കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ലെയോ പതിനാലാമൻ പാപ്പ സുവിശേഷവൽക്കരണ ഡികാസ്റ്ററിയുടെ അംഗമായി നിയമിച്ചു.
വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിക്കുന്ന ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ റോമിലെ പാപ്പയുടെ കാര്യാലയത്തിൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്ഥാനത്തെത്തിയ ആദ്യ മലയാളിയായിരുന്നു അദ്ദേഹം.
1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി നിയമിതനായ അദ്ദേഹം 1996-ൽ അതിരൂപതയുടെ വികാരി ജനറലായി. തുടർന്ന് ഹോളി ഫാദറിന്റെ ചാപ്ലെയിൻ എന്ന മോൺസിഞ്ഞോർ പദവിയും വഹിച്ചു. 2001 ജനുവരി 31-ന് പാപ്പാ അദ്ദേഹത്തിന് ‘പ്രലേറ്റ് ഓഫ് ഓണർ’ പദവി നൽകി ആദരിച്ചു.2002-ൽ കോഴിക്കോട് രൂപതയുടെ മെത്രാനായി നിയമിതനായി. 2016 ഡിസംബർ മുതൽ വരാപ്പുഴ അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം.

