ബിഎസ്
1870 കാലഘട്ടത്തിലാണ് സിനിമയുടെ ഇതിവൃത്തം സംഭവിക്കുന്നത്. പോളെറ്റ് ജില്‍സിന്റെ അതേ പേരിലുള്ള 2016 ലെ നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന് പോള്‍ ഗ്രീന്‍ഗ്രാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജെഫേഴ്സണ്‍ കെയ്ല്‍ കിഡ് എന്ന ഒരു പഴയ പട്ടാളക്കാരനെയാണ് ടോം ഹാങ്ക്സ് അവതരിപ്പിക്കുന്നത്. ക്യാപ്റ്റന്‍ കിഡ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു പട്ടാളക്കാരന്റെ ശൗര്യമൊന്നും പ്രകടിപ്പിക്കാത്ത സൗമ്യനാണ് കിഡ്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലാണ് കിഡ് അവസാനമായി പങ്കെടുത്തിട്ടുള്ളത്. ആഭ്യന്തര യുദ്ധം അവസാനിച്ച കാലഘട്ടത്തെയാണ് സിനിമ പ്രതിഫലിപ്പിക്കുന്നത്. രാജ്യമെങ്ങും അരാജകത്വം നിലനില്ക്കുന്നു. യുദ്ധത്തിനു ശേഷം കുറച്ചുകാലം ഒരു പത്രം നടത്തിനോക്കിയിരുന്നു കിഡ്. പക്ഷേ അതൊരു വലിയ നഷ്ടത്തില്‍ കലാശിച്ചു. ഇപ്പോഴദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗം, പത്രപാരായണമാണ്.
പഴയ കാലത്ത് കേരളത്തിന്റെ വടക്കന്‍ ഗ്രാമങ്ങളിലെ ബീഡി തെറുപ്പുകാരുടെ ഇടയിലുണ്ടായിരുന്ന പത്രവായനയോട് ഇതിനു സാമ്യമുണ്ട്.
നന്നായി വായിക്കാനറിയാവുന്ന ഒരാളെ തിരഞ്ഞെടുത്ത് ബീഡി തെറുക്കുന്ന സ്ഥലത്തിന്റെ മധ്യത്തിലായി ഇരിപ്പിടം നല്കി ഇരുത്തും. അയാള്‍ക്ക് ബീഡി തെറുക്കേണ്ടതില്ല. അയാളുടെ പങ്ക് മറ്റുള്ളവര്‍ തെറുത്തു നല്‍കും.
രാവിലെ മുതല്‍ വൈകീട്ടുവരെ കിട്ടാവുന്ന പത്രങ്ങളെല്ലാം മാറി മാറി കമ്പോടു കമ്പ് വായിക്കലാണ് അദ്ദേഹത്തിന്റെ പണി. ഒരു പക്ഷേ അക്കാലങ്ങളില്‍ പലയിടത്തും ഇത്തരം വായനക്കാരുണ്ടായിരുന്നിരിക്കണം.
