വത്തിക്കാന്: ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.
കാമറൂണിലെ ഔദ്യോഗികസ്വീകരണവും ആദ്യകൂടിക്കാഴ്ചകളുംവിമാനത്താവളത്തിലെത്തിയ പാപ്പായ്ക്ക് നൂൺഷ്യോ ആർച്ച്ബിഷപ് ഹൊസെ അവേലിനോ ബെത്തെൻകൂർ, കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൺ ങ്കൂത്തെ തുടങ്ങിവർ ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. നാല്പത്തിനാല് വർഷങ്ങളായി രാജ്യം ഭരിക്കുന്ന പ്രസിഡഡന്റ് പോൾ ബിയയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പരിശുദ്ധ പിതാവ് പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, രാജ്യത്തെ രാഷ്ട്രീയ, സാമൂഹികനേതൃത്വങ്ങളും നയതന്ത്ര വിഭാഗങ്ങളും ഉൾക്കൊള്ളുന്ന സമൂഹവുമായുള്ള ഔദ്യോഗികകൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
യൗന്തേയിൽ പരിശുദ്ധ പിതാവ് നടത്തിയ അടുത്ത ഔദ്യോഗിക സന്ദർശനം നഗരത്തിൽത്തന്നെയുളള “ങ്കുൾ സാമ്പ” അനാഥാലയത്തിലേക്കുള്ളതായിരുന്നു. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, ദുർനടപടികളുടെ പേരിൽ ശിക്ഷിക്കപ്പെട്ട കുട്ടികൾ, ശാരീരികബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾ തുടങ്ങിയ കുട്ടികളാണ്, “മറിയത്തിന്റെ പുത്രിമാർ” എന്ന പേരിലുള്ള സന്ന്യാസിനികൾ നടത്തുന്ന ഈ ഭവനത്തിലുള്ളത്. ഏറെ ഹൃദ്യമായ ഈ സമ്മേളനത്തിന് ശേഷം കാമറൂൺ മെത്രാൻസമിതി മന്ദിരത്തിൽ എത്തിയ പാപ്പാ രാജ്യത്തെ മെത്രാന്മാരുമായും കൂടിക്കാഴ്ച നടത്തി.
വൈകുന്നേരം ഏഴരയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിലെത്തിയ പാപ്പാ അത്താഴം കഴിച്ച ശേഷം വിശ്രമിച്ചു. അപ്പസ്തോലികയാത്രയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള ചടങ്ങുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാൻ ന്യൂസും വത്തിക്കാൻ റേഡിയോയും റിപ്പോർട്ട് ചെയ്തത്.ബമെന്തയിലേക്കുള്ള യാത്രഏപ്രിൽ പതിനാറാം തീയതി കാമറൂണിൽ പരിശുദ്ധ പിതാവിന്റെ ഔദ്യോഗികചടങ്ങുകളിലെ ഒന്ന് ബമെന്തയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ നടന്ന സമാധാനസമ്മേളനമായിരുന്നു. ഇതിനായി, രാവിലെ ഒൻപത് മണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് മുപ്പത്തിരണ്ട് കിലോമീറ്ററുകളോളം അകലെയുള്ള യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പരിശുദ്ധ പിതാവ് കാറിൽ യാത്രയായി.
അവിടെയെത്തിയ പാപ്പാ, അൻപത്തിയഞ്ച് മിനിറ്റുകൾ കൊണ്ട് 305 കിലോമീറ്ററുകൾ താണ്ടി പത്ത് നാൽപ്പതിന് യൗന്തേയുടെ വടക്കുള്ള ബമെന്തയിലെ വിമാനത്താവളത്തിലെത്തി. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷവിഭാഗവും മറ്റു സമൂഹങ്ങളും തമ്മിൽ 2016-ൽ ആരംഭിച്ച പ്രക്ഷോഭങ്ങളുടെയും രൂക്ഷമായ സംഘർഷങ്ങളുടെയും പേരിൽ കുപ്രസിദ്ധി നേടിയ ഇടം കൂടിയാണ് ബമെന്ത. വിമാനത്താവളത്തിലെത്തിയ പാപ്പാ അവിടെനിന്ന് പതിമൂന്ന് കിലോമീറ്ററുകൾ അകലെയുള്ള കത്തീഡ്രലിലേക്ക് കാറിൽ യാത്രയായി.
വിശുദ്ധ യൗസേപ്പിന്റെ പേരിലുള്ള കത്തീഡ്രലും സമാധാനസമ്മേളനവും1970 ഓഗസ്റ്റ് 1-ന് വിശുദ്ധ പോൾ ആറാമൻ പാപ്പായാൽ സ്ഥാപിതമായ ബമെന്ത അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ വിശുദ്ധ യസേപ്പിതാവിന്റെ നാമത്തിലുള്ള ദേവാലയത്തിൽ രാവിലെ പതിനൊന്നരയോടെ എത്തിയ പാപ്പായെ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ആൻഡ്രൂ ങ്കെയാ ഫൗന്യ സ്വീകരിച്ചു. കത്തീഡ്രലിന് പുറത്തുള്ള ദിവ്യകാരുണ്യ ചാപ്പലിൽ അൽപസമയം പ്രാർത്ഥിച്ചതിനുശേഷം ഏവരും കത്തീഡ്രൽ ദേവാലയത്തിന്റെ പ്രധാനവാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചു.
