ജെക്കോബി
നാരീ ശക്തി, നാരീ വന്ദന്‍ എന്ന കാറലും മുറവിളിയുമായി ഈ തിരഞ്ഞെടുപ്പ് സീസണിലെ ഏറ്റവും അപ്രതീക്ഷിത വമ്പന്‍ ഹിറ്റായ അസംബന്ധ രാഷ് ട്രീയ നാടകം പൊലിപ്പിക്കുകയാണ് ബിജെപി. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളും അതിന്റെ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വിമുഖത കാണിച്ച മോദി ഭരണകൂടം, അത്യന്തം സംഘര്‍ഷഭരിതമായ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ സങ്കീര്ണതകള്ക്കിടയില് ബംഗാളിലും ഒപ്പം തമിഴ്നാട്ടിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നിര്‍ണായക പാദത്തില്‍ ഇടര്‍ച്ച സൃഷ്ടിക്കാനെന്നോണം പൊടുന്നനെ മൂന്നു ദിവസത്തേക്ക് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നു – സ്ത്രീകള്‍ക്കായി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്ത 2023 സെപ്റ്റംബറിലെ നാരീ ശക്തി വന്ദന്‍ അധിനിയം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് അടിയന്തരമായി ചര്‍ച്ച ചെയ്തു വോട്ടിനിടാന്‍.
കോണ്‍ഗ്രസും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും എം.കെ സ്റ്റാലിന്റെ ഡിഎംകെയും അടക്കം ദേശീയതലത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പൂര്‍ണമായി പിന്തുണച്ച് ഏകകണ്ഠമായി പാസാക്കിയ വനിതാ സംവരണ നിയമം (ഭരണഘടന അനുച്ഛേദം 334എ) എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ 30 മാസമായി ഒരു മുന്‍ഗണനയും നല്‍കാതെ മാറ്റിവച്ചിരിക്കയായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്ത്രീ സംവരണം നടപ്പാക്കാന്‍ 2034-ലെ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കണം എന്നാണ് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നത്.
ഇപ്പോഴാകട്ടെ, കേരളത്തിലെയും അസമിലെയും നിയമസഭാ വോട്ടെടുപ്പു കഴിഞ്ഞ്, ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ, തിടുക്കത്തില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി സ്ത്രീ സംവരണത്തിന്റെ മറവില്‍, ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 850 ആയി ഉയര്‍ത്താനും 2011-ലെ ജനഗണനയെ ആധാരമാക്കി ഓരോ സംസ്ഥാനത്തെയും നിയോജകമണ്ഡലങ്ങളുടെ എണ്ണവും അതിരുകളും പുനര്‍നിര്‍ണയിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ചുകൊണ്ട് ബിജെപിയുടെ തുടര്‍ഭരണം ഉറപ്പാക്കുന്നതിന് ഫെഡറല്‍ ജനാധിപത്യക്രമം അട്ടിമറിക്കാനും രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ് ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുമുള്ള പ്രത്യക്ഷ തന്ത്രങ്ങളിലൂടെ ഞെട്ടലും വിസ്മയവും തീര്‍ക്കുകയായിരുന്നു അമിത് ഷാ.
ഭരണഘടനാ ഭേദഗതി നിയമം പാസാക്കാനുള്ള മൂന്നില്‍ രണ്ടു ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ എന്നു വ്യക്തമായിട്ടും പാര്‍ലമെന്റ് സമ്മേളനത്തിന് ഒരുക്കമായി പൊതുധാരണയിലെത്താനായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാനുള്ള ഔചിത്യം പോലും ഭരണനേതൃത്വമോ പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവോ കാണിച്ചില്ല. ‘വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ പാര്‍ലമെന്റ് ഒരു പുതിയ അധ്യായം രചിക്കുന്നതിന് അടുത്തെത്തിയിരിക്കയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിത്. 40 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ബില്ല് വരുന്നത്,’ എന്ന് ഉത്സാഹതിമിര്പ്പിലായിരുന്നു പ്രധാനമന്ത്രി മോദി.