ന്യൂസ് ഓഫ് ദി വേള്‍ഡില്‍ ഓരോ പട്ടണങ്ങളിലും ചെന്ന് പത്രപാരായണം നടത്തുകയാണ് ക്യാപ്റ്റന്‍ കിഡ് ചെയ്യുന്നത്. ഒരു ഹാളില്‍ കൂടിയിരിക്കുന്നവര്‍ക്കായി താന്‍ ശേഖരിച്ചിട്ടുള്ള പത്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ തിരഞ്ഞെടുത്ത് വായിക്കും. അന്താരാഷ്ട്രവാര്‍ത്തകള്‍, ദേശീയ വാര്‍ത്തകള്‍, ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള സംഭവങ്ങള്‍, ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറികള്‍ എന്നിങ്ങനെ കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന പ്രത്യേക വാര്‍ത്തകള്‍ തിരഞ്ഞെടുത്താണ് അദ്ദേഹം വായിക്കുന്നത്. ആധുനിക കാലത്തെ ടിവി വാര്‍ത്താ വായനക്കാരനെപ്പോലെയല്ല; ക്യാപ്റ്റന്‍ കിഡ് ഒരു സഞ്ചാര കഥാകാരനാണ്. വാര്‍ത്തകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചകള്‍ക്കും കൂട്ടച്ചിരികള്‍ക്കും പലപ്പോഴും ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് രണ്ട് മാസത്തിനിടെ 97 പേരുടെ ജീവന് അപഹരിച്ച മെനിഞ്ചൈറ്റിസ് എന്ന പകര്‍ച്ചവ്യാധിയെക്കുറിച്ചു സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം മുന്നറിയിപ്പായി മുഴങ്ങുന്നു. ദുഃഖവും മരിച്ചവരോടുള്ള ബഹുമാനവും പിന്നീട് വാക്കുകളില്‍ നിറയുമ്പോള്‍ കേള്വിക്കാരന് ആ വികാരങ്ങള്‍ പങ്കുവയ്ക്കുന്നു. എന്താണ് വായിക്കേണ്ടതെന്നും അത് എങ്ങനെ അവതരിപ്പിക്കണമെന്നും തിരഞ്ഞെടുക്കുന്ന ഒരു വിവരദാതാവാണ് അദ്ദേഹം. കേള്‍വിക്കാര്‍ ചെറിയ പ്രതിഫലം (10 സെന്റ് വീതം) അദ്ദേഹത്തിനു നല്‍കണം. ഒരു കലാപരിപാടി കണ്ടിറങ്ങിപ്പോകുന്ന പ്രേക്ഷകരെ പോലെയാണ് കിഡിന്റെ വായനക്കാരുടെ പെരുമാറ്റം. സിനിമയുടെ ടൈറ്റില്‍ അത്തരത്തില്‍ അന്വര്‍ത്ഥമാകുന്നു.
വൈകുന്നേരത്തെ വായന അവസാനിപ്പിച്ച്, അദ്ദേഹം തന്റെ താല്‍ക്കാലിക താമസസ്ഥലങ്ങളിലേക്കു മടങ്ങുന്നു. ക്യാപ്റ്റന്‍ കിഡ് ഏകാകിയാണ്. മുറിയിലെ ഒരു സ്ത്രീയുടെ ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് കുറേനേരം നോക്കിയിരിക്കും. അടുത്ത ദിവസം രാവിലെ, തന്റെ കുതിരകളുമായി വീണ്ടും റോഡിലിറങ്ങി, അടുത്ത ലക്ഷ്യസ്ഥാനത്തേക്കു നീങ്ങുന്നു.
ആഭ്യന്തരയുദ്ധം താറുമാറാക്കിയ തെക്കന്‍ മേഖലകളിലൂടെയാണ് കിഡിന്റെ സഞ്ചാരം. വടക്ക്-തെക്ക് മേഖലകള്‍ തമ്മിലുള്ള സംഘര്‍ഷം അപ്പോഴും നിലനില്‍ക്കുകയാണ്. അടിമത്തം നിര്‍ത്തലാക്കുന്നതിനും കറുത്തവര്‍ഗക്കാര്‍ക്ക് മൗലികാവകാശങ്ങള്‍ നല്‍കുന്നതിനും ശക്തമായ എതിര്‍പ്പുകളുണ്ട്. രാജ്യത്തെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലൈനുകള്‍ പുതുതായി വന്നുകൊണ്ടിരിക്കുന്നു. തദ്ദേശീയരായ അമേരിക്കന്‍ ഗോത്രങ്ങളാകട്ടെ പലായനത്തിലാണ്. അവരില്‍ നല്ലൊരു വിഭാഗവും കൊല്ലപ്പെട്ടു; അവരുടെ ജീവിതരീതികള്‍ അപ്പാടെ നശിപ്പിക്കപ്പെട്ടു. കൗബോയ്സിനെ അനുസ്മരിപ്പിക്കുന്ന കൊള്ളക്കാരും പിടിച്ചുപറിക്കാരും ധാരാളമുണ്ട്.
ഒരു ദിവസം യാത്രക്കിടെ കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഒരു സ്ഥലത്ത് ഒരു കുതിരവണ്ടി മറിഞ്ഞു കിടക്കുന്നത് ക്യാപ്റ്റന്‍ കിഡ് കാണുന്നു. വളരെ ജാഗ്രതയോടെ അദ്ദേഹം പ്രദേശം നിരീക്ഷിക്കുന്നു. അകലെയല്ലാതെ ഒരു മരത്തില്‍ ഒരു കറുത്തുവര്ഗക്കാരനെ കെട്ടിത്തൂക്കി കൊന്നിട്ടുണ്ട്. കുതിരവണ്ടിക്കു സമീപത്തു നിന്നു അദ്ദേഹം മറ്റൊരാളെ കണ്ടെത്തുന്നു. ഏകദേശം 10 വയസ്സുള്ള ഒരു പെണ്‍കുട്ടി. തെക്കേ അമേരിക്കയിലെ ഗോത്രവര്ഗങ്ങളിലൊന്നായ കിയോവ ഇന്ത്യക്കാരുടെ ശൈലിയില്‍ വസ്ത്രം ധരിച്ച (സംസാരിക്കുന്ന) കുട്ടി. അവളെ ക്യാപ്റ്റന്‍ കിഡ് ചോദ്യം ചെയ്യുന്നു. ഇരുവര്‍ക്കും ഭാഷ വലിയ പ്രശ്നമാണ്. കുട്ടിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ. കിയോവ ഭാഷയും കുറച്ചു ജര്‍മനും മാത്രമാണ് അവള്‍ക്കറിയുന്നത്. ക്യാപ്റ്റന്‍ കിഡിന് ഈ രണ്ടു ഭാഷയും അറിയില്ല. അവള് ഇണങ്ങാനും വലിയ പ്രയാസം കാണിച്ചു. വളരെ ബുദ്ധിമുട്ടി ക്യാപ്റ്റന്‍ കിഡ് കുട്ടിയുമായി ആശയവിനിമയം നടത്തുന്നു.
ജര്‍മനിയില്‍ നിന്നു കുടിയേറിയവരാണ് അവളുടെ കുടുംബം എന്നയാള്‍ മനസിലാക്കുന്നു. പേര് ജോഹന്ന. അവളുടെ കുടുംബത്തെ അക്രമികള്‍ കൂട്ടക്കൊലയ്ക്ക് ഇരയാക്കി. രക്ഷപ്പെട്ടത് അവള് മാത്രമാണ്. ജോഹന്നയെ ക്യാപ്റ്റന്‍ കിഡ് തന്റെ കൂടെ പട്ടണത്തിലേക്കു കൊണ്ടുവരുന്നു. അവളെ പലരേയും ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 400 മൈല്‍ അകലെയുള്ള ടെക്സാസില്‍ ജോഹന്നയുടെ അമ്മയുടെ സഹോദരിയുടെ കുടുംബം താമസിക്കുന്നുണ്ടെന്ന് ക്യാപ്റ്റന്‍ കിഡിന് മനസിലാകുന്നു. അവളെ അവിടെ കൊണ്ടാക്കാനുള്ള ശ്രമകരമായ ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയാണ്.
കല്ലും പാറയും നിറഞ്ഞ ദുര്‍ഘടമായ പാതയിലൂടെയും കാട്ടിലൂടെയുമെല്ലാം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നു. വഴിയില്‍ കൊള്ളക്കാരും കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരുമായ നിരവധി സംഘങ്ങളുണ്ട്. കിഡിനും ജോഹന്നയ്ക്കും പരസ്പരം പഠിക്കാനും പരസ്പരം ആശയവിനിമയം നടത്താനുമുള്ള അവസരം കൂടിയായിരുന്നു അത്. അവരുടെ ബുദ്ധിമുട്ടുകള്‍ പ്രായോഗികവും മനഃശാസ്ത്രപരവുമാണ്: മറ്റുള്ളവരുടെ ഭാഷ അറിയാത്തതും അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളുമെല്ലാം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കിഡ് ജോഹന്നയെ ചില അടിസ്ഥാന ഇംഗ്ലീഷ് വാക്കുകള്‍ പഠിപ്പിക്കുകയും ജോഹന്ന അദ്ദേഹത്തെ കിയോവ ഭാഷ പഠിപ്പിക്കുകയും ചെയ്യുന്നു. കിഡിന്റെ ശ്രദ്ധ നേരെ മുന്നോട്ട് (അക്ഷരാര്‍ത്ഥത്തിലും ആലങ്കാരികമായും) മുന്നോട്ട് നീങ്ങുന്നതിലാണ്. എന്നാല്‍, ജോഹന്നയുടെ നിലപാട് ചിലസന്ദര്‍ഭങ്ങളില്‍ മുന്നോട്ട് പോകാന്‍, നിങ്ങള്‍ ആദ്യം പിന്നോട്ട് പോകണമെന്നാണ്. ഒരാളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും നല്ല പാത എപ്പോഴും നേരെ മുന്നിലായിരിക്കണമെന്നില്ല എന്നായിരിക്കണം സംവിധായകന് അവളുടെ ചിന്തയിലൂടെ പറയാന്‍ ഉദ്ദേശിച്ചത്. ഏതായാലും അവരുടെ യാത്ര ഇരുവരെയും മാറ്റുന്നു, ഇതുവരെയുള്ള അവരുടെ ജീവിതത്തെ അടയാളപ്പെടുത്തിയ നഷ്ടങ്ങളെ അഭിമുഖീകരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. യാത്ര തുടങ്ങുമ്പോള്‍ പരസ്പരം കലഹിച്ചിരുന്നവര്‍ ഇപ്പോള്‍ സൗഹൃദത്തിലാണ്. അപകടകരമായ പാതകളില്‍ അപകടകാരികളായ ആളുകള്‍ക്കെതിരെ അവര്‍ ഒരുമിച്ച് പോരാടുന്നു. വലിയൊരു പൊടിക്കാറ്റിനെ അതിജീവിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് അവര്‍ ലക്ഷ്യത്തിലേക്ക് മുന്നേറുക തന്നെയാണ്.
ഒടുവില്‍ ജോഹന്നയുടെ ബന്ധുക്കളുടെ വീട്ടില്‍ അവരെത്തി. ചെറിയൊരു കര്ഷകകുടുംബമാണത്. ജോഹന്നയെ അവിടെയാക്കി ക്യാപ്റ്റന്‍ കിഡ് തിരിച്ചുപോകുന്നു. യാത്രക്കിടെ വളരെക്കാലം മുമ്പ് അയാള്‍ തങ്ങിയിരുന്ന ഒരു വസതി സന്ദര്‍ശിക്കുന്നു. അതിന് തൊട്ടടുത്ത് ഒരു സെമിത്തേരിയുണ്ട്. അവിടെയാണ് കിഡിന്റെ ഭാര്യയെ അടക്കിയിരിക്കുന്നതെന്ന് നാം മനസിലാക്കുന്നു. അദ്ദേഹം യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍ രോഗം ബാധിച്ചാണ് ഭാര്യ മരിക്കുന്നത്.
ഭാര്യയുടെ കല്ലറയ്ക്കു സമീപം പ്രാര്‍ഥിച്ചു നില്ക്കുമ്പോള് താന്‍ ലോകത്ത് ഏകനാണെന്ന ബോധ്യം അദ്ദേഹത്തില്‍ നിറയുന്നു. വേഗം അദ്ദേഹം ജോഹാന്നയെ കൊണ്ടുപോയി ആക്കിയിരിക്കുന്ന ബന്ധുവീട്ടിലേക്ക് തിരികെ പോകുന്നു. അവിടെ ഒരു മരക്കുറ്റിയില്‍ ബന്ധിച്ച നിലയിലാണ് അവളെ കണ്ടെത്തുന്നത്. തങ്ങള്‍ നിസഹായരാണെന്നും അവളെ സംരക്ഷിക്കാനാകുന്നില്ലെന്നും അവര്‍ പറയുന്നു. ക്യാപ്റ്റനും ജോഹാന്നയ്ക്കും മനസിലാകുന്നു, ലോകത്തില്‍ അവര്‍ ഇരുവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അവരെ മനസിലാക്കാനോ ഒന്നിച്ചു താമസിക്കാനോ കഴിയില്ലെന്ന്. ജോഹന്നയ്ക്ക് ആ മനുഷ്യനോട് പിതൃസ്നേഹം അനുഭവപ്പെടാന്‍ തുടങ്ങുന്ന വഴിത്തിരുവുകള്‍ ധാരാളം യാത്രക്കിടയിലുണ്ടാകുന്നുണ്ട്.