അതിരൂപതാദ്ധ്യക്ഷന്റെ സ്വാഗതം, മങ്കോൺ പരമ്പരാഗതനേതാവായ ഫൊൺ അങ്വാഫൊർ മൂന്നാമൻ, പ്രെസ്ബിറ്റീരിയൻ സഭയുടെ മുൻ മോഡറേറ്റർ ഫൊങ്കി സാമുവേൽ ഫോർബേ, ബുവേയയിലെ പ്രധാന മോസ്കിന്റെ ഇമാം മുഹമ്മദ് അബുബക്കർ, സെന്റ് ആൻ സന്ന്യാസിനീസമൂഹത്തിലെ സി. കരീൻ തങ്കീരി മങ്കു, കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തെ പ്രതിനിധീകരിച്ച് ഡെനീ സാലോ തുടങ്ങിയവരുടെ സാക്ഷ്യങ്ങളും അതിനിടയിൽ ഗാനാലാപനങ്ങളുമുണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിനും സമാപനഗാനാലാപനത്തിനും ശേഷം ഏവരും കത്തീഡ്രലിന്റെ പ്രധാനവാതിൽക്കലെത്തുകയും, സമാധാനസൂചകമായി ഏഴ് പ്രാവുകളെ പറത്തുകയും ചെയ്തു. തുടർന്ന് പന്ത്രണ്ടരയോടെ കാറിൽ തൊട്ടടുത്തുള്ള അതിരൂപതാമന്ദിരത്തിലെത്തിയ പാപ്പാ ഉച്ചഭക്ഷണം കഴിച്ച ശേഷം വിശ്രമിച്ചു.ബമെന്ത വിമാനത്താവളത്തിലെ ദിവ്യബലിയർപ്പണംബമെന്ത അതിരൂപതാഭവനത്തിലായിരുന്ന പരിശുദ്ധ പിതാവ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഏതാണ്ട് പതിമൂന്ന് കിലോമീറ്ററുകൾ കാറിൽ സഞ്ചരിച്ച് ബമെന്തായിലേതുൾപ്പെടെയുള്ള കത്തോലിക്കാവിശ്വാസിസമൂഹത്തിനൊപ്പം വിശുദ്ധബലിയർപ്പിക്കാനായി ബമെന്ത വിമാനത്താവളത്തിലെത്തി. കുറച്ചുസമയം വിശ്വാസികൾക്കിടയിലൂടെ തുറന്ന കാറിൽ സഞ്ചരിച്ച പാപ്പാ, വൈകുന്നേരം മൂന്നുമണിയോടെ സങ്കീർത്തിയിലെത്തുകയും, തുടർന്ന് മൂന്നേകാലോടെ വിമാനത്താവളത്തിൽ ഒരുക്കിയിരുന്ന അൾത്താരയിൽ വിശുദ്ധബലിയർപ്പിക്കുകയും ചെയ്തു.
സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പ്രാർത്ഥന കൂടിയായിരുന്ന ഏറെ ആഘോഷപൂർവ്വമായ ഈ ബലിയർപ്പണത്തിൽ ഏതാണ്ട് ഇരുപതിനായിരത്തോളം വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു. വിശുദ്ധബലി മദ്ധ്യേ പരിശുദ്ധ പിതാവ് തന്റെ സന്ദേശം നൽകി.പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിനും വിശുദ്ധ ബലിയർപ്പണത്തിനും ശേഷം അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ആൻഡ്രൂ ങ്കെയാ ഫൗന്യ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.
തിരികെ യൗന്തേയിലേക്ക്ബമെന്തയിലെ വിശുദ്ധ ബലിയർപ്പണത്തിന് ശേഷം വൈകുന്നേരം അഞ്ചരയോടെ യൗന്തേയിലേക്ക് വിമാനത്തിൽ യാത്ര ചെയ്ത പാപ്പാ, വൈകുന്നേരം ആറരയോടെ വിമാനത്താവളത്തിലെത്തുകയും തുടർന്ന് കാറിൽ അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് തിരികെയെത്തുകയും ചെയ്തു. ഏതാണ്ട് ഏഴേകാലോടെ അവിടെത്തിയ പാപ്പാ ഏഴരയോടെ കാമറൂണിലെ ഏതാനും ഇസ്ലാമികസമൂഹങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇവരിൽ ചിലർ കഴിഞ്ഞ ഡിസംബറിൽ വത്തിക്കാനിലെത്തിയിരുന്നു.
ഏറെ സംഘർഷങ്ങൾ നിലനിൽക്കുന്ന കാമറൂണിൽ, ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും തമ്മിലുള്ള സമാധാനപൂർണ്ണമായ സഹവാസത്തിനായി ശ്രമിച്ചുകൊണ്ട് സഹോദര്യപൂർവ്വവും പരസ്പരബഹുമാനത്തോടെയും ജീവിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. നിസംഗതയിലൂടെ നേടാമെന്ന് കരുതുന്നതോ, വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതോ ആയ സമാധാനമല്ല, മറ്റുളളവരെ സഹോദരീസഹോദരന്മാരായി തിരിച്ചറിയുകയും, മറ്റുള്ളവരുടെ അന്തസ്സ് മാനിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുന്നതിലൂടെ നേടുന്ന സമാധാനമാണ് നമുക്ക് വേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു. പിന്നീട് അത്താഴം കഴിച്ചശേഷം പാപ്പാ വിശ്രമിച്ചു.
ബുധനാഴ്ച രാജ്യത്തെ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലും, ഐക്യത്തിന്റെ മൂല്യവും പ്രാധാന്യവും എടുത്തുപറഞ്ഞ പാപ്പാ, ആധികാരികമായ ക്രൈസ്തവ സാക്ഷ്യത്തിന്റെ ആവശ്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചിരുന്നു.പരിശുദ്ധ പിതാവ് ദൂവാലയിലേക്ക്ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ പരിശുദ്ധ പിതാവിനെ കാത്തിരുന്നത്, കത്തോലിക്കാവിശ്വാസികൾക്കൊപ്പമുള്ള മറ്റൊരു കൂടിക്കാഴ്ച്ചയും വിശുദ്ധ ബലിയർപ്പണവുമായിരുന്നു. ഇതിനായി രാവിലെ എട്ടുമണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്ര ചെയ്ത പാപ്പാ, അവിടെനിന്ന് 260 കിലോമീറ്ററുകളോളം അകലെ, യൗന്തേയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള ദൂവാല അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്രയായി. രാവിലെ പത്തുമണിയോടെ ദൂവാലയിലെത്തിയ പാപ്പായ്ക്ക് പ്രാദേശിക ഭരണനേതൃത്വം സ്വാഗതമേകി.
തുടർന്ന് പതിനാല് കിലോമീറ്ററുകളോളം അകലെയുള്ള ജപോമ സ്റ്റേഡിയത്തിൽ വിശുദ്ധബലിയർപ്പണത്തിനായി പരിശുദ്ധ പിതാവ് കാറിൽ യാത്രയായി.ജപോമ സ്റ്റേഡിയത്തിലെ വിശുദ്ധ ബലിയർപ്പണംചെറിയൊരു കുന്നിൻമുകളിൽ പണിചെയ്യപ്പെട്ട ജപോമ സ്റ്റേഡിയം, ഒരു സ്പോർട്സ് കെട്ടിടവും, ഒരു നീന്തൽക്കുളവും, ചെറിയ രണ്ട് ഫുടബോൾ മൈതാനവും, ആറ് ടെന്നീസ് കളിക്കളവുമൊക്കെ ഉൾപ്പെടുന്ന വലിയൊരു സമുച്ചയമാണ്.
രാവിലെ പത്തരയോടെ സ്റ്റേഡിയത്തിലെത്തിയ പാപ്പാ, ആളുകൾക്കിടയിലൂടെ തുറന്ന കാറിൽ സഞ്ചരിച്ചു. പിന്നീട് പത്തേമുക്കാലോടെ പരിശുദ്ധ പിതാവ് സങ്കീർത്തിയിലെത്തി. ഏതാണ്ട് ഒന്നേകാൽ ആളുകളാണ് പരിശുദ്ധപിതാവിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ, യേശു അഞ്ചപ്പവും രണ്ടു മീനും അയ്യായിരത്തോളം പുരുഷന്മാർ ഉൾപ്പെടുന്ന വലിയ ജനസമൂഹത്തിനായി നൽകുന്ന സംഭവത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് തന്റെ സന്ദേശം നൽകി.
വിശുദ്ധ ബലിയർപ്പണത്തിന്റെ അവസാനം, ദൂവാല അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് സാമുവേൽ ക്ലേദ പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിനും വിശുദ്ധബലിയർപ്പണത്തിനും സന്ദേശത്തിനും നന്ദി പറഞ്ഞ് സംസാരിച്ചു. വിശുദ്ധബലിയർപ്പണത്തിന് ശേഷം, ഉച്ചയ്ക്ക് മൂന്നുമണിയോടെ, ഏതാണ്ട് പതിനൊന്നര കിലോമീറ്ററുകൾ അകലെയുള്ള സെന്റ് പോൾ കത്തോലിക്കാ ആശുപത്രിയിൽ ഒരു സ്വകാര്യകൂടിക്കാഴ്ചയ്ക്കായി പരിശുദ്ധ പിതാവ് യാത്രയായി. ഇതും വായിക്കുകനീതിയും പൊതുനന്മയും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കാമറൂൺ നേതൃത്വത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ.
