷേമ പെന്ഷനുകള്കേരളത്തിന്റെ ക്ഷേമപെന്ഷന് സംവിധാനത്തെ വിമര്‍ശിക്കുന്നത് എളുപ്പമാണ്. പക്ഷേ ഒരു സത്യം മറക്കാനാകില്ല.1,600 പ്രതിമാസം ലഭിക്കുന്ന ഒരു വയോധികന് അതൊരു ചെറിയ തുകയല്ല. 2025ലെ ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 60-62 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ/ക്ഷേമ പെന്ഷന് ലഭിക്കുന്നു. പ്രതിമാസം 1,600 വീതം നല്കാന് വര്‍ഷത്തില്‍ 11,000 കോടിയിലധികം രൂപ ആവശ്യമാണ്. 2025 ഒക്ടോബറില്‍ മാത്രം ഏകദേശം 812 കോടി രൂപ വിതരണം ചെയ്തതായി ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത് കേരളത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അതിനെ ഇല്ലാതാക്കുക എന്നത് പരിഹാരമല്ല. പക്ഷേ മറ്റൊരു ചോദ്യം അനിവാര്യമാണ്: ക്ഷേമച്ചെലവിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം വളരുന്നുണ്ടോ? ഒരു സര്‍ക്കാര്‍ ഒരാള്‍ക്ക് മാസം 1,600 നല്‍കുന്നത് നല്ല കാര്യമാണ്.പക്ഷേ ആ തുക നല്കാന് കടമെടുക്കേണ്ടി വരുകയും, അതേ സമയം വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മൂലധന നിക്ഷേപം, വ്യവസായ അടിസ്ഥാന സൗകര്യം എന്നിവയ്ക്ക് പണം കുറയുകയും ചെയ്താല്‍ ദീര്‍ഘകാലത്ത് അതേ ക്ഷേമപദ്ധതി തന്നെ അപകടത്തിലാകും. പ്രിയദര്‍ശിനി: സൗജന്യ യാത്രയുടെ രാഷ്ട്രീയത്തിനപ്പുറം 2026 ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍റ്റിസിയുടെ സാധാരണ സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചു. ഇതിന് സംസ്ഥാനത്തിന് പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപ അധികമായി ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പദ്ധതിക്ക് സാമൂഹിക പ്രസക്തിയുണ്ട്. പക്ഷേ സാമ്പത്തിക ചോദ്യവും ഉണ്ട്. കെഎസ്ആര്റ്റിസിയ്ക്ക് സര്‍ക്കാര്‍ ആ 800 കോടി രൂപ നല്കുന്നുണ്ടോ?നല്കുന്നുവെങ്കില് സമയബന്ധിതമായി നല്കുന്നുണ്ടോ? കെഎസ്ആര്‍റ്റിസിയുടെ യഥാര്‍ത്ഥ നഷ്ടം എത്രയാണ്?സൗജന്യ യാത്ര മൂലം ഉണ്ടായ അധിക യാത്രക്കാരുടെ സാമൂഹിക-സാമ്പത്തിക നേട്ടം എത്ര? പദ്ധതിയുടെ പേരില്‍ വരുന്ന നഷ്ടം സര്‍ക്കാര്‍ സബ്സിഡിയായി കൃത്യമായി കണക്കാക്കുന്നുണ്ടോ? ഇവയ്ക്ക് സുതാര്യമായ ഉത്തരങ്ങള്‍ വേണം. കാരണം സൗജന്യ യാത്ര സൗജന്യമല്ല. യാത്രക്കാരന് പണം കൊടുക്കുന്നില്ല എന്നേയുള്ളൂ. ആ പണം മറ്റൊരാള്‍-അവസാനം നികുതിദായകന് തന്നെ കൊടുക്കുന്നു. ഇത് തെറ്റാണെന്നല്ല. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് ലോകമെമ്പാടും സാധാരണമാണ്. പക്ഷേ സബ്സിഡിയുടെ ചെലവ് കൃത്യമായി കണക്കാക്കാതെ പദ്ധതി വ്യാപിപ്പിക്കുന്നതാണ് അപകടം.കെഎസ്ആര്‍റ്റിസി ഗുരുതരമായ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന സ്ഥാപനമാണ്. അതിനാല്‍ പ്രിയദര്‍ശിനിയുടെ ചെലവ് കെഎസ്ആര്‍റ്റിസിയുടെ സാമ്പത്തിക പുനരുജ്ജീവന പദ്ധതിയില്‍ പ്രത്യേകം രേഖപ്പെടുത്തി സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്നതാണ് കൂടുതല്‍ സുതാര്യമായ മാതൃക.മത്സ്യം: കടലില്‍ നിന്ന് വരുന്ന സമ്പത്ത് കേരളത്തിന്റെ ഏറ്റവും അവഗണിക്കപ്പെട്ട സാമ്പത്തിക സാധ്യതകളിലൊന്നാണ് മത്സ്യമേഖല. മത്സ്യബന്ധനം ഒരു മത്സ്യത്തൊഴിലാളിയുടെ ഉപജീവനം മാത്രമല്ല. അതിനു പിന്നില്‍, ബോട്ട്, വഞ്ചി, വല, മത്സ്യത്തൊഴിലാളി, ലേലം, ഐസ് പ്ലാന്റ്, ഗതാഗതം, പ്രോസസ്സിങ്, പാക്കേജിങ്, കയറ്റുമതി, വിദേശനാണ്യം….എന്നിങ്ങനെ വലിയൊരു സാമ്പത്തിക ശൃംഖലയുണ്ട്.2024-25ല്‍ ഇന്ത്യയുടെ മത്സ്യമേഖലാ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം7.45 ബില്യണ്‍ ആയി. ഇതില്‍ കേരളത്തിന്റെ പങ്കും ശ്രദ്ധേയമാണ്. 2024-25ല്‍ ഇന്ത്യയുടെ marine export value-യുടെ 8.08 ശതമാനം കേരളത്തില്‍ നിന്നായിരുന്നു. Frozen cuttlefish വിഭാഗത്തില്‍ ഇന്ത്യയുടെ കയറ്റുമതി മൂല്യത്തില്‍ കേരളത്തിന്റെ പങ്ക് 44.37 ശതമാനവും squid-ല്‍ 33.93 ശതമാനവുമായിരുന്നു.അപ്പോള്‍ ചോദ്യമുയരുന്നത്, കേരളത്തിന്റെ തീരദേശ സമ്പദ്വ്യവസ്ഥയ്ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ നിക്ഷേപം ഈ സാധ്യതയ്ക്ക് ആനുപാതികമാണോ? മത്സ്യബന്ധന തുറമുഖങ്ങള്‍, cold chain, processing units, value addition, modern fishing technology, aquaculture, export certification, climate resilience എന്നിവയില്‍ കേരളത്തിന് വലിയ സാധ്യതയുണ്ട്.മത്സ്യം പിടിച്ച് തമിഴ്നാട്ടിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സംസ്കരിച്ച് വിദേശത്തേക്ക് അയക്കുന്നതിനു പകരം കേരളത്തില്‍ തന്നെ value addition നടത്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലും നികുതി വരുമാനവും വിദേശനാണ്യവും സംസ്ഥാനത്ത് നിലനില്ക്കും. കടലില്‍ നിന്ന് മീന്‍ പിടിക്കുന്നതില്‍ മാത്രം സാമ്പത്തിക മൂല്യം അവസാനിക്കുന്നില്ല. മത്സ്യത്തിന്റെ വില വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യയിലാണ് അടുത്ത സമ്പത്ത്.