വത്തിക്കാൻ സിറ്റി: കുടുംബജീവിതത്തെക്കുറിച്ചുള്ള അമോറിസ് ലെത്തീത്സ്യയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിനായുള്ള ഔദ്യോഗിക മാർഗരേഖ പ്രസിദ്ധീകരിച്ചു.
അൽമായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള ഡിക്കാസ്റ്ററിയും സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റും സംയുക്തമായാണ് രേഖ തയ്യാറാക്കിയത്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാർക്കും വിവിധ മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്കും സമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാർഗരേഖ കൈമാറിയിട്ടുണ്ട്.
കുടുംബശുശ്രൂഷയുടെ ഇന്നത്തെ വെല്ലുവിളികളും സഭയുടെ ദൗത്യവും കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കുടുംബങ്ങളെ അനുഗമിക്കുന്നതിലും വിശ്വാസജീവിതത്തിൽ കൂടുതൽ സജീവമായി പങ്കാളികളാക്കുന്നതിലും പ്രാദേശിക സഭകൾക്ക് സഹായകമാകുന്ന നിർദേശങ്ങളാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 27-ന് നടന്ന അസാധാരണ കോൺസിസ്റ്ററിയിൽ ലെയോ പതിനാലാമൻ പാപ്പ കുടുംബത്തിന്റെ നിർണായക പങ്ക് വീണ്ടും എടുത്തുപറഞ്ഞിരുന്നു. കുടുംബങ്ങൾക്ക് കരുത്തേകുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ പ്രത്യാശയും ഐക്യദാർഢ്യവും വളരുന്ന സമൂഹമാണ് രൂപപ്പെടുന്നതെന്നും, കുടുംബങ്ങൾ തകരുമ്പോൾ അതിന്റെ പ്രത്യാഘാതം സമൂഹം മുഴുവൻ അനുഭവിക്കേണ്ടിവരുമെന്നും പാപ്പ ഓർമ്മിപ്പിച്ചിരുന്നു.
