മ്യാൻമർ: ആഭ്യന്തര യുദ്ധവും കടുത്ത മാനുഷിക പ്രതിസന്ധിയും തുടരുന്ന മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ കലൈ രൂപതയിൽ വിശുദ്ധ പാട്രിക്കിന്റെ നാമധേയത്തിൽ പുതിയ ഇടവക സ്ഥാപിച്ചത് വിശ്വാസ സമൂഹത്തിന് വലിയ പ്രത്യാശയുടെ സന്ദേശമായി. 2021-ലെ സൈനിക അട്ടിമറിക്കുശേഷം ഏറ്റവുമധികം സംഘർഷം നേരിടുന്ന സാഗൈങ്, ചിൻ സംസ്ഥാനങ്ങൾക്കിടയിലുള്ള പ്രദേശത്താണ് പുതിയ ദേവാലയം ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ടത്.
പുതിയ ഇടവകയുടെ സ്ഥാപനം ദൈവത്തിന്റെ അനുഗ്രഹവും രൂപതയുടെ വളർച്ചയുടെ പുതിയ അധ്യായവുമാണെന്ന് രൂപതാധ്യക്ഷൻ മോൺസിഞ്ഞോർ ഫെലിക്സ് ലിയാൻ ഖേൻ താംഗ് സന്ദേശത്തിൽ പറഞ്ഞു. ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന 210 കത്തോലിക്കാ കുടുംബങ്ങൾക്ക് ഇനി കൂദാശകളും വിശുദ്ധ കുർബാനയും കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്നതും പുതിയ ഇടവകയുടെ പ്രധാന ലക്ഷ്യമാണ്.
രൂപതാധ്യക്ഷന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പന്ത്രണ്ടോളം വൈദികരും 600-ലധികം വിശ്വാസികളും പങ്കെടുത്തു. പരമ്പരാഗത ചിൻ വേഷങ്ങൾ ധരിച്ച വിശ്വാസികൾ ഗാനങ്ങളും നൃത്തങ്ങളും അർപ്പിച്ച് മെത്രാനെ സ്വീകരിച്ചു. ഫാ. സിൽവസ്റ്റർ പൗ വാൻ സാങ് പുതിയ ഇടവകയുടെ പ്രഥമ വികാരിയായി ചുമതലയേറ്റു. ചടങ്ങിനിടെ 60 കുട്ടികൾക്ക് സ്ഥൈര്യലേപന കൂദാശയും നൽകി.
യുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിലും വിശ്വാസവും സഭാജീവിതവും ശക്തിപ്പെടുത്താനുള്ള കലൈ രൂപതയുടെ ഈ പുതിയ സംരംഭം, പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന് ആത്മീയോജ്വലതയും പ്രത്യാശയും പകരുന്നതായി വിലയിരുത്തപ്പെടുന്നു.
