കൊച്ചി: മുനമ്പം ഭൂമി തർക്കം പഠിക്കാൻ വേണ്ടി നിയോഗിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തത്ക്കാലത്തേക്ക് നിർത്തിവച്ചു. കമ്മിഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം തുടർനടപടികൾ ആരംഭിക്കുക എന്ന് മുനമ്പം കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കമ്മിഷന്റെ പ്രവർത്തനം നിയമ പ്രകാരം ആണ്. എൻക്വയറി ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കേന്ദ്ര സർക്കാരിന് അധികാരമുളള വിഷയത്തിൽ എങ്ങനെയാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുന്നതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.
ഇത് ഒരു ജുഡീഷ്യൽ കമ്മീഷനോ, അർധ ജുഡീഷ്യൽ കമ്മീഷനോ അല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുനമ്പം ഭൂമി സംരക്ഷിക്കാൻ വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നത് പഠിക്കാൻ നിയോഗിച്ച കമ്മീഷനാണിതെന്നായിരുന്നു സർക്കാർ നിലപാട്.