വിശുദ്ധ ഫ്രാന്‍സിസ് ഡി സെയില്‍സിന്റെ തിരുനാള്‍ ദിനത്തില്‍ റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച ലോക സമൂഹമാധ്യമ ദിന സന്ദേശം, 2025-ലെ പ്രതായശയുടെ ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരും കമ്യൂണിക്കേറ്റര്‍മാരും മാനവികതയുടെ മുറിവുകള്‍ ഉണക്കാനായി പ്രത്യാശയുടെ സംവാദകരാകണമെന്ന് ആഹ്വാനം ചെയ്യുന്നു. സന്ദേശത്തിന്റെ പൂര്‍ണരൂപം:
ഏതാനും അധികാരകേന്ദ്രങ്ങള്‍ മുന്‍പെങ്ങും ഇല്ലാത്തവണ്ണം അതിബഹുലമായ ഡേറ്റയും വിവരങ്ങളും നിയന്ത്രിക്കുന്ന, കള്ളപ്രചാരണത്തിന്റെയും ധ്രുവീകരണത്തിന്റെയും സവിശേഷതയാര്‍ന്ന നമ്മുടെ ഈ കാലഘട്ടത്തില്‍, മാധ്യമപ്രവര്‍ത്തകരും കമ്യൂണിക്കേറ്റര്‍മാരും എന്ന നിലയില്‍ നിങ്ങളുടെ പ്രാധാന്യം മറ്റേതൊരുകാലത്തേക്കാളും ഇന്ന് എത്രത്തോളമുണ്ടെന്ന് നന്നായി അറിയാവുന്ന ഒരാളെന്ന നിലയില്‍ നിങ്ങളോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആശയവിനിമയത്തിന്റെ ഹൃദയത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി നിങ്ങളുടെ വ്യക്തിപരമായും സംഘാതമായുമുള്ള ഉത്തരവാദിത്തം ധീരതയോടെ നിറവേറ്റേണ്ടത് തികച്ചും അനിവാര്യമാണ്.
അസ്വാസ്ഥ്യങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ നമ്മള് ഈ വര്‍ഷം ആഘോഷിക്കുന്ന ജൂബിലി കൃപയുടെ ഒരു നിമിഷമായി ധ്യാനിച്ചുകൊണ്ട്, ഈ സന്ദേശത്തിലൂടെ നിങ്ങളെ ‘പ്രത്യാശയുടെ സംവാദകര്‍’ ആകാന്‍ ഞാന്‍ ക്ഷണിക്കുന്നു. സുവിശേഷത്തിന്റെ അരൂപിയില്‍ നിങ്ങളുടെ കര്‍മ്മവും ദൗത്യവും നവീകരിച്ചുകൊണ്ട് ഇതാരംഭിക്കാം.
ആശയവിനിമയത്തിലെ നിരായുധീകരണം
ഇക്കാലത്ത് പലപ്പോഴും ആശയവിനിമയം പ്രത്യാശയല്ല ഉണര്‍ത്തുന്നത്, മറിച്ച് ഭീതിയും നിരാശയും, വിപ്രതിപത്തിയും നീരസവും, തീവ്രവാദവും വിദ്വേഷവുമൊക്കെയാണ്. മിക്കപ്പോഴും യാഥാര്‍ഥ്യത്തെ നമ്മള് വല്ലാതെ ലളിതവത്കരിക്കും, സഹജമായ പ്രതികരണത്തിലൂടെ പ്രകോപനം സൃഷ്ടിക്കാനായി. മൂര്‍ച്ചയേറിയ ബ്ലേഡ് പോലുള്ള വാക്കുകള്‍ ഉപയോഗിക്കും. ചിലപ്പോള്‍ വ്യാജവും കലാപരമായി വക്രീകരിച്ചതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ കുഴപ്പം സൃഷ്ടിക്കാനും പ്രകോപിപ്പിക്കാനും വേദനിപ്പിക്കാനുമായി ആസൂത്രിതമായിത്തന്നെ കൈമാറും.
ആക്രമണോത്സുകതയില്‍ നിന്ന് ശുദ്ധീകരിച്ച് നമ്മുടെ ആശയവിനിമയത്തെ ‘നിരായുധീകരിക്കേണ്ടത്’ ആവശ്യമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. യാഥാര്‍ഥ്യത്തെ മുദ്രാവാക്യങ്ങളിലൊതുക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. ടെലിവിഷന്‍ സംവാദത്തിലായാലും സമൂഹമാധ്യമങ്ങളിലെ വാക്കാലുള്ള ആക്രമണത്തിലായാലും, മാത്സര്യത്തിന്റെയും എതിര്‍പ്പിന്റെയും, കീഴടക്കാനും കൈയടക്കാനുമുള്ള അഭിവാഞ്ഛയുടെയും മാതൃകകള്‍ എങ്ങനെയാണ് നിലനില്ക്കുന്നതെന്നു നാം കാണുന്നുണ്ട്.
ആശങ്കയുണര്‍ത്തുന്ന മറ്റൊരു പ്രതിഭാസമുണ്ട്: ‘പ്രോഗ്രാംഡ് ശ്രദ്ധതിരിക്കല്‍’ എന്നു നമുക്ക് ഇതിനെ വിളിക്കാം. ഡിജിറ്റല്‍ ഉപാധികളിലൂടെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിപണിയുടെ യുക്തിക്ക് അനുസൃതമായി രൂപാന്തരപ്പെടുത്തി നമ്മുടെ ‘പ്രൊഫൈല്‍’ തന്നെ മാറ്റുന്നു. അതിന്റെ ഫലമായി പലപ്പോഴും നമ്മുടെ ചില താല്പര്യങ്ങള് അണുപ്രായമാക്കപ്പെടുന്നതിന് നാം നിസ്സഹായതയോടെ സാക്ഷ്യം വഹിക്കേണ്ടിവരുന്നു: ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ അസ്തിത്വത്തിന്റെ അടിത്തറ ഇളക്കപ്പെടുന്നു, പൊതുനന്മയ്ക്കുവേണ്ടിയുള്ള സദുദ്യമങ്ങളില്‍ പങ്കുചേരാനും പരസ്പരം ശ്രവിക്കാനും അന്യോന്യം മനസിലാക്കാനുമുള്ള നമ്മുടെ കഴിവ് ചോര്‍ത്തപ്പെടുന്നു. സ്വയം ന്യായീകരിക്കുന്നതിന്, ആഞ്ഞടിക്കുന്നതിന് ഒരു ‘ശത്രുവിനെ’ കണ്ടെത്തേണ്ടത് അനിവാര്യമായിവരുന്നു. അപരര്‍ നമ്മുടെ ശത്രുക്കളാകുമ്പോള്‍, നമ്മള് അവരുടെ വ്യക്തിത്വത്തെയും മാന്യതയെയും അവഗണിക്കുകയും അവരെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍, പ്രത്യാശ സൃഷ്ടിക്കാനുള്ള സാധ്യത നമുക്ക് നഷ്ടമാവുകയാണ്. ‘വ്യക്തികളുടെ മുഖങ്ങള്‍ അലിഞ്ഞ് ഇല്ലാതാകുമ്പോഴാണ്’ എല്ലാ സംഘര്‍ഷങ്ങളും ആരംഭിക്കുന്നതെന്ന് ഡോണ്‍ ടൊണീനോ ബെല്ലോ പറയുന്നുണ്ട്. ഇത്തരം മനോഭാവത്തിന് നാം കീഴ്പ്പെടരുത്.
പ്രത്യാശ, വാസ്തവത്തില്‍, അത്ര എളുപ്പമുള്ള സംഗതിയല്ല. ”തങ്ങള്‍ ഒരിക്കല്‍ പ്രത്യാശ എന്നു തെറ്റിദ്ധരിച്ച് സുരക്ഷിതത്വം കണ്ടെത്തിയിരുന്ന നുണകളും മിഥ്യാധാരണകളും തള്ളിപ്പറയാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കു മാത്രമേ പ്രത്യാശ സംലഭ്യമാകൂ… പ്രത്യാശ എന്നത് സാഹസത്തിനു തുനിയുക എന്നതുതന്നെയാണ്. ആപല്ശങ്കകളെ വെല്ലുന്ന അതിസാഹസമാണത്” എന്ന് ജോര്‍ജ് ബെഹ്നാനോസ് എഴുതുന്നുണ്ട്. പ്രത്യാശ മറഞ്ഞിരിക്കുന്ന ഒരു പുണ്യമാണ്, ദൃഢമായി, ക്ഷമയോടെ അതു മുറുകെപ്പിടിച്ചിരിക്കും. ക്രൈസ്തവര്‍ക്ക് വേണമെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഒന്നല്ല അത്, ഒഴിച്ചുകൂടാനാവാത്ത ഉപാധിയാണത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ‘സ്പെ സാല്‍വി’ എന്ന ചാക്രികലേഖനത്തില്‍ കുറിക്കുന്നുണ്ട്: പ്രത്യാശ നിഷ്ക്രിയമായ ശുഭാപ്തിവിശ്വാസമല്ല, അത് നമ്മുടെ ജീവിതം മറ്റാന്തന്നെ ശേഷിയുള്ള ‘പ്രവര്‍ത്തനക്ഷമമായ’ പുണ്യമാണ്: ”പ്രത്യാശയുള്ളവന് വ്യത്യസ്തമായി ജീവിക്കുന്നു; പ്രത്യാശിക്കുന്നവന്‍ പുതിയൊരു ജീവന്റെ ദാനം ലഭിക്കുന്നു.”
നമ്മിലുള്ള പ്രത്യാശ സൗമ്യമായി പ്രകടിപ്പിക്കേണ്ടത്
പ്രത്യാശ ക്രൈസ്തവ സാക്ഷ്യവും കമ്യൂണിക്കേഷനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ മനോഹരമായൊരു സമന്വയം പത്രോസിന്റെ ഒന്നാം ലേഖനത്തില്‍ (3: 15 – 16) നമുക്കു കാണാനാകുന്നു: ”ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ.” ഈ വചനങ്ങളില്‍ നിന്ന് മൂന്ന് സന്ദേശങ്ങള്‍ എടുത്തുകാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
‘നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിനെ കര്‍ത്താവായി വാഴ്ത്തുവിന്‍.” ക്രൈസ്തവരുടെ പ്രത്യാശയ്ക്ക് ഒരു മുഖമുണ്ട്: ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ മുഖം. പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെ എന്നും നമ്മോടൊപ്പമായിരിക്കും എന്ന അവന്റെ വാഗ്ദാനം, ആശയ്ക്കു വഴിയില്ലാത്തപ്പോഴും പ്രതീക്ഷ കൈവിടാതിരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു എന്നു തോന്നുന്ന അവസ്ഥയിലും നിശബ്ദമായി ഉള്ളില്‍ മറഞ്ഞിരിക്കുന്ന നന്മ കാണാന്‍ നമുക്കു കഴിയുന്നു.
നമ്മുടെ ഉള്ളിലുള്ള പ്രത്യാശയെപ്പറ്റി വിശദീകരിക്കാന്‍ നാം തയാറായിരിക്കണം എന്നതാണ് രണ്ടാമത്തെ സന്ദേശം. ‘ആവശ്യപ്പെടുന്ന ആര്‍ക്കും’ നമ്മുടെ പ്രത്യാശയെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാണ് അപ്പസ്തോലന് നമ്മളോടു പറയുന്നത്. ക്രൈസ്തവര്‍ പ്രാഥമികമായി ദൈവത്തെക്കുറിച്ച് ‘സംസാരിക്കുന്ന’ ആളുകളല്ല, അവന്റെ സ്നേഹത്തിന്റെ സൗന്ദര്യത്തില്‍ തുടിക്കുന്നവരും എല്ലാംതന്നെ പുതിയൊരു രീതിയില്‍ അനുഭവിക്കുന്നവരുമാണവര്. ജീവിക്കപ്പെടുന്ന സ്നേഹമാണവരുടേത്, അതില്‍ നിന്ന് ഒരു ചോദ്യം ഉയരും, അതിനൊരു മറുപടി വേണ്ടിവരും: നിങ്ങള്‍ ഇങ്ങനെ ജീവിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങള്‍ എന്താണിങ്ങനെ?
വിശുദ്ധ പത്രോസിന്റെ വാക്കുകളില്‍ നാം മൂന്നാമത്തെ സന്ദേശം കാണുന്നു: ഈ ചോദ്യത്തിനു നാം നല്‍കേണ്ട മറുപടി ‘ശാന്തതയോടും ബഹുമാനത്തോടും കൂടെയാകണം.’ ക്രൈസ്തവ കമ്യൂണിക്കേഷന്‍ – ആശയവിനിമയം പൊതുവില്‍ത്തന്നെ – സൗമ്യതയും അടുപ്പവും നിറഞ്ഞതാകണം, വഴിയില്‍ ഒരുമിച്ചുനടക്കുന്ന സഹചാരികളുടേതുപോലെ. എക്കാലത്തെയും ഏറ്റവും വലിയ കമ്യൂണിക്കേറ്ററായ നസ്രത്തിലെ യേശുവിന്റെ ശൈലി അതായിരുന്നു: എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരോടൊപ്പം നടക്കുമ്പോള്‍ അവന് സംഭവിച്ച കാര്യങ്ങള്‍ വിശുദ്ധലിഖിതത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചതുകേട്ട് അവരുടെ ഹൃദയങ്ങള്‍ ജ്വലിച്ചു.
കലുഷിതമായ ഈ കാലഘട്ടത്തില്‍, നമ്മുടെ സഹോദരന്മാരോടും സഹോദരിമാരോടുമൊപ്പം നടക്കുമ്പോള്‍ പ്രത്യാശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള സഹയാത്രികരാകാന്‍ നമ്മെ പ്രാപ്തരാക്കുന്ന കമ്യൂണിക്കേഷന്‍ ഞാന്‍ സ്വപ്നം കാണുന്നു. ഹൃദയത്തോടു സംസാരിക്കാന്‍ കഴിയുന്ന ആശയവിനിമയം. സ്വയംപ്രതിരോധത്തിന്റെയോ കോപത്തിന്റെയോ തീവ്രവികാരങ്ങള്‍ ഉണര്‍ത്തുന്നതല്ല, തുറവിയുടെയും സൗഹൃദത്തിന്റെയും സമീപനത്തോടെയുള്ള ആശയസംവാദമാണത്. പ്രത്യക്ഷത്തില്‍ ദുരിതപൂര്‍ണമായ സാഹചര്യത്തിലും സൗന്ദര്യത്തിലും പ്രത്യാശയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന ആശയവിനിമയം – മറ്റുള്ളവരെക്കുറിച്ച് കരുതലും അനുകമ്പയും പ്രതിജ്ഞാബദ്ധതയും ഉണര്‍ത്താന്‍ കഴിയുന്നത്. ”ഓരോ മനുഷ്യന്റെയും അന്തസ് അംഗീകരിക്കാനും നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും” (ദിലെക്സിത് നോസ്, 217) നമ്മെ സഹായിക്കുന്ന ആശയവിനിമയം.
മിഥ്യാധാരണകളോ ഭീതിയോ പടര്‍ത്താതെ പ്രത്യാശിക്കാനുള്ള കാരണങ്ങള്‍ നിരത്താന്‍ കഴിയുന്ന കമ്യൂണിക്കേഷന്‍ ഞാന്‍ സ്വപ്നം കാണുന്നു. മാര്ട്ടിന് ലൂഥര്‍ കിങ് പറയുകയുണ്ടായി: ”കടന്നുപോകുംവഴി ആരെയെങ്കിലും എനിക്കു സഹായിക്കാന്‍ കഴിഞ്ഞാല്‍, ഒരു വാക്കോ ഒരു പാട്ടോ കൊണ്ട് ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞാല്‍, എന്റെ ജീവിതം വ്യര്‍ഥമാവുകയില്ല.” ഇതിന് സ്വന്തം മഹത്വം വിളംബരം ചെയ്യാനും സ്വാര്ഥതാല്പര്യത്തില് അഭിരമിക്കാനുമുള്ള പ്രവണത പോലുള്ള അസുഖത്തില്‍ നിന്ന് നാം സൗഖ്യം പ്രാപിക്കേണ്ടതുണ്ട്; നമ്മുടെ ശബ്ദം കേള്ക്കപ്പെടുന്നതിന് മറ്റുള്ളവരെക്കാള്‍ ഒച്ചവയ്ക്കുന്നതിനുള്ള പ്രലോഭനം ഒഴിവാക്കേണ്ടതുമുണ്ട്. തന്റെ ശ്രോതാവോ വായനക്കാരനോ ദ്രഷ്ടാവോ തന്നോട് അടുക്കുകയും ആഖ്യാനത്തില്‍ ഉള്‍ച്ചേരുകയും ചെയ്യുമ്പോള്‍ അവരുടെ ഉള്ളിലെ ഏറ്റവും നല്ല ഭാവത്തില്‍ സ്പര്‍ശിക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ കഴിയുന്നവനാണ് നല്ല കമ്യൂണിക്കേറ്റര്‍. ഇങ്ങനെ ആശയവിനിമയം നടത്താന്‍ കഴിയുമ്പോള്‍ നമുക്ക് ‘പ്രത്യാശയുടെ തീര്‍ഥാടകര്‍’ ആകാന്‍ കഴിയും. ഈവര്‍ഷത്തെ ജൂബിലിയുടെ ആപ്തവാക്യം അതാണല്ലോ.
ഒരുമിച്ച് പ്രത്യാശിക്കല്
പ്രത്യാശ എപ്പോഴും ഒരു സാമൂഹിക പദ്ധതിയാണ്. കൃപയുടെ ഈ വര്‍ഷത്തിലെ സന്ദേശത്തിന്റെ മഹിമയെക്കുറിച്ച് നമുക്ക് ഒരു നിമിഷം ചിന്തിക്കാം. നമ്മുടെ ജീവിതം വീണ്ടും തുടങ്ങാന്‍, നമ്മെ എടുത്തയര്ത്താന് ദൈവത്തെ അനുവദിക്കുന്നതിന്, നമ്മെ ആശ്ലേഷിക്കാനും നമ്മുടെമേല്‍ കാരുണ്യം ചൊരിയാനും അവനെ അനുവദിക്കുന്നതിന് നാമെല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കയാണ്. ഇവിടെ വ്യക്തിപരമായതും സാമൂഹ്യപരമായതുമായ വശങ്ങള് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു: നാം ഒത്തൊരുമിച്ചാണ് യാത്ര പുറപ്പെട്ടത്, നമ്മുടെ അനേകം സഹോദരന്മാരോടും സഹോദരിമാരോടുമൊപ്പമാണ് നാം യാത്രചെയ്യുന്നത്, നാം വിശുദ്ധ വാതില്‍ കടക്കുന്നും ഒരുമിച്ചാണ്.
ജൂബിലിക്ക് ഒട്ടേറെ സാമൂഹിക മാനങ്ങളുണ്ട്. ഉദാഹരണത്തിന്, ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജൂബിലിയുടെ കാരുണ്യവും പ്രത്യാശയും സംബന്ധിച്ച സന്ദേശമെന്താണെന്ന് നമുക്ക് ചിന്തിക്കാം, അല്ലെങ്കില്‍ പാര്‍ശ്വങ്ങളില്‍ ദുരിതമനുഭവിക്കുന്നവരോട് അടുപ്പവും ആര്‍ദ്രതയും കാണിക്കാനുള്ള സന്ദേശത്തെക്കുറിച്ച് ധ്യാനിക്കാം. സമാധാനം സ്ഥാപിക്കുന്നവര്‍ ‘ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും’ (മത്താ. 5:9) എന്ന് ജൂബിലി നമ്മെ ഓര്‍മിപ്പിക്കുന്നു. ഇത്തരത്തില്‍ അതു നമ്മില്‍ പ്രത്യാശ ഉണര്‍ത്തുന്നു, ശ്രദ്ധയോടെ, സൗമ്യമായി, ധ്യാനാത്മകമായി ആശയവിനിമയം നടത്താനും സംവാദത്തിന്റെ പാതയിലേക്കു നീങ്ങാനും അതു നമ്മെ പ്രേരിപ്പിക്കുന്നു. വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന നന്മയുടെ ഒട്ടേറെ കഥകള്‍ കണ്ടെത്തി അവ പ്രചരിപ്പിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഇക്കാരണത്താലാണ്. ഒരുതരി സ്വര്‍ണത്തിനായി അക്ഷീണം മണല്‍ അരിച്ചുപെറുക്കുന്നവരെ പോലെ പ്രത്യാശയുടെ വിത്തുകള്‍ തിരഞ്ഞെടുത്ത് ലോകത്തിനു വെളിപ്പെടുത്തുന്നത് പ്രശംസനീയമാണ്. ദരിദ്രരുടെ രോദനത്തോട് അത്രത്തോളം ബാധിര്യം കാട്ടാതിരിക്കാന്‍, അത്രത്തോളം നിസ്സംഗരാകാതിരിക്കാന്, സ്വന്തംകാര്യത്തില്‍ അത്രമേല്‍ മുഴുകാതിരിക്കാന്‍ ലോകത്തെ അതു സഹായിക്കും. പ്രത്യാശിക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുന്ന നന്മയുടെ അത്തരം തിളക്കങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും കണ്ടെത്താന്‍ കഴിയട്ടെ. ഇത്തരം കമ്യൂണിക്കേഷന്‍ നമുക്ക് കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ സഹായകമാകും, നമ്മള് അത്രയും ഒറ്റയ്ക്കല്ലെന്ന തോന്നല്‍ അതു സൃഷ്ടിക്കും, ഒരുമിച്ചു നടക്കുന്നതിന്റെ പ്രാധാന്യം നമുക്ക് വീണ്ടും കണ്ടെത്താനാകും.
ഹൃദയത്തെ മറക്കാതിരിക്കുക
പ്രിയ സഹോദരന്മാരേ, സഹോദരിമാരേ, ടെക്നോളജിയുടെ അദ്ഭുതാവഹമായ നേട്ടങ്ങള്‍ക്കു മുന്‍പിലും നിങ്ങളുടെ ഹൃദയത്തെ, നിങ്ങളുടെ ആന്തരിക ജീവനെ പരിപാലിക്കാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ അര്‍ഥം എന്താണ്? ഏതാനും ചിന്തകള്‍ ഞാന്‍ പങ്കുവയ്ക്കാം.
ശാന്തശീലരായിരിക്കുക, മറ്റുള്ളവരുടെ മുഖങ്ങള്‍ ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിലൂടെ നിങ്ങള്‍ സേവനം നല്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ഹൃദയങ്ങളോടു സംസാരിക്കുക.
