ഇംഫാൽ: മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേൻ സിങ് രാജിക്കത്ത് നൽകിയത്.
കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് ബിരേൻ സിങിന്റെ രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. നേരത്തേ കോൺറാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.