ആർ സി ബിയുടെ വിക്ടറി പരേഡിനിടെ ഉണ്ടായ അപകടം
ബെംഗളൂരു: ആർ സി ബിയുടെ വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ ദാരുണമായി മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെയെ അറസ്റ്റുചെയ്തു . ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൻ്റെ പേരിലെടുത്ത കേസിലാണ് അറസ്റ്റ് . ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ് നെറ്റ്വർക്ക്സുമായി ചേർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു.
ഇതുവരെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.കേസിൽ പ്രതിചേർക്കപ്പെട്ട ഇവന്റ് മാനേജ്മെന്റ് പ്രതിനിധികളും അറസ്റ്റിലായതായാണ് റിപ്പോർട്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലെന്നും റിപ്പോർട്ടുണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെൻഡ് ചെയ്തിരുന്നു.
കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് മാസ്റ്റർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസിപി, സെൻട്രൽ ഡിവിഷൻ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇൻ-ചാർജ്, അഡീഷണൽ പോലീസ് കമ്മീഷണർ, പോലീസ് കമ്മീഷണർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

