വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാക്കുന്നു. ഒന്നാം വാര്‍ഷികത്തില്‍, ‘മരിയന്‍ നഗരമായി’ അറിയപ്പെടുന്ന പോംപെയിലെ ജപമാലരാജ്ഞിയുടെ തീര്‍ത്ഥാടനകേന്ദ്രം ലിയോ പതിനാലാമന്‍ പാപ്പ സന്ദര്‍ശിക്കും.
പാപ്പയായതിന്റെ ആദ്യ വാര്‍ഷികം ആഘോഷിക്കാന്‍ ലിയോ പാപ്പ പോംപെ തിരഞ്ഞെടുത്തത് ഈ മരിയന്‍ നഗരത്തിലെ വിശ്വാസികള്‍ വലിയ ആവേശത്തോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശനം വിശ്വാസത്തെ ഉറപ്പിക്കാനും സ്നേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നേറാനും കരുത്തുനല്കുമെന്ന് പോംപെ ആര്‍ച്ചുബിഷപ് തോമാസോ കപ്പൂട്ടോ പറഞ്ഞു.
പോംപെയിലെ പ്രശസ്തമായ ഔര്‍ ലേഡി ഓഫ് ദി റോസറി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്ന പാപ്പ തീര്‍ത്ഥാടന കേന്ദ്രത്തിന് മുന്നിലെ ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലിക്ക് ശേഷം, 1883-ല്‍ വിശുദ്ധ ബാര്‍ട്ടലോ ലോംഗോ രചിച്ച പോംപെ നാഥയോടുള്ള പ്രാര്‍ത്ഥനയ്ക്ക് പാപ്പ നേതൃത്വം നല്‍കും. രോഗികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയും പാപ്പയായതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സന്ദര്‍ശനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
പാപ്പയായ ശേഷമുള്ള ആദ്യ പത്തു മാസക്കാലത്തെ അപേക്ഷിച്ച്, യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകവേദിയിൽ നിർഭയനായി നിറഞ്ഞുനിൽക്കുന്ന സമാധാന സുവിശേഷകനാണ് പാപ്പയിപ്പോൾ.