ഐടി. മേഖല: പ്രതീക്ഷയുണ്ട്, പക്ഷേ തൊഴില്‍ വിപണിയുടെ സ്വഭാവം മാറുന്നുകേരളത്തിന്റെ മറ്റൊരു പ്രതീക്ഷ ഐടി മേഖലയാണ്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ കേന്ദ്രങ്ങള്‍ കേരളത്തിന് വലിയ ഐടി ഇക്കോസിസ്റ്റം സൃഷ്ടിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ ഐടി കയറ്റുമതിയില്‍ വലിയ സംഭാവന നല്കുന്നു. ടെക്നോപാര്‍ക്കില്‍ മാത്രം 500-ലേറെ കമ്പനികളുണ്ട്; വികസനത്തിലിരിക്കുന്ന പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ പതിനായിരക്കണക്കിന് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അതുകൊണ്ട് ”കേരളത്തിലെ ഐടി മേഖല തകര്‍ന്നു” എന്നു പറയുന്നത് വസ്തുതാപരമായി ശരിയല്ല.പക്ഷേ മറ്റൊരു പ്രശ്നമുണ്ട്. ഐടി വളര്‍ച്ചയും ഐടി തൊഴിലും ഒരേ വേഗത്തില്‍ വളരണമെന്നില്ല.AI, automation, cloud computing, global capability centres, outsourcing model എന്നിവ ഐടി ജോലികളുടെ സ്വഭാവം മാറ്റുകയാണ്.ഇന്നലെ 100 പേരെ ആവശ്യമുണ്ടായിരുന്ന ഒരു ജോലിക്ക് നാളെ 10 പേര് മതിയാകാം. അനതിവിദൂര ഭാവിയിലെ ഗുരുതര പ്രശ്നമാകും അത്.തൊഴിലില്ലായ്മ: കേരളത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക വിരോധാഭാസംവിദ്യാഭ്യാസത്തില് മുന്നില്‍. ആരോഗ്യത്തില്‍ മുന്നില്‍. മനുഷ്യവിഭവശേഷിയുടെ നിലവാരത്തില്‍ മുന്നില്‍. പക്ഷേ യുവാക്കള്‍ക്ക് ജോലി നല്കുന്നതില് പിന്നില്‍. ഇതാണ് കേരളത്തിന്റെ ഏറ്റവും വലിയ വിരോധാഭാസങ്ങളില്‍ ഒന്ന്. യുവാക്കള്‍ ഉന്നത പഠനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. പിന്നീട് ജോലി തേടുന്നു. കേരളത്തില്‍ അവസരം ലഭിക്കാതെ മറ്റൊരു സംസ്ഥാനത്തേക്കോ രാജ്യത്തേക്കോ പോകുന്നു. അവിടെ ജോലി കിട്ടിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിക്ഷേപത്തിന്റെ സാമ്പത്തിക നേട്ടം പലപ്പോഴും മറ്റൊരു സമ്പദ്വ്യവസ്ഥയ്ക്കാണ് ലഭിക്കുന്നത്. ഇത് വ്യക്തിയുടെ പരാജയമല്ല. സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷിയെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കുന്നതിലെ പരാജയമാണ്.ഗള്ഫിന് പിന്നാലെ യൂറോപ്പും?കേരളത്തിന്റെ സാമ്പത്തിക സുരക്ഷാകവചമായ ഗള്‍ഫ് ഇനി അത്ര സുരക്ഷിതമല്ല. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് പ്രവാസി പണത്തിന് അസാധാരണമായ പ്രാധാന്യമുണ്ട്. 