ലുവാണ്ട: ഏപ്രിൽ മാസം പത്തൊൻപതാം തീയതി, ഞായറാഴ്ച്ച, അംഗോളയിലെ കിലാംബയിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ആയിരുന്നു. അംഗോളൻ തലസ്ഥാനത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പാപ്പായെ, സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികൾ വരവേറ്റത്.
ഒരു പക്ഷെ അഗസ്തീനിയൻ സന്യാസിയായ പാപ്പായ്ക്ക്, സംഗീതത്തിന്റെ പ്രാധാന്യം ഏറെ പരിചയമുണ്ട്. കാരണം, ഒരു തവണ പാടുന്നവർ രണ്ടു തവണ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. അൾജീരിയയും കാമറൂണും സംഗീതപരമായി അല്പം അകൽച്ച പാലിക്കുന്ന ഇടമാണെങ്കിൽ, അംഗോള പോർച്ചുഗീസ്, യൂറോപ്യൻ സംഗീത പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ തനതായ സംഗീത ശൈലി രൂപപ്പെടുത്തിയെടുത്ത ഒരു രാജ്യമാണ്. അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഗ്രഹം വീണ്ടും വീണ്ടും പാപ്പായുടെ വാക്കുകളിൽ മുഴങ്ങികേൾക്കുന്നത്, ഈ രാജ്യങ്ങൾക്കെല്ലാം ശോഭനമായ ഒരു ഭാവി കർത്താവ് കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ്.
മാമാ മുഷിമ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല പ്രാർത്ഥന
ഏപ്രിൽ മാസം പത്തൊൻപതാം തീയതി പാപ്പായുടെ മറ്റൊരു പരിപാടിക്ക് വേദിയായത്, ‘മാമാ മുഷിമ’ തീർത്ഥാടന ദേവാലയമാണ്. അംഗോളയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്. തലസ്ഥാന നഗരമായ ലുവാണ്ടയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിമ്പുണ്ടുവിലെ “ഹൃദയത്തിന്റെ മാതാവ്” എന്നർത്ഥം വരുന്ന മാമാ മുഷിമ ദേവാലയം നൂറ്റാണ്ടുകളായി അംഗോളയിലെ വിശ്വാസികളുടെ അഭയകേന്ദ്രമാണ്. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ തീർത്ഥാടന കേന്ദ്രം, അംഗോളയിലെ ഏറ്റവും വലിയ നദിയായ ക്വാൻസയുടെ (Kwanza) തീരത്തുള്ള ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രപരമായി ഈ സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. ഏകദേശം 300 വർഷത്തോളം, ആഫ്രിക്കയിൽ നിന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് അടിമകളായി അയക്കപ്പെട്ടിരുന്ന മനുഷ്യർ തങ്ങളുടെ നാടിനോട് വിടപറയുന്നതിന് മുൻപ് ഒത്തുചേർന്നിരുന്ന അവസാന കേന്ദ്രമായിരുന്നു ഇത്. 1641-ൽ ഡച്ച് അധിനിവേശക്കാർ ഈ പള്ളി തീയിട്ട് നശിപ്പിച്ചുവെങ്കിലും പിന്നീട് പോർച്ചുഗീസ് ശൈലിയിൽ ഇത് പുനർനിർമ്മിക്കപ്പെട്ടു. കൊളോണിയൽ ഭരണവും നീണ്ട ആഭ്യന്തരയുദ്ധവും ഉൾപ്പെടെയുള്ള രാഷ്ട്രചരിത്രത്തിലെ ദുഷ്കരമായ കാലഘട്ടങ്ങളിൽ ജനതയുടെ ഭക്തി അഭംഗുരം കാത്തുസൂക്ഷിക്കുവാൻ, ജനതയ്ക്ക് മാതൃസഹജമായ വാത്സല്യം പകരുവാൻ ഒരു ഭവനമായി ഈ തീർത്ഥാടനകേന്ദ്രം നിലകൊള്ളുന്നു.
ലുവാണ്ടയിൽ നിന്നും, ഹെലികോപ്റ്റർ മാർഗമാണ് മുഷിമയിലേക്ക് പാപ്പാ യാത്ര തിരിച്ചത്. ഏകദേശം മുപ്പതു മിനിറ്റുകൾ നീണ്ട യാത്രയിൽ 110 കിലോമീറ്ററുകൾ താണ്ടി, മുഷിമോയിൽ എത്തിയ പാപ്പായെ, പ്രാദേശിക ഗവർണർ ഉൾപ്പെടെയുള്ള ഭരണാധികാരികളും, സ്വീകരണകമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വാഗതം ചെയ്തു. തുടർന്ന് തുറന്ന വാഹനത്തിൽ, വിശ്വാസികളെ ആശീർവദിച്ചുകൊണ്ട് , പ്രാർത്ഥനയ്ക്കായി ഒരുക്കപ്പെട്ട ഇടത്തേക്ക് പാപ്പാ കടന്നുചെന്നു.
പ്രാർത്ഥനാത്മകമായ നിശബ്ദത
വിയാന രൂപതാ മെത്രാൻ മോൺസിഞ്ഞോർ എമിലിയോ സുമ്പെലെലോയോടൊപ്പം, തീർത്ഥാടന കേന്ദ്രത്തിന്റെ അങ്കണത്തിലെത്തിയ പാപ്പായെ, തുടർന്ന് തീർത്ഥാടന കേന്ദ്രം റെക്ടർ, വിശുദ്ധ ജലം തളിച്ചും, ക്രൂശിതരൂപം നൽകിയും സ്വീകരിച്ചു, തുടർന്ന് മുഷിമ മാതാവിന്റെ ചെറിയ കപ്പേളയിൽ പ്രവേശിച്ച പാപ്പാ, വിശുദ്ധ കുർബാനയുടെ മുൻപിൽ, മുട്ടുകൾ കുത്തി അല്പസമയം മൗനമായി പ്രാർത്ഥിച്ചു. ഈ സമയം മൗനമായ പ്രാർത്ഥനാന്തരീക്ഷം എങ്ങും നിറഞ്ഞു നിന്നു. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിലും പാപ്പാ പ്രാർത്ഥിച്ചു. തുടർന്ന് ഒരു ബൊക്കെ തിരുസ്വരൂപത്തിനു മുൻപിൽ പാപ്പാ സമർപ്പിക്കുകയും ചെയ്തു.
ശേഷം, ജപമാല പ്രാർത്ഥന ചൊല്ലുന്ന വേദിയിലേക്ക് പാപ്പാ കടന്നു ചെന്നു. ഗോൾഫ് കാർട്ടിൽ ആയിരുന്നു പാപ്പാ വേദിയിലേക്ക് യാത്രയായത്. അവിടെയും വിശ്വാസികൾ തങ്ങളുടെ പിതാവിനെ കാണുവാൻ ഓടിയടുക്കുന്നത് കാണാമായിരുന്നു. പ്രാർത്ഥനയ്ക്ക് മുന്നോടിയായി വിയാന രൂപതയുടെ മെത്രാൻ പാപ്പായെ സ്വാഗതം ചെയ്തു സംസാരിച്ചു. ത്രിത്വ സ്തുതികളോടെയും, ഹ്രസ്വമായ ആമുഖത്തോടെയും തുടർന്ന് ജപമാല പ്രാർത്ഥന ആരംഭിച്ചു. ഏറെ ഭക്തി നിർഭരമായിരുന്ന പ്രാർത്ഥനയിൽ, കൈകളിൽ ജപമാലകൾ ഏന്തി വിശ്വാസികൾ പങ്കുകൊണ്ടത് വിശ്വാസത്തിന്റ വലിയ സാക്ഷ്യമായിരുന്നു. ജപമാലയുടെ ദശകങ്ങൾ വിവിധ ഭാഷകളിൽ നയിച്ചത് ഒരു യുവാവ്, ഒരു കൊച്ചുകുട്ടി, ഒരു കുടുംബം, ഒരു സമർപ്പിത , ഒരു സെമിനാരി വിദ്യാർത്ഥി എന്നിവരായിരുന്നു, ഓരോ രഹസ്യങ്ങൾക്കും ശേഷം പരിശുദ്ധ അമ്മയുടെ തിരു സ്വരൂപത്തിനു മുൻപിൽ ഒരു മെഴുകുതിരി നേർച്ചയായി സമർപ്പിച്ചു. ജപമാല പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ, തന്റെ സന്ദേശം നൽകി
തുടർന്ന് സമാപന പ്രാർത്ഥനയ്ക്ക് ശേഷം അപ്പസ്തോലിക ആശീർവാദവും പാപ്പാ നൽകി. ഏകദേശം മുപ്പത്തിനായിരത്തിനു മുകളിൽ ആളുകൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്തു. തുടർന്ന് മുഷിമയിൽ നിന്നും, പാപ്പാ ഹെലികോപ്റ്റർ മാർഗം, ലുവാണ്ടയിലേക്ക് യാത്ര തിരിക്കുകയും, അപ്പസ്തോലിക നൂൻഷ്യേച്ഛരിലേക്ക് മടങ്ങി, അത്താഴത്തിനു ശേഷം വിശ്രമിച്ചു.
മൂന്നാം ദിനം: സൗറിമോയിൽ
അംഗോള സന്ദർശനത്തിന്റെ മൂന്നാം ദിനമായ ഏപ്രിൽ മാസം ഇരുപതാം തീയതി തിങ്കളാഴ്ച്ച, പാപ്പായുടെ സന്ദർശനത്തിനു വേദിയായത്, സൗറിമോ എന്ന പ്രവിശ്യയാണ്.
ലുവാണ്ടയിൽ നിന്നും 945 കിലോമീറ്ററുകൾ അകലെയാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 1081 മീറ്ററുകൾ ഉയരെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സൗറിമോയിൽ ആദ്യ സന്ദർശനം, പ്രായമായവരെ താമസിപ്പിക്കുന്ന ഒരു ഭവനത്തിലാണ്. അംഗോള സർക്കാരിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ, 60 നും 93 നും പ്രായത്തിനിടയിലുള്ള 62. ആളുകളാണ് നിലവിലുളളത്. എല്ലാവരും കത്തോലിക്കർ അല്ലെങ്കിലും അവർ തമ്മിലുള്ള കൂട്ടായ്മ ഏവർക്കും മാതൃകയാണ്. സമൂഹത്തിൽ തിരസ്കരിക്കപ്പെട്ടവരെന്നു ചിന്തിക്കുന്ന ഈ ആളുകളുടെ ഇടയിലേക്ക്, പരിശുദ്ധ പിതാവിന്റെ സന്ദർശനം, വിലമതിക്കാനാവാത്തതാണ്.
സൗറീമോ വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാപ്പായെ, പ്രാദേശിക ഭരണാധികാരികൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് 11 കിലോമീറ്ററുകൾ അകലെയുള്ള ഈ മന്ദിരത്തിലേക്ക് കാറിൽ പാപ്പാ യാത്രയായി. ഭവനത്തിൽ പാപ്പായെ സ്വീകരിക്കുവാൻ ഏവരും നന്നേ നേരത്തെ തന്നെ തയ്യാറായിരുന്നു. പരമ്പരാഗത വേഷങ്ങളോടെയും, പാട്ടുകളോടെയും പാപ്പായ്ക്ക് വേണ്ടി അവർ കാത്തിരുന്നു. ഭവനാങ്കണത്തിലെത്തിയ പാപ്പായെ, ഡയറക്ടറും, ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള ഒരു പ്രതിനിധിയും ചേർന്ന് സ്വീകരിച്ചു. നൃത്തചുവടുകളാലും, ഗാനങ്ങളാലും പാപ്പായെ അവർ തങ്ങളുടെ ഭവനത്തിലേക്ക് വരവേറ്റു. തുടർന്ന് ഡയറക്ടർ സ്വാഗതം ചെയ്തു സംസാരിക്കുകയും, ഭവനത്തിലെ അന്തേവാസികളിൽ ഒരാൾ തന്റെ സാക്ഷ്യം പങ്കുവയ്ക്കുകയും ചെയ്തു. പരിശുദ്ധ പിതാവിന്റെ സാന്നിധ്യം, ദൈവാനുഗ്രഹം പകരുന്നതാണെന്നും, കർത്താവിന്റെ ദൂതനെ കാണുന്നതുപോലെയാണ് ഞങ്ങൾ ഇപ്പോൾ ആയിരിക്കുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ തങ്ങൾക്ക് പകരുന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടുകൾക്കും സാക്ഷ്യങ്ങൾക്കും ശേഷം പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.
തുടർന്ന് പ്രാർത്ഥനകൾ ചൊല്ലി, പാപ്പാ തന്റെ അപ്പസ്തോലിക ആശീർവാദം നൽകി.
സമ്മേളനത്തിന്റെ അവസാനം, പാപ്പാ, ഉണ്ണിയേശുവിനെയും കൈകളിൽ ഏന്തി നിൽക്കുന്ന വിശുദ്ധ യൗസേപ്പിന്റെ ഒരു തിരുസ്വരൂപം, ഭവനത്തിനു സമ്മാനമായി നൽകി. അന്തേവാസികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. അവരുടെ സന്തോഷത്തിന്റെ പ്രകടനമായി നൃത്തച്ചുവടുകളുമായി പാപ്പായുടെ അരികിൽ എത്തി, പാപ്പായുടെ കരങ്ങൾ ചേർത്ത് വച്ചും നൃത്തമാടിയത് ഏറെ ഹൃദ്യമായിരുന്നു. അവസാനം ഗാനം ആലപിച്ചുകൊണ്ട്, കൂടിക്കാഴ്ച പൂർത്തിയായി.
ശേഷം പാപ്പാ, വിശുദ്ധ ബലിയർപ്പിക്കുന്നതിനായി, സൗറിമോയിൽ തയ്യാറാക്കിയിരുന്നു ഇടത്തേക്ക് യാത്രയായി. കടന്നു പോകുന്ന വഴിയിലുള്ള, സ്വർഗ്ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലിൽ പാപ്പാ, ഇറങ്ങുകയും അല്പസമയം, വിശുദ്ധ കുർബാനയ്ക്ക് മുൻപിൽ പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്തു. സൗറിമോ അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമാണിത്. 1975 ൽ പോൾ ആറാമൻ പാപ്പായാണ് ഈ രൂപത സ്ഥാപിച്ചത്, തുടർന്ന് 2011 ൽ അതിരൂപതയാക്കി ഉയർത്തി.
വഴിയരികിൽ കാത്തുനിന്ന വിശ്വാസികളെ ആശീർവദിച്ചും, അഭിവാദ്യമർപ്പിച്ചും പാപ്പാ, വിശുദ്ധ കുർബാനയ്ക്കായി കടന്നു ചെന്നു.ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലിയോ പതിനാലാമൻ പാപ്പായുടെ ആഫ്രിക്കൻ സന്ദർശനം തുടങ്ങിയത് മുതൽ, തെറ്റിപോകുന്ന ഒരു പ്രവചനം, ഓരോ കർമ്മങ്ങളിലും പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തിലാണ്. ഒരു ആഘോഷത്തിനുമപ്പുറം, സഭയോടുള്ള അവരുടെ വിശ്വസ്തതയുടെയും, സ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ വികാരിയോടുള്ള അടുപ്പവുമാണ്, കിലൊമീറ്ററുകൾ താണ്ടി, ഈ സ്ഥലങ്ങളിലെല്ലാം തങ്ങളുടെ സാന്നിധ്യം അവർ ഉറപ്പുവരുത്തുന്നത്.
ഏപ്രിൽ മാസം പത്തൊൻപതാം തീയതി, ഞായറാഴ്ച്ച, അംഗോളയിലെ കിലാംബയിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ആയിരുന്നു. അംഗോളൻ തലസ്ഥാനത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പാപ്പായെ, സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികൾ വരവേറ്റത്. ഒരു പക്ഷെ അഗസ്തീനിയൻ സന്യാസിയായ പാപ്പായ്ക്ക്, സംഗീതത്തിന്റെ പ്രാധാന്യം ഏറെ പരിചയമുണ്ട്. കാരണം, ഒരു തവണ പാടുന്നവർ രണ്ടു തവണ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. അൾജീരിയയും കാമറൂണും സംഗീതപരമായി അല്പം അകൽച്ച പാലിക്കുന്ന ഇടമാണെങ്കിൽ, അംഗോള പോർച്ചുഗീസ്, യൂറോപ്യൻ സംഗീത പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ തനതായ സംഗീത ശൈലി രൂപപ്പെടുത്തിയെടുത്ത ഒരു രാജ്യമാണ്. അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഗ്രഹം വീണ്ടും വീണ്ടും പാപ്പായുടെ വാക്കുകളിൽ മുഴങ്ങികേൾക്കുന്നത്, ഈ രാജ്യങ്ങൾക്കെല്ലാം ശോഭനമായ ഒരു ഭാവി കർത്താവ് കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ്.
