നെടുമങ്ങാട്: യുവജനങ്ങളെ സഭയുടെ പ്രതീക്ഷയും ദൗത്യത്തിന്റെ സജീവ പങ്കാളികളുമായി വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ച് കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ 29-ാമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം നെടുമങ്ങാട് നടന്നു.ഓഗസ്റ്റ് 1, 2 തീയതികളിൽ നെടുമങ്ങാട് ഫൊറോനയുടെ ആതിഥേയത്വത്തിൽ നവജ്യോതിസ് ആനിമേഷൻ സെന്ററിലായിരുന്നു സമ്മേളനം.
രൂപത വൈസ് പ്രസിഡന്റ് അനീഷ് എൽ. എസ്. ചാമവിള പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ പ്രതീക്ഷയാണ് യുവജനങ്ങളെന്നും യുവജനങ്ങളിൽനിന്ന് സഭ ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘സഭയും യുവജനങ്ങളും’ എന്ന വിഷയത്തിൽ പോങ്ങുമൂട് മൈനർ സെമിനാരി പ്രിഫെക്ട് ഫാ. ജിനോ ക്ലാസ് നയിച്ചു. തുടർന്ന് വിവിധ ഫൊറോനകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.രണ്ടാം ദിവസം നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ബിഷപ് ഡോ.സെൽവരാജൻ മുഖ്യകാർമികത്വം വഹിച്ചു. യുവജനങ്ങൾ മാതൃകാപരമായ നേതൃത്വത്തിലേക്ക് വളരേണ്ടതിന്റെ പ്രാധാന്യം ദിവ്യബലിമധ്യേ അദ്ദേഹം പങ്കുവച്ചു.രൂപത പ്രസിഡന്റ് അരുൺ രാജ് സി. എസ്. തിരുപുറം അധ്യക്ഷത വഹിച്ചു. ഫൊറോന വ്യത്യാസങ്ങൾക്കതീതമായി രൂപത ഒന്നാണെന്ന ബോധ്യത്തോടെ സഭയോട് ചേർന്നുനിന്ന് യുവജനങ്ങൾ മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രൂപത ഡയറക്ടർ ഫാ. അനിൽകുമാർ എസ്. എം. മുഖ്യപ്രഭാഷണം നടത്തി.
ട്രഷറർ അഭിരഞ്ജ് ആലമുക്ക് കണക്കുകളും സെക്രട്ടറി ഡൊമിനിക് സാവിയോ പനവിള രൂപത റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കും തിരുത്തലുകൾക്കും ശേഷം റിപ്പോർട്ടുകളും കണക്കുകളും സെനറ്റ് അംഗീകരിച്ചു.യുവജന ശുശ്രൂഷയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ സംഘടനാ ചർച്ചയും നടന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആൽബിൻ എസ്. എം. പുന്നക്കുന്ന് രൂപത ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ രാജ് ആർ. എൻ., ആനിമേറ്റർ സിസ്റ്റർ എലിസബത്ത് പോത്തൻ, വൈസ് പ്രസിഡന്റ് ജീന യോഹന്നാൻ നെടുവിള, സംസ്ഥാന സെനറ്റ് അംഗങ്ങളായ ഷിബിൻ ജോസ് വാഴവിള, ആൻസി എം. കട്ടയ്ക്കോട്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം സജിൻ വർഗീസ് കുരുതംകോട്, എക്സ് ഒഫീഷ്യോ അംഗങ്ങളായ അനു ദാസ് സി. എൽ. പൊൻവിള, സജു ജെ. എസ്. പുത്തൻകട, അനൂപ് ജെ. ആർ. പാലിയോട്, ആനിമേറ്റർ മോഹൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
64 ഫൊറോന ഭാരവാഹികളും സെനറ്റിൽ സന്നിഹിതരായിരുന്നു.കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ. ലോറൻസ് കളത്തിൽ സി.എസ്.ജെ., നെടുമങ്ങാട് ഫൊറോന ഡയറക്ടർ ഫാ. ജോബിൻ സിൽവസ്റ്റർ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