സ്വാഭാവിക പ്രതികരണങ്ങള്‍ നിങ്ങളുടെ ആശയവിനിമയത്തെ നയിക്കാന്‍ അനുവദിക്കരുത്. ഏറെ വിഷമകരമായ അവസ്ഥയിലും, വലിയ വിലനല്‍കേണ്ടിവന്നാലും, ഒരു ഫലവുമില്ലാത്ത സ്ഥിതിവിശേഷത്തിലും പ്രത്യാശ പരത്താന്‍ എപ്പോഴും ശ്രമിക്കുക.
നമ്മുടെ മാനവികതയുടെ മുറിവുകള്‍ സൗഖ്യമാക്കാന്‍ കഴിയുന്ന കമ്യൂണിക്കേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക.
നാശകാരിയായ അന്തരീക്ഷത്തെയും അതിജീവിച്ച് തികച്ചും അപ്രതീക്ഷിതമായ ഇടങ്ങളില്‍ പൂത്തുവിടരുന്ന ലോലമെങ്കിലും ചെറുത്തുനില്ക്കുന്ന പൂക്കളെപോലെ, ഹൃദയംഗമമായ വിശ്വാസത്തിന് ഇടം കണ്ടെത്തുക. സംഘര്‍ഷഭൂമിയിലെ കിടങ്ങുകളില്‍ നിന്ന് മക്കള്‍ തിരിച്ചുവരുന്നതു കാണാന്‍ നിത്യവും പ്രാര്‍ഥിക്കുന്ന അമ്മമാരുടെ പ്രത്യാശയില്‍ അതുണ്ട്. അതികഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ച് നല്ലൊരു ഭാവിക്കായി കുടിയേറ്റത്തിനു പുറപ്പെടുന്ന പിതാക്കന്മാരുടെ പ്രത്യാശയിലും അതുണ്ട്. ചേരിപ്രദേശത്തെ ദാരിദ്ര്യത്തിന്റെ ഇരണ്ട നടപ്പാതയിലും യുദ്ധക്കെടുതികളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും എങ്ങനെയൊക്കെയോ ജീവിതത്തില്‍ വിശ്വസിക്കാനും കളിക്കാനും ചിരിക്കാനും കഴിയുന്ന കുട്ടികളുടെ പ്രത്യാശയിലും അതുണ്ട്.
അക്രമോത്സുകമല്ലാത്ത കമ്യൂണിക്കേഷന്റെ സാക്ഷികളും പ്രമോട്ടര്മാരുമാവുക. കരുതലിന്റെ ഒരു സംസ്കാരം വളര്‍ത്താന്‍ സഹായിക്കുക, പാലങ്ങള്‍ പണിയുക, ഇന്നത്തെ കാലഘട്ടത്തിലെ ദൃശ്യവും അദൃശ്യവുമായ പ്രതിബന്ധങ്ങള്‍ നീക്കംചെയ്യുക.
പ്രത്യാശയയില് നിറഞ്ഞ കഥകള്‍ പറയുക. നമ്മുടെ പൊതുവായ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുക. നമ്മുടെ ഭാവിയുടെ ചരിത്രം ഒരുമിച്ച് രചിക്കാന്‍ ശ്രമിക്കുക.
ദൈവത്തിന്റെ കൃപകൊണ്ട് ഇതെല്ലാം നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കും, നമുക്കു ചെയ്യാനാകും. ഈ കൃപ സമൃദ്ധമായി ലഭിക്കാന്‍ ജൂബിലി നമ്മെ സഹായിക്കുന്നു. ഇതാണ് എന്റെ പ്രാര്‍ഥന, ഇതുമായി ഞാന്‍ നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ തൊഴിലിനെയും ദൗത്യത്തെയും ആശീര്‍വദിക്കുന്നു.
(മലയാള വിവർത്തനം: ജെക്കോബി)