മുനമ്പം: മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ വഖഫ് ബോർഡ് ഉടമസ്ഥാവകാശവാദം ഉന്നയിച്ചിരിക്കുന്ന മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർക്ക് കൈമാറി.
മുനമ്പം തീരപ്രദേശത്തെ ജനങ്ങൾ ഫറൂഖ് കോളേജിൽ നിന്ന് വിലകൊടുത്തു വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ധിഖ് സേട് ഫറൂഖ് കോളേജിന് ഗിഫ്റ്റ് കൊടുത്ത ഭൂമിയാണെന്ന് തെളിയിക്കുന്ന, വഖഫ് എന്ന ഒരു വാക്കുപോലും ഇല്ലാത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ 1975 ലെ വിധിപ്പകർപ്പും ഇതിൽ ഉൾപ്പെടുന്നു.
ഭൂസംരക്ഷണ സമിതി രക്ഷാധികാരിയായ ഫാ. ആൻ്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി സമര സമിതി കൺവീനറായ ജോസഫ് ബെന്നി കുറുപ്പശ്ശേരി, എസ്എൻഡിപി മുനമ്പം ശാഖാപ്രസിഡൻ്റ് കെ.എൻ മുരുകൻ കാതികുളത്ത്, വേളാങ്കണ്ണി മാതാ വിസിറ്റേഷൻ കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ മെറ്റിൽഡ,സെബാസ്റ്റ്യൻ ജോസഫ് തയ്യിൽ, ഫെബി ഔസോ ഒളാട്ടുപുറം തുടങ്ങിയവർ ജുഡീഷ്യൽ കമ്മീഷന് രേഖകൾ കൈമാറി വസ്തുതകൾ പങ്കുവച്ചു.
കാക്കനാട് കുന്നുംപുറം ഭവാനി ബിൽഡിങ്ങിലുള്ള കമ്മീഷൻ ഓഫീസിൽ നടന്ന കൂടികാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ടു .മുനമ്പം തീര പ്രദേശം ഉടനടി സന്ദർശിക്കുമെന്നും സ്ഥലവാസികളുമായികൂടിക്കാഴ്ച നടത്തുമെന്നും സമയ ബന്ധിതമായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു.
മുനമ്പം നിരാഹാര സമരത്തിൻ്റെ 62-ാം ദിനം വികാരി ഫാ. ആൻണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു. ഷേർളി വർഗ്ഗീസ് കളത്തിപറമ്പിൻ, കുഞ്ഞുമോൻ ആൻ്റണി ചിറയത്ത്, മേരി ആൻ്റണി എട്ടുകണ്ടത്തിൽ എന്നിവർ നിരാഹാരമിരുന്നു. സഹവികാരി ഫാ. ആൻ്റണി തോമസ് പോളക്കാട്ട് നാരങ്ങാനീരു നല്കിയതോടെ 62-ാം ദിനത്തിലെ സമരത്തിന് സമാപനമായി.