മറ്റുള്ളവരെക്കാളും നന്നായി ആളുകളെ വായിക്കാന്‍ പത്രപാരായണക്കാരന്‍ കഴിയുമെന്ന സന്ദേശവും സിനിമ നല്‍കുന്നുണ്ട്.
ഇരുവരും മടങ്ങിയെത്തുന്നു. ക്യാപ്റ്റന്‍ കിഡ് തന്റെ പത്രപാരായണം കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ തുടരുന്നു. ഇപ്പോള്‍ അയാളെ സഹായിക്കാന്‍ കൂട്ടിന് ജോഹാന്നയുമുണ്ട്.
ക്യാപ്റ്റന്‍ കിഡ്, സൗമ്യനായ മനുഷ്യനാണ്. പക്ഷേ, ആവശ്യമായ ഘട്ടത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരുമടിയുമില്ല; തോക്കായാലും വാക്കായാലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഈ സൗമ്യത കാണാം. ടോം ഹാങ്ക്സിന്റെ കൈവശം ക്യാപ്റ്റന്‍ കിഡ് സുരക്ഷിതനായിരിക്കുന്നു. ജോഹന്നായെ ഹെലീന സെംഗലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചിലപ്പോള്‍ ഭയം, വിഷാദം, ആവേശഭരിത എന്നിങ്ങനെ വിവിധ ഭാവങ്ങള്‍ അവള് ഭംഗിയായി ചിത്രീകരിക്കുന്നു. തന്റെ ഹ്രസ്വമായ ജീവിതത്തില്‍ ജോഹന്ന അനുഭവിച്ച നിരാശയുടെയും ആശയക്കുഴപ്പത്തിന്റെയും ആഴം സൂചിപ്പിക്കാന്‍ അവളുടെ മുഖത്തിന്റെയോ ശരീരഭാഷയോ മാത്രം മതി. ഇവര്‍ ഇരുവരുമാണ് ന്യൂസ് ഓഫ് ദി വേള്‍ഡിനെ സാധാരണ എന്നതിനപ്പുറം വളരെ മധുരവും ഉദാത്തവുമായ ഒന്നിലേക്ക് ഉയര്‍ത്തുന്നത്.
നരകജീവിതം നയിക്കുന്ന ആളുകള്‍ക്ക്, ഈ കഥ പ്രതീക്ഷയുടെ, സാധ്യതയുടെ, ഐക്യദാര്‍ഢ്യത്തിന്റെ ഒരു തീപ്പൊരിയെങ്കിലും നല്‍കുന്നുണ്ട്. രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അമേരിക്കയിലെ ഭൂവിഭാഗങ്ങള്‍ (ടെക്സാസ്) പുനരാവിഷ്കരിച്ച് കഥയോട് നീതി പുലര്‍ത്താന്‍ സിനിമയ്ക്കു കഴിയുന്നു. ഛായാഗ്രഹണവും കഥാഗതിയെ പിന്തുണക്കുന്നു. 93-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ശബ്ദം എന്നിവയ്ക്കുള്ള നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചു. ഗോള്‍ഡന്‍ ഗ്ലോബ്സ് ആന്‍ഡ് സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡുകളില്‍ മികച്ച സഹനടിക്കുള്ള നോമിനേഷനുകള്‍ സെംഗലിന് ലഭിച്ചു.