ഒട്ടും പ്രതീക്ഷിക്കാത്ത പരിണതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. മോദിയുടെ 12 വര്‍ഷത്തെ വാഴ്ചയില്‍ ആദ്യമായി എന്‍ഡിഎ സര്‍ക്കാരിന്റെ വകയായ ഒരു ഭരണഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു! ഏതു കുറുക്കുവഴിയും ഉപയോഗിച്ച് ആധിപത്യം നിലനിര്‍ത്താനുള്ള ബിജെപിയുടെ അടവുനയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നു പൊരുതുകയായിരുന്നു. സ്ത്രീ സംവരണത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുമ്പോള്‍ ഹിന്ദി മേഖലയിലെ സീറ്റുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ നേട്ടം പങ്കുവയ്ക്കാനാകുമെന്ന പ്രലോഭനത്തില്‍ സമാജ് വാദി പാര്‍ട്ടിയടക്കമുള്ള ചില പ്രാദേശിക രാഷ് ട്രീയ കക്ഷികള്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്തില്ലെങ്കില്‍ തന്നെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. സ്ത്രീ സംവരണ ബില്ലിനെ അട്ടിമറിച്ചു എന്ന അപഖ്യാതി ഭയന്ന് ചിലരെങ്കിലും പിന്മാറുമെന്നും അവര്‍ പ്രതീക്ഷിച്ചു.
എന്നാല്‍, ഈ മാസം ആരംഭിച്ച ജനഗണനയുടെ ഭാഗമായി, ജാതി സെന്‍സസ് ഡേറ്റയെ ആധാരമാക്കി പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും മുസ്ലിംങ്ങള്‍ക്കും ലഭിക്കേണ്ട സാമൂഹിക നീതിയും സംവരണ വിഹിതവും അട്ടിമറിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ജനസംഖ്യയിലുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഭൂപടത്തിന്റെ അതിരുകള്‍ മാറ്റിവരയ്ക്കുന്നതിനെയാണ് മണ്ഡല പുനര്‍നിര്‍ണയം (ഡിലിമിറ്റേഷന്‍) എന്നു വിളിക്കുന്നത്.
ജനസംഖ്യാ കണക്കെടുപ്പ് കഴിയുമ്പോള്‍ ഓരോ ജനാധിപത്യ രാജ്യത്തും ഭരണഘടനാപരമായി നടക്കേണ്ട നടപടിക്രമമാണിത്. 2027-ലെ സെന്‍സസ് പൂര്‍ത്തിയായതിനുശേഷം നടക്കുന്ന മണ്ഡല പുനര്‍നിര്‍ണയം രാഷ് ട്രീയ അധികാര നിര്‍ണയത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. 1931-നു ശേഷം രാജ്യത്ത് ആദ്യമായി ജാതി സെന്‍സസ് ഇതോടൊപ്പം നടക്കുന്നുണ്ട്. സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം അരനൂറ്റാണ്ടായി മരവിപ്പിച്ചിരിക്കയായിരുന്നു.
1976-നുശേഷം സംസ്ഥാനങ്ങളുടെ ലോക്സഭാ പ്രാതിനിധ്യത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല; 1971-ലെ സെന്‍സസ് ഡേറ്റയുടെ അടിസ്ഥാനത്തില്‍ അതു മരവിപ്പിക്കപ്പെട്ടതാണ്. 2027 സെന്‍സസിനെ ആധാരമാക്കി അടുത്ത ഡിലിമിറ്റേഷന്‍ കമ്മിഷന് സംസ്ഥാനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെ പുനര്‍വിഭജനം നടത്തും, എല്ലാ മണ്ഡലങ്ങളുടെയും അതിരുകള്‍ പുനര്‍നിര്‍ണയിക്കും, സ്ത്രീകള്‍ക്ക് 33% സംവരണ സീറ്റുകള്‍ കണ്ടെത്തും എന്നായിരുന്നു ധാരണ. സെന്‍സസ് ഡേറ്റ 2028-ല്‍ പ്രസിദ്ധീകരിച്ചാലും ഡിലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ 2034-ലെ തിരഞ്ഞെടുപ്പിനു മുന്‍പ് തീരുമെന്ന് ഉറപ്പിച്ചുപറയാനാവില്ല. വനിതാ സംവരണം അത്രയും വൈകാതിരിക്കാനാണ് 15 വര്‍ഷം പഴക്കമുള്ള, 2011-ലെ സെന്‍സസിനെ ആധാരമാക്കി നിയോജകമണ്ഡല സീറ്റുകള്‍ നിര്‍ണയിക്കുന്നതെന്ന് അമിത് ഷാ വിശദീകരിക്കുന്നു.
ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ ആനുപാതിക വിഹിതത്തില്‍ മാറ്റമുണ്ടാകും. ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാവുക കേരളത്തിനും തമിഴ്നാടിനുമാണ്; രാജസ്ഥാന്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവയ്ക്ക് വന്‍ നേട്ടമുണ്ടാകും. ജനസംഖ്യാനിയന്ത്രണത്തിലും ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശക്തീകരണം, വികസന നയം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളില്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
അതേസമയം, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനപെരുപ്പത്തിന്റെ കണക്കില്‍ അവര്‍ക്ക് കൂടുതല്‍ രാഷ് ട്രീയ പ്രാതിനിധ്യം ലഭിക്കുന്നു. ഹിന്ദി മേഖലയിലെ വികസനത്തില്‍ പിന്നാക്കം നില്ക്കുന്ന ജനപെരുപ്പമുള്ള സംസ്ഥാനങ്ങളും രാഷ്ട്രത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന, ജനസംഖ്യാനിയന്ത്രണത്തില്‍ മികവു പുലര്‍ത്തുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ ഘടനകള്‍ക്കും ഗുരുതരമായ പ്രഹരമേല്‍പ്പിക്കുന്നു. ജനസംഖ്യാനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറയുമെന്നതിനാലാണ് ഇന്ദിരാഗാന്ധി ഗവണ്മെന്റും അടല്‍ ബിഹാരി വാജ്പേയിയുടെ ഗവണ്മെന്റും സംസ്ഥാനങ്ങളുടെ ലോക്സഭാ സീറ്റുകളുടെ എണ്ണം മരവിപ്പിച്ചുനിര്ത്തിയത്.
ബിജെപിക്ക് വലിയ സ്വാധീനമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍, ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ രാഷ് ട്രീയ നഷ്ടം സഹിക്കേണ്ടിവരും. 1971 മുതല്‍ 2011 വരെയുള്ള സെന്‍സസുകളുടെ അടിസ്ഥാനത്തില്‍ രാജസ്ഥാനില്‍ 166%, ബിഹാറില്‍ 147%, മധ്യപ്രദേശില്‍ 141%, യുപിയില്‍ 138% എന്നിങ്ങനെയാണ് ജനസംഖ്യാ വളര്‍ച്ച. അമിത് ഷായുടെ കണക്കുകളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വര്‍ധിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്: 58 സീറ്റുകളാണ് അവിടെ വര്‍ധിക്കുന്നത്. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ആകെ വര്‍ധിക്കുന്നത് 66 സീറ്റുകള്‍. ഉത്തരേന്ത്യയിലെ സീറ്റുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് അടുത്ത 15 വര്‍ഷത്തേക്കു മാത്രമല്ല, ദീര്‍ഘകാലത്തേക്ക് ബിജെപിക്ക് തുടര്‍ഭരണം പ്രതീക്ഷിക്കാം.
