കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഓഗസ്റ്റ് 3-ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ച് തള്ളിയത്.
മുനമ്പം വിഷയത്തിൽ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡിന് നയപരവും നിയമപരവും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമായ പൊതുകാര്യങ്ങളിൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നടപടികൾ സ്വീകരിക്കാനാകില്ലെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS-ന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഹൈക്കോടതിയുടെ അനുമതിയോടെയേ നടപടികൾ സ്വീകരിക്കാവൂ എന്ന ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി (SLP) സമർപ്പിച്ചെങ്കിലും അത് തള്ളപ്പെട്ടിരുന്നു. സമാന ആവശ്യങ്ങൾ ഉന്നയിച്ച് വഖഫ് സംരക്ഷണ വേദി പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജിയും കോടതി തള്ളുകയായിരുന്നു.
സുപ്രീംകോടതിയുടെ ഈ നടപടി മുനമ്പം തീരദേശത്ത് താമസിക്കുന്ന 610 കുടുംബങ്ങൾക്ക് ആശ്വാസകരമാണെന്ന് ACTS നേതൃത്വം പ്രതികരിച്ചു. ACTS-ന് വേണ്ടി അഡ്വ. ഷാജി പി. ചാലിയം സുപ്രീംകോടതിയിൽ ഹാജരായി.

