ന്യൂഡൽഹി: രാജ്യത്തുടനീളം കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വര്‍ധിക്കുകയും, വായു ഗുണനിലവാരം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് കനത്ത പിഴ ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ. മാലിന്യം അനാവശ്യമായി കത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്താന്‍ ശുചീകരണ തൊഴിലാളികളെ അധികാരപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്കരണ രീതികൾ മെച്ചപ്പെടുത്താനാണ് പുതിയ നടപടി കേന്ദ്രം ആവിഷ്കരിക്കുന്നത്. ഡിസംബർ 9-ന് പുറത്തിറക്കിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2024-ന്റെ കരട് പ്രകാരം, കാർഷിക, ഹോർട്ടികൾച്ചർ മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തികളിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും അത്തരം പ്രവണതകള്‍ ഉണ്ടാകുന്നില്ലെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കുകയും വേണം.
കരട് രേഖയില്‍ ബന്ധപ്പെട്ടവരിൽ നിന്ന് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അടുത്ത വർഷം ഒക്ടോബർ ഒന്നിന് ചട്ടങ്ങൾ നിലവിൽ വരും. ശൈത്യ കാലത്ത് ഡൽഹി – എൻസിആർ മേഖലയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്ന സാഹചര്യത്തില്‍, വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്ന കർഷകർക്കുള്ള പിഴ കേന്ദ്രം കഴിഞ്ഞ മാസം ഇരട്ടിയാക്കിയിരുന്നു.
രണ്ടേക്കറിൽ താഴെ ഭൂമിയുള്ള കർഷകർ 5000 രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം ഒടുക്കേണ്ടി വരും. നേരത്തെ ഇത് 2500 രൂപ ആയിരുന്നു. രണ്ടേക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവര്‍ ഇപ്പോള്‍ 5000 രൂപയ്ക്ക് പകരം 10,000 രൂപ പിഴ നല്‍കേണ്ടി വരും.