യോഹന്നാന് ആന്റണി കോവില്‍ത്തോട്ടം
കരിമണല്‍ വ്യവസായ സ്ഥാപനമായ കെ.എം.എം.എല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ധാതുമണല്‍ ലഭിക്കാതെ കമ്പനി ഗുതരമായ പ്രതിസന്ധി നേരിട്ടപ്പോഴാണ് 2005 -ല്‍ കോവില്ത്തോട്ടു നിന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. അക്കാലത്തെ രണ്ട് മന്ത്രിസഭയിലെ മന്ത്രിമാര്‍, കമ്പനി മാനേജ്മെന്റ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗങ്ങളിലാണ് കോവില്‍ത്തോട്ടം പാക്കേജിലെ കുടിയൊഴിപ്പിക്കല്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയത്. ഈ കരാര്‍ വ്യവസ്ഥകളില്‍ വിശ്വസിച്ചാണ് സ്ഥലവും വീടും ആര്ജിതമായതെല്ലാം ഖനനത്തിനായി വിട്ട് നല്‍കിയത്.
ഭൂമിവിലയും മറ്റ് നഷ്ടപരിഹാരങ്ങളും വളരെ പരിമിതമായിരുന്നെങ്കിലും പ്രധാനമായും പുനരധിവാസത്തിനുള്ള ഭൂമിയും ഉപജീവനത്തിനുള്ള തൊഴിലും ലഭിക്കുകയും ജന്മനാട്ടിലേക്ക് തിരിച്ചു വരാമെന്ന വലിയ പ്രതീക്ഷയിലുമാണ് ജനങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്ക് താല്‍ക്കാലികമായി താമസം മാറിയത്. തുടര്‍ന്ന് 2012 ഒക്ടോബര്‍ മാസം മുതല്‍ ഖനനം ആരംഭിക്കുകയും ഇവിടെ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ കരിമണ്ണ് കൊണ്ട് കമ്പനി പ്രതിസന്ധിയില്‍ നിന്ന് കരകയറുകയും ചെയ്തു.

അതിജീവന പോരട്ട പാതയില്‍ അടി പതറാതെ
കരിമണല്‍ ഖനനത്തിന് കോവില്‍ത്തോട്ടം ജനത നല്കിയ വലിയ സംഭാവനയാണ് കെഎംഎംഎല്‍ കമ്പനിയുടെ വികസനത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ത്യാഗപൂര്‍ണ്ണമായ കുടിയൊഴിപ്പില്‍ ചരിത്രം. ഈ സത്യം സൗകര്യപൂര്‍വം വിസ്മരിച്ചു കൊണ്ടാണ് കമ്പനി മാനേജ്മെന്റം അധികാരികളും കരാര്‍ വ്യവസ്ഥകള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്നത്.
കോവില്‍ത്തോട്ടം ജനതയുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള നിരന്തരമായ മുറവിളികള്‍ അധികാരികള്‍ അവഗണിച്ചപ്പോള്‍ കൊല്ലം ബിഷപ് ഡോ: പോള്‍ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തില്‍ കോവില്‍ത്തോട്ടം ഇടവകയും ജനതയും സമരസജ്ജരായി. 2019 മാര്‍ച്ച് 5 ക്ഷാര ബുധനാഴ്ച കമ്പനിപടിക്കല്‍ നടത്തിയ കൂട്ടഉപവാസത്തോടെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിച്ചു. ‘അതിജീവനം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യവുമായി നടത്തിയ ഈ സമരം കോവില്‍ത്തോട്ടം ജനതയുടെ അതിജീവന പോരാട്ടത്തിലെ അവിസ്മരണീയ അധ്യായമാണ്.

കോവില്‍ത്തോട്ടത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള വിമോചന പ്രാര്‍ഥനായാത്ര, കോവില്‍ത്തോട്ടം പാക്കേജ് ഉള്‍പ്പെടെ തീരദേശ ജനതയുടെ അവകാശങ്ങള്‍ക്കായി നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ, കൊല്ലം പോര്‍ട്ടിന് മുന്നിലെ പട്ടിണി സമരം എന്നിവയിലുടെ കോവില്‍ത്തോട്ടം ജനതയുടെ നിലവിളി പൊതുസമൂഹത്തില്‍ ഉയര്‍ന്നു കേട്ടു.
കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. ബിഷപ് മുല്ലശേരിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനും കമ്പനി അധികൃതര്‍ക്കും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും തുടര്‍ന്ന് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഈ ചര്‍ച്ചകളില്‍ പ്രശ്ന പരിഹാരത്തിനായി പല തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും അത് സമയബന്ധിതമായി നടപ്പിലാക്കുന്നതിലുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇപ്പോഴും തുടരുന്ന ഇവരുടെ ദുരിത ജീവിതിത്തിന് കാരണം. പ്രശ്നപരിഹാരത്തിനായി സജീവമായ സാമൂഹിക ഇടപെടീലുകളും ജനകീയ സമ്മര്‍ദ്ദവും സഭാ നേതൃത്വം ഇന്നും തടരുകയാണ്.