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം കേരളത്തിലേക്കുള്ള വിദേശത്തു നിന്നുള് പണമയക്കല്‍ ഏകദേശം 2.17 ലക്ഷം കോടി രൂപ ആയിരുന്നു; ഇത് സംസ്ഥാനത്തിന്റെ എന്എസ്ഡിപിയുടെ ഏകദേശം 23.2 ശതമാനത്തിന് തുല്യമാണെന്ന കണക്ക് പഠനങ്ങളില്‍ ഉദ്ധരിക്കപ്പെടുന്നു. ഇത്ര വലിയൊരു തുകയുടെ പിന്നില്‍ ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളുടെ ജീവിതമുണ്ട്. വീട്, വിദ്യാഭ്യാസം, ആരോഗ്യം, സ്വര്‍ണം, വായ്പ തിരിച്ചടവ്, ചെറുകിട ബിസിനസ്, ഉപഭോഗം, റിയല്‍ എസ്റ്റേറ്റ് വിപണി വരെ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണിരിക്കുന്നത്.അതുകൊണ്ട് ഗള്‍ഫില്‍ ഒരു തൊഴില്‍ പ്രതിസന്ധി ഉണ്ടായാല്‍ അതിന്റെ ആഘാതം ദുബായിലോ ദോഹയിലോ മാത്രമല്ല.അത് കേരളത്തിലെ ഓരോ വീട്ടിലെയും അടുക്കളയില്‍ വരെ എത്തും.നിലവിലെ മധ്യപൂര്‍വദേശത്തെ സംഘര്‍ഷവും ഗള്‍ഫ് തൊഴില്‍ വിപണിയിലുണ്ടാകുന്ന അനിശ്ചിതത്വവും ഇന്ത്യയിലെ പ്രവാസി തൊഴിലാളികളെയും അവിടെ നിന്നുള്ള പണമൊഴുക്കിനെയും വല്ലാതെബാധിക്കാമെന്ന മുന്നറിയിപ്പുകള്‍ വന്നിട്ടുണ്ട്.ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പാണ്. പ്രവാസി പണം കേരളത്തിന്റെ സ്ഥിരവരുമാനം അല്ല. അത് വിദേശ തൊഴില്‍ വിപണിയില്‍ നിന്നുള്ള വരുമാനമാണ്. ആ തൊഴില്‍ വിപണി മാറാം. ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ സ്വഭാവവും മാറുകയാണ്. യു.കെ. ജര്‍മനി, ഓസ്ട്രേലിയ, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പുതിയ തലമുറ പോകുന്നു. വിദ്യാര്‍ഥി കുടിയേറ്റത്തിനും പ്രാധാന്യം വര്‍ധിക്കുന്നു; 2023ലെ കേരള മൈഗ്രേഷന്‍ സര്‍വേയെ ഉദ്ധരിച്ച് വിദ്യാര്‍ഥികള്‍ മൊത്തം കുടിയേറ്റത്തിന്റെ 11 ശതമാനം വരുന്നുണ്ട്.പക്ഷേ യൂറോപ്പും തൊഴില്രഹിതമല്ലാത്ത സ്വര്‍ഗമല്ല. കുടിയേറ്റ – തൊഴില്‍ നിയമങ്ങള്‍ വളരെ വേഗത്തില്‍ അവിടെ മാറുന്നു.ഭാഷാപരമായ യോഗ്യത ആവശ്യപ്പെടുന്നു. പ്രൊഫഷണല്‍ ലൈസന്‍സിംഗ് കര്‍ശനമാകുന്നു. ചില രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉയരുന്നു. അതുകൊണ്ട് ”ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് പോകാം” എന്നത് കേരളത്തിന്റെ തൊഴില്‍ പ്രശ്നത്തിനുള്ള സ്ഥിരപരിഹാരമല്ല. കേരളത്തിന് സ്വന്തം തൊഴില്‍ വിപണി ശക്തിപ്പെടുത്തേണ്ടതുണ്ട്.ഓണം നല്കുന്ന വലിയ സാമ്പത്തിക പാഠംഓണക്കാലത്ത് കേരളത്തിലെ വിപണി സജീവമാകുന്നു. പക്ഷേ ആ ഉപഭോഗത്തിന്റെ പണം എവിടെ നിന്നാണ് വരുന്നത്? ഒരു ഭാഗം കേരളത്തിലെ തൊഴില്‍ വരുമാനം, ഒരു ഭാഗം സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും, ഒരു ഭാഗം പ്രവാസി പണം, ഒരു ഭാഗം വായ്പ, ഒരു ഭാഗം സമ്പാദ്യം. ഇവയില്‍ അവസാനത്തെ മൂന്ന് ഘടകങ്ങള്‍ ദുര്‍ബലമായാല്‍ ഉപഭോഗത്തെയും ബാധിക്കും. അതിനാല്‍ ഓണക്കാലത്തെ വില്‍പ്പന മാത്രം നോക്കി കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം അളക്കുന്നത് തെറ്റാണ്.കടകളില്‍ തിരക്കുണ്ടെന്നത് കുടുംബത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ തെളിവല്ല.അപ്പോള്‍ കേരളം എന്താണ് ചെയ്യേണ്ടത്?പരിഹാരം ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കുക എന്നതല്ല. അതുപോലെ കൂടുതല്‍ കടമെടുത്ത് എല്ലാവര്ക്കും കൂടുതല്‍ ആനുകൂല്യം നല്‍കുക എന്നതുമല്ല. കേരളത്തിന് വേണ്ടത് ഒരു പുതിയ സാമ്പത്തിക കരാര്‍ ആണ്. ഒന്ന്: ക്ഷേമം തുടരണം; പക്ഷേ അതിന് സ്ഥിരമായ വരുമാന അടിത്തറ വേണം. പെന്ഷന് നല്‍കണം. പക്ഷേ പെന്ഷന് ചെലവിനൊപ്പം അതിന്റെ ധനസ്രോതസ്സും ഉണ്ടാകണം.രണ്ട്: സൗജന്യ പദ്ധതികള്‍ക്ക് ”സബ്സിഡി അക്കൗണ്ടിങ്” വേണം.പ്രിയദര്‍ശിനി പോലുള്ള പദ്ധതികളുടെ സാമൂഹിക നേട്ടം അംഗീകരിച്ചുകൊണ്ട്, അതിന്റെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും സര്‍ക്കാര്‍ ബജറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണം.മൂന്ന്: മത്സ്യമേഖലയെ കൂടുതല്‍ പ്രത്സാഹിപ്പിക്കണം. മത്സ്യം പിടിക്കുന്നതില്‍ നിന്ന് മത്സ്യസംസ്കരണം, value addition, branding, cold chain, international certification എന്നിവയിലേക്ക് പോകണം.നാല്: ചെറുകിടവ്യവസായങ്ങള്‍ക്ക് survival rate ആണ് പ്രധാന സൂചികയാക്കേണ്ടത്. എത്ര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു എന്നതല്ല. അഞ്ചുവര്‍ഷം കഴിഞ്ഞും എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു? അതുവഴി എത്ര തൊഴിലുകള്‍ സൃഷ്ടിച്ചു? എത്ര കയറ്റുമതി ചെയ്തു? എത്ര നികുതി നല്കി? ഇവയാണ് പ്രധാന ചോദ്യങ്ങള്‍.അഞ്ച്: ഐടിമേഖലയില്‍ ”കമ്പനികളുടെ എണ്ണം” അല്ല, ‘high-value jobs’ ആണ് ലക്ഷ്യമാകേണ്ടത്.എഐ കാലത്ത് കേരളം coding workforce മാത്രം സൃഷ്ടിക്കാതെ AI, semiconductor design, cybersecurity, health-tech, biotech, robotics, financial technology തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന മൂല്യമുള്ള തൊഴില്‍ സൃഷ്ടിക്കണം.