വത്തിക്കാൻ സിറ്റി: സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതലും സ്നേഹവും വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ. പാപ്പയുടെ വേനൽക്കാല വസതിയായ കാസൽ ഗന്ധോൽഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ ജൂലൈ 11 ശനിയാഴ്ച, റോം രൂപതയിലെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇരുനൂറോളം ആളുകൾക്കായി പരിശുദ്ധ പിതാവ് ഉച്ചഭക്ഷണ വിരുന്ന് ഒരുക്കുകയും അവർക്കൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്യും.
പാവപ്പെട്ടവരോടൊപ്പം ഭക്ഷണം പങ്കിടുന്ന ഈ പരിപാടി സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹികമായി ഒറ്റപ്പെടുന്നവർക്കൊപ്പം സമയം ചെലവഴിച്ച് അവരുടെ ജീവിതത്തിൽ പ്രത്യാശയും ആത്മവിശ്വാസവും പകരുകയെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
2025 ഓഗസ്റ്റ് 17-ന് അൽബാനോ രൂപതയിലെ നിർധനർക്കായി ലിയോ പതിനാലാമൻ പാപ്പാ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഈ സംരംഭം വാർഷിക പരിപാടിയായി മാറ്റിയത്. ‘സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ലൗദാത്തോസി’ യുടെ നേതൃത്വത്തിൽ എല്ലാ വർഷവും വിവിധ രൂപതകളിൽ നിന്നുള്ള നിർധനരെ പങ്കെടുപ്പിച്ചാണ് ഈ സംഗമം സംഘടിപ്പിക്കുക.
പ്രകൃതിസൗന്ദര്യം നിറഞ്ഞ കാസൽ ഗന്ധോൽഫോയിൽ പരിശുദ്ധ പിതാവിനൊപ്പം സമയം ചെലവഴിക്കാനും, സഭയുടെ സ്നേഹവും കരുതലും നേരിട്ട് അനുഭവിക്കാനും ഈ പരിപാടിയിലൂടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സഹോദരങ്ങൾക്ക് അവസരം ലഭിക്കും.
