തൃശൂർ: പാപ്പയുടെ ഔദ്യോഗിക മൈറ്റർ (ബിഷപ്പുമാർ ധരിക്കുന്ന ശിരോവസ്ത്രം) നിർമാണത്തിൽ മലയാളി വൈദികന്റെ സാന്നിധ്യം ശ്രദ്ധേയമായി. തൃശൂർ കോലഴി സെന്റ് ബെനഡിക്ട് ഇടവകാംഗവും സി.പി.ഐ. തൃശൂർ ദേവമാതാ പ്രോവിൻസിലെ അംഗവുമായ ഫാ. ഡിലോ സുവ്രത്താണ് പാപ്പയ്ക്കായി തയ്യാറാക്കിയ പുതിയ മൈറ്ററിന്റെ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിയായത്.
ഇറ്റലിയിലെ മിലാനിലുള്ള പ്രശസ്തമായ മതകലാ പരിശീലന കേന്ദ്രത്തിൽ റിലിജിയസ് ആർട്സ് പഠിക്കുന്ന ഫാ. ഡിലോയ്ക്ക് ലോകമെമ്പാടുമുള്ള ദേവാലയങ്ങൾക്കായി ആരാധനോപകരണങ്ങളും വിശുദ്ധ വസ്ത്രങ്ങളും നിർമ്മിക്കുന്ന സ്ഥാപനത്തിലൂടെയാണ് ഈ അപൂർവ അവസരം ലഭിച്ചത്.
സൂക്ഷ്മമായ കൈപ്പണികളിലൂടെ ദിവസങ്ങളുടെ അധ്വാനത്തിനൊടുവിലാണ് മൈറ്റർ പൂർത്തിയാക്കിയത്. ആഫ്രിക്കൻ, ഇറ്റാലിയൻ ശൈലികളുടെ സമന്വയത്തിൽ രൂപകൽപ്പന ചെയ്ത ഈ മൈറ്റർ ജൂലൈ 24-ന് നടക്കുന്ന പ്രത്യേക ജൂബിലി ആഘോഷങ്ങൾക്കായി തയ്യാറാക്കിയതാണെന്ന് ഫാ. ഡിലോ അറിയിച്ചു.
വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യബലിക്കിടെയാണ് പാപ്പ ആദ്യമായി ഈ മൈറ്റർ ധരിച്ചത്. മലയാളി വൈദികന്റെ കരവിരുത് പാപ്പയുടെ ഔദ്യോഗിക ശിരോവസ്ത്രത്തിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് കോലഴിയിലെയും സഭാസമൂഹവും.