പുനരധിവാസത്തിനുള്ള ഭൂമി വിദൂര സ്വപ്നം
കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം പുനരധിവാസത്തിനുള്ള ഭൂമി തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. ഭൂമി തിരികെ ലഭിക്കേണ്ടിയിരുന്ന അവസാന തീയതി 2015 ഒക്ടോബര്‍ 21നായിരുന്നു. നിശ്ചിത തീയതി കഴിഞ്ഞ് 10 വര്‍ഷം പിന്നിട്ടിട്ടും നാളിതുവരെ ഒരാള്‍ക്ക് പോലും ഭൂമി തിരികെ ലഭിച്ചിട്ടില്ല.
ഖനനം മൂലം രൂപപ്പെട്ട കുഴികള്‍ കമ്പനിയില്‍ നിന്നുള്ള വെള്ളമണ്ണ് ഇട്ട് നികത്തി ഭൂമി വാസയോഗ്യമാക്കുന്നതിലുണ്ടായ അനാസ്ഥയാണ് പുനരധിവാസം ഇത്രയും നീണ്ടുപോയതിന് ഇടയായത്. മനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യങ്ങളും വാടക വീടുകളിലും മാറി മാറി താമസിക്കുന്ന ജനങ്ങളുടെ ജന്മനാട്ടിലേക്കുള്ള തിരിച്ച് വരവും സ്വന്തമായി വീടെന്ന ആഗ്രഹവും വിദൂര സ്വപ്നമായി മാറിയിരിക്കുന്നു.
വീട്ട് വാടക കുടിശിഖയും നിരക്ക് വര്‍ധനയും
കരാര്‍ ലംഘനങ്ങളുടെ തുടര്‍ക്കഥ
പുനരധിവാസത്തിനായി സ്ഥലം തിരികെ നല്‍കുന്നതുവരെ മൂന്ന് വര്‍ഷത്തേക്ക് 75,000/ രൂപ വീട്ടുവാടക നല്‍കുമെന്നും കാലതാമസമുണ്ടായാല്‍ വാടക നിരക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കുമെന്നുമാണ് കരാര്‍ വ്യവസ്ഥ. പ്രതിമാസ വാടകയായി നിശ്ചയിച്ചിരിക്കുന്ന തുച്ഛമായ 2080 രൂപ പോലും മാസങ്ങളായി കുടിശിഖയാണ്. 2015 മുതല്‍ വീട്ടുവാടക നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന കരാര്‍ വ്യവസ്ഥയും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
കുടിയൊഴിക്കപ്പെട്ടവരുടെ
തൊഴില്‍ നിഷേധം
കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. കുടിയൊഴിക്കപ്പെട്ട ഭൂരിഭാഗം പേര്‍ക്കും കമ്പനിയില്‍ ഡിസിഡബ്ല്യു വ്യവസ്ഥയില്‍ തൊഴില്‍ നല്കി എന്നത് ആശ്വാസകരമാണ്. എന്നാല്‍ തൊഴില്‍ ആരംഭിച്ച സമയത്ത് 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍, വനിതകള്‍, കരാര്‍ ജോലി ചെയ്തുവരവേ മരണമടഞ്ഞവരുടെ ആശ്രിതര്‍, കുടിയൊഴുപ്പിക്കലില്‍ ഉപജീവനത്തിനുള്ള തൊഴില്‍ സംരംഭം നഷ്ടപ്പെട്ടവര്‍ എന്നിവരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തൊഴില്‍ നിയമനത്തില്‍ നിന്നും ഒഴവാക്കി. കമ്പനിയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് വിലക്ക് ഇല്ലെന്നിരിക്കെ കുടിയൊഴിക്കപ്പെട്ട വനിതകള്‍ക്ക് മാത്രം തൊഴില്‍ നിഷേധിക്കുന്നത് തുല്യ അവസരത്തിന്റെ നിഷേധവും ലിംഗസമത്വത്തിന്റെ ലംഘനവുമാണ്.
സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രൂപതയും ഇടവകയും അധികാരികള്‍ക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 23.6.2023 ല്‍ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഈ വിഷയം പരിഹരിക്കുന്നതിനായി കമ്പനി തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇപ്രകാരം കമ്മിറ്റി രൂപീകരിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ രേഖകള്‍ പരിശോധിച്ചു ലിസ്റ്റ് തയ്യാറാക്കിയിട്ട് വര്‍ഷങ്ങളായി. നിയമനം അനന്തമായി നീളുന്നതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നൂറ് കണക്കിന് തൊഴില്‍ ദിനങ്ങളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ആരെക്കെയോ ചേര്‍ന്ന് ഇവരുടെ തൊഴില്‍ അവകാശത്തിന് മണിച്ചിത്ര താഴിട്ട് പൂട്ടിയിരിക്കുകയാണ്.
സെന്റ് ലിഗോറിസ് എല്‍പി സ്കൂളിന്
സ്ഥലവും കെട്ടിടവും – കാണാമറയത്ത്
കെഎംഎംഎല്‍ കമ്പനിയുടെ വ്യവസായ ആവശ്യത്തിനും ദേശീയ ജലപാത വികസനത്തിനുമായി വാഹന ഗതാഗതയോഗ്യമായ പാലം നിര്‍മ്മിക്കുന്നതിന് സെന്റ് ലിഗോറിസ് എല്‍പി സ്കൂള്‍ മാറ്റി സ്ഥാപിക്കുന്നതിനും പകരമായി ഒരേക്കര്‍ സ്ഥലവും അതില്‍ പുതിയ കെട്ടിടവും നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ തീരുമാനിച്ചു. ഇത് പ്രകാരം എല്‍പി സ്കൂള്‍ താല്‍ക്കാലികമായി ചവറ ഗവ. ഹൈസ്കൂള്‍ കോമ്പൗണ്ടിലേക്ക് മാറ്റി പ്രവര്‍ത്തിച്ചുവരികയാണ്. ഇത് സംബന്ധിച്ച് 28.11.22ന് നടന്ന ഉന്നതതല യോഗത്തില്‍ ഒരേക്കര്‍ സ്ഥലം ഉടനെ അനുവദിക്കാമെന്നും സ്കൂള്