കൊച്ചി : കേരളത്തിലെ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമെന്ന് കെ ആര് എല്‍ സി സി യുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (സി എ ഡി എ എൽ ). സമഗ്രമായ പഠനങ്ങളെത്തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ ആദ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടതും സന്തോഷകരമാണ്. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം സുപ്രധാനമാണ്. ഫിഷറീസ് സബ് പ്ലാന്‍ നടപ്പിലാക്കുന്നത് തീരദേശത്തിന്റെ വികസനത്തിന് പ്രത്യേകമായ സാധ്യതകള്‍ ഒരുക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നത് ആശ്വാസകരമാണ്. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കുമെന്നതും ഏറെ ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേതന സഹായം ലഭ്യമാക്കും. കാലാവസ്ഥ പ്രതികൂല മുന്നറിയിപ്പു നല്കുന്ന ദിവസങ്ങളില്‍ നിലവില്‍ 200/- രൂപ പ്രകാരമാണ് തുക അനുവദിക്കുന്നത്. ഇത് കാലോചിതമായി പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുമ്പോള്‍ പുനര്‍ഗേഹം പദ്ധതി സമഗ്രമായി പരിഷ്ക്കരിക്കണം. തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള കടല്‍ഭിത്തി, ബ്രേക്ക് വാട്ടര്‍, ബീച്ച് നറിഷ്മെന്റ് അടക്കമുള്ള ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കും എന്ന നിര്‍ദ്ദേശം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. മുതലപ്പൊഴി ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ അപാകതകള്‍ പരിഹരിക്കാന്‍ നടപടികള്‍ കാലതാമസ്സം ഇല്ലാതെ സ്വീകരിക്കണം. ചെല്ലാനം ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കണം. മത്സ്യത്തൊഴിലാളി മേഖലയിലെ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രത്യേക പരിശീലന പരിപാടികള്‍ ആരംഭിക്കുന്നതും മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സെല്‍ഫ് ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ സഹായം ലഭ്യമാക്കുന്നതും മത്സ്യത്തൊഴിലാളി മേഖലയിലെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായകരമാകും. മത്സ്യബന്ധന മേഖലയിലെ പിന്നോക്ക അവസ്ഥയില്‍ ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സമഗ്രപദ്ധതി നടപ്പിലാക്കണമെന്നും ‘കടല്‍’ ചെയര്മാന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഫാ. ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായി ‘മിഷന് സമുദ്ര’ യും നീല സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട നടപടികള്‍ പ്രാവര്‍ത്തികമാക്കുമ്പോഴും ഇവ മൂലമുണ്ടാകാവുന്ന ‘പാരിസ്ഥിതിക-സാമുഹിക ആഘാതപഠനം’ മത്സ്യത്തൊഴിലാളി സമൂഹവുമായി ചര്‍ച്ചചെയ്യണമെന്നും തൊഴിലും കിടപ്പാടവും നഷ്ടമാകാത്ത വിധം മാത്രം നടപ്പിലാക്കണമെന്നും കടല്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