നിലവില്‍ ലോക്സഭയിലെ 543 സീറ്റുകളില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് 129 സീറ്റാണുള്ളത്: കേരളം 20, തമിഴ്നാട് 39, കര്‍ണാടക 28, തെലങ്കാന 17, ആന്ധ്രപ്രദേശ് 25. ഉത്തര്‍പ്രദേശ് (80), ബിഹാര്‍ (40), രാജസ്ഥാന്(25), മധ്യപ്രദേശ് (25), ഹരിയാന (10), ഗുജറാത്ത് (26) എന്നീ സംസ്ഥാനങ്ങളിലായി 206 ലോക്സഭാ സീറ്റുണ്ട്. ഇതിനൊപ്പം മഹാരാഷ്ട്രയും ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ത്തന്നെ ബിജെപിക്ക് ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷമായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം നിലവിലുള്ളതിനേക്കാള്‍ കുറയുമെന്ന ആശങ്ക ഉയര്‍ന്നപ്പോഴാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിലവിലെ സീറ്റില്‍ 50% വര്‍ധന എന്ന സൂത്രവാക്യം കരട് ബില്ലില്‍ എഴുതിചേര്‍ത്ത് ഫോട്ടോകോപ്പിയെടുക്കാന്‍ ഒരു മണിക്കൂര്‍ സാവകാശം വോട്ടിങ്ങിനു തൊട്ടുമുന്‍പ് ഷാ ആവശ്യപ്പെട്ടത്.
എല്ലാ എംപിമാരുടെയും ഡെസ്ക്കില്‍ തത്സമയം ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ ബില്ലിന്റെ ഡ്രാഫ്റ്റ് വായിക്കാനാകും. അപ്പോള്‍ ഫോട്ടോകോപ്പി വാഗ്ദാനം ആരെ പറ്റിക്കാനാണ്? അമിത് ഷാ നിര്‍ദേശിച്ച 50% സീറ്റ് വര്‍ധന സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലവിലുള്ള അസന്തുലിതാവസ്ഥ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആന്ധ്രപ്രദേശിന് അഞ്ചു സീറ്റും തമിഴ്നാടിന് 11 സീറ്റും നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. തെലുഗു ദേശം പാര്‍ട്ടിയും എഐഎഡിഎംകെയും ബില്ലിനെ അനുകൂലിച്ചത് അമിത്ഷായുടെ വാക്കാലുള്ള 50% ഉറപ്പുകേട്ടിട്ടാണ്. കേരളത്തിന് 8 സീറ്റിന്റെയും, കര്‍ണാടക, തെലങ്കാന, ഗോവ, അരുണാചല്‍പ്രദേശ് എന്നിവയ്ക്ക് രണ്ടു സീറ്റിന്റെയും ദാദ്ര, നാഗര്‍ ഹവേലി, ദമന്‍, ദിയു എന്നിവയ്ക്ക് മൂന്നു സീറ്റിന്റെയും, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പുര്‍, മേഘാലയ, പുതുച്ചേരി, മിസോറം, ചണ്ഡിഗഢ്, സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍, ലഡാക്, ലക്ഷദ്വീപ് എന്നിവയ്ക്ക് ഓരോ സീറ്റിന്റെയും കുറവുണ്ടാകും.
അവതരണാനുമതിക്കുള്ള പ്രമേയം വോട്ടിനിട്ടപ്പോള്തന്നെ സംവരണ-മണ്ഡല പുനര്‍നിര്‍ണയ ബില്‍ പരാജയപ്പെട്ടതാണ്. ബില്‍ അവതരണത്തെ 185 അംഗങ്ങള്‍ എതിര്‍ത്തു. എന്‍ഡിഎയ്ക്ക് 293 അംഗങ്ങളുണ്ടെങ്കിലും അവതരണാനുമതി സമയത്ത് അതില്‍ 251 പേര് മാത്രമേ സഭയിലുണ്ടായിരുന്നുള്ളൂ. ബിജെപിക്കു മുഖം രക്ഷിക്കാനായി ബില്ല് സഭാസമിതിയുടെ പരിശോധനയ്ക്കു വിടാമായിരുന്നു.528 എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ഭരണഘടന 131-ാം ഭേദഗതി ബില്ല് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് പാസാക്കാന്‍ 352 വോട്ടുവേണമായിരുന്നു. 298 അംഗങ്ങള്‍ അനുകൂലിക്കുകയും 230 പേര് എതിര്‍ക്കുകയും ചെയ്തു, 54 വോട്ടിന്റെ കുറവുണ്ടായി. 540 എംപിമാരില്‍ 11 പേര് സന്നിഹിതരായിരുന്നില്ല. 352 വോട്ട് ഭരണകക്ഷിക്കു വേണമായിരുന്നു – 54 വോട്ടിന്റെ കുറവുണ്ടായി.
