വത്തിക്കാൻ : കലാരംഗവും, വാർത്താമാധ്യമമാർഗ്ഗങ്ങളും, വിനോദപരിപാടികളും വഴി സുവിശേഷപ്രഘോഷണത്തിന് കൂടുതൽ ശക്തമായ രീതിയിൽ പരിശ്രമങ്ങൾ നടത്തുവാൻ, വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.
ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന “ജീവന്റെ സമ്മേളനം 2024” എന്ന പരിപാടിയിൽ പങ്കെടുത്ത ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും, ആഗോളതലത്തിൽ നേതൃനിരയിൽ നിൽക്കുന്നവരുമായ ആളുകൾക്ക് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സുവിശേഷവത്കരണത്തിനായി മുന്നോട്ടിറങ്ങാൻ പാപ്പാ ആവശ്യപ്പെട്ടത്. കൂടുതൽ ശക്തമായ രീതിയിൽ സുവിശേഷവത്കരണം നടത്താൻ പാപ്പാ തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പ്രസിഡന്റ് ലൂയിസ് ക്വിനെല്ലി പ്രസ്താവിച്ചു.
വരും മാസങ്ങളിൽ മെക്സിക്കോയിലും, ലോസ് ആഞ്ചസിലും വച്ച് സംഘടന വിവിധ ആഘോഷപരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ജൂബിലിയുമായി ബന്ധപ്പെട്ട് 2025-ൽ റോമിലെ ചിർകോ മാസ്സിമോ മൈതാനത്ത് വച്ചും വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പരിപാടികൾ നടത്തുമെന്നും സംഘടനാപ്രവർത്തകർ അറിയിച്ചു.
വിഷൻ 2033 എന്ന പേരിൽ വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷസന്ദേശം നൂറു കോടി യുവജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്നും സംഘാടന അറിയിച്ചു.