ആറ്: തിരിച്ചുവരുന്ന പ്രവാസികളെ തൊഴിലാളികളായി മാത്രം കാണരുത്. അവര്‍ മൂലധനം കൊണ്ടുവരാം. അനുഭവം കൊണ്ടുവരാം. അന്താരാഷ്ട്ര വിപണി പരിചയം കൊണ്ടുവരാം. അവരെ നാട്ടിലെ വ്യവസായികള്‍ ആക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വേണം.ഏഴ്: സര്‍ക്കാര്‍ ചെലവില്‍ നിന്ന് ഉല്‍പ്പാദന നിക്ഷേപത്തിലേക്ക് മാറണം. ഒരു റോഡ് നിര്‍മ്മിക്കുന്നത് ചെലവാണ്. പക്ഷേ ആ റോഡിനരികില്‍ 500 തൊഴിലുകള്‍ സൃഷ്ടിക്കുന്ന ഒരു വ്യവസായ പാര്‍ക്ക് ഉണ്ടാകുമ്പോള്‍ അതേ അടിസ്ഥാന സൗകര്യം വരുമാനമുണ്ടാക്കുന്ന നിക്ഷേപമായി മാറുന്നു.അതായത് ഓണം ആഘാഷം മാത്രമല്ല, ഒരു സാമ്പത്തിക കണ്ണാടി കൂടിയാണ്. അതില്‍ ഒരു വശത്ത് ക്ഷേമകേരളം കാണാം.മറ്റൊരു വശത്ത് കടബാധ്യതയുള്ള സര്‍ക്കാരിനേയും. ഒരു വശത്ത് ഐടി പാര്‍ക്കുകള്‍ കാണാം. മറ്റൊരു വശത്ത് ജോലി തേടി വിദേശത്തേക്ക് പോകുന്ന യുവാക്കളേയും. ഒരു വശത്ത് കോടികളുടെ പ്രവാസിപ്പണം. മറ്റൊരു വശത്ത് ഗള്‍ഫിലെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക.ഇതാണ് ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക ചിത്രം. പക്ഷേ കേരളം തകര്‍ന്നിട്ടില്ല. എന്നാല്‍, കേരളത്തിന്റെ പഴയ സാമ്പത്തിക മാതൃകയ്ക്ക് ഇനി തുടരാന്‍ കഴിയില്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ തന്നെ അതിനുള്ള വരുമാനവും കണ്ടുപിടിക്കണം. അടുത്ത ഓണം കൂടുതല്‍ വലിയ ആഘോഷമാകണമെങ്കില്‍, അടുത്ത ഒരു വര്‍ഷം കൂടുതല്‍ കടം എടുക്കുന്ന കേരളമല്ല-കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളമാണ് ഉണ്ടാകേണ്ടത്. ‘നമ്മള് എത്ര ചെലവഴിക്കുന്നു?” എന്നതിലുപരി ”നമ്മള് എത്ര ഉല്‍പ്പാദിപ്പിക്കുന്നു?” എന്ന ചോദ്യമാണ് പ്രസക്തമാകേണ്ടത്.ഈ ചോദ്യത്തിന് ശരിയായ മറുപടി കണ്ടെത്തുന്ന കേരളത്തിനാണ് വരുംകാല ഓണങ്ങള്‍ യഥാര്‍ത്ഥ സമൃദ്ധിയുടെ ആഘോഷമാകുക.
Trending
- സ്നേഹത്തിന്റെ വിപണനവും ഹൃദയത്തിന്റെ ഓണവും
- ഓണപ്പൊലിമയ്ക്കൊപ്പം ഒരു സാമ്പത്തിക കണ്ണാടി കൂടി വേണം
- സ്നേഹ സംസ്കാരത്തിന് പ്രചോദനമേകുന്ന സിനിമ അരയനും അമരക്കാരനും
- ഏതു മൂഡ്? ഓണം മൂഡ്
- പേരില്‍ കേരളം, ശ്വാസത്തില്‍ മലയാളം
- അമേരിക്കൻ കത്തോലിക്ക ബൈബിൾ അസോസിയേഷന്റെ (CBA) പ്രസിഡന്റായി ഏമി-ജിൽ
- പുതിയ വത്തിക്കാൻ കൺസൾട്ടന്റായി ഡോ. കാരൻ റോഡ്രി
- റിമിനിയിലേക്ക് പാപ്പാ; സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശവുമായി ചരിത്ര സന്ദർശനം