എന്‍ഡിഎയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നാല് വോട്ടു കൂടി കിട്ടി. പ്രതിപക്ഷത്ത് എട്ടു വോട്ടു കുറവുണ്ടായി – തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 എംപിമാരില്‍ ഏഴു പേര്‍ക്ക് പങ്കെടുക്കാനായില്ല.ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 816 ആയി ഉയര്‍ത്തുന്നത് നിലവിലുള്ള പുരുഷന്മാരുടെ സീറ്റുകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കാനാണെന്ന് അമിത് ഷാ തന്നെ സൂചിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ ജനസംഖ്യയില്‍ 50 ശതമാനത്തോളം വരും, എന്നാല്‍ നിലവില്‍ ലോക്സഭയിലെ 543 സീറ്റുകളില്‍ 90 ശതമാനവും പുരുഷന്മാരുടെ അധീനതയിലാണ്. ഇപ്പോഴത്തെ നിലയില്‍, സ്ത്രീകള്‍ക്കായി 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയാല്‍ 180 പുരുഷന്മാര്ക്ക് സീറ്റ് നഷ്ടപ്പെടും.
അതിനാലാണ് 543 സീറ്റുകള്‍ പുരുഷന്മാര്ക്കായി സംരക്ഷിച്ചുകൊണ്ട് സ്ത്രീകള്‍ക്കായി 273 സീറ്റുകള്‍ അധികം കൊണ്ടുവരാന്‍ ബിജെപി നിശ്ചയിച്ചത്. പാര്‍ലമെന്റില്‍ വനിതകള്‍ക്ക് ഏറ്റവും കുറവ് പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് ബിജെപി. ബിജെപിക്ക് 240 അംഗങ്ങളില്‍ 31 വനിതകളാണുള്ളത് (13 ശതമാനം). അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ 29 ലോക്സഭാ എംപിമാരില്‍ 11 പേര് വനിതകളാണ് (37.9%), രാജ്യസഭയില്‍ 46 ശതമാനവും.പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിയും വനിതാ സംവരണ നിയമത്തെ എതിര്‍ക്കുന്നില്ല. മൂന്നു വര്‍ഷം വൈകിയാണെങ്കിലും മോദി സര്‍ക്കാര്‍ അധിനിയം ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ഏപ്രില്‍ 16ന് ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നിട്ടും കോണ്‍ഗ്രസും ഇന്ത്യ സഖ്യവും നാരീ ശക്തിയെ വന്ദിക്കുന്നില്ല, ബില്ല് തള്ളി ഇന്ത്യന്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ബിജെപി രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങളിലും തിരഞ്ഞെടുപ്പ് റാലികളിലും പഴിക്കുന്നത്.
ലോക്സഭയില്‍ സംവരണ-മണ്ഡല പുനര്‍നിര്‍ണയ ബില്ല് പരാജയപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി മോദി രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ രാഷ് ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും രാഷ് ട്രീയ നേതാക്കളും ഉള്‍പ്പെടെ 714 പേര് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നു. ഗ്യാനേഷ് കുമാര്‍ മോദിക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. വനിതാ സംവരണ നിയമനിര്‍മാണം തടഞ്ഞ കോണ്‍ഗ്രസും ടിഎംസിയും ഡിഎംകെയും ഇന്ത്യ സഖ്യകക്ഷികളും സ്ത്രീവിരുദ്ധരാണെന്ന് അപലപിച്ചുകൊണ്ടുള്ള 30 മിനിറ്റു നീണ്ട രാഷ് ട്രീയ പ്രസംഗത്തില്‍ പ്രധാനമന്ത്രി 58 തവണയാണ് ‘കോണ്‍ഗ്രസ്’ എന്ന മന്ത്രജപം ഉരുവിട്ടത്!———–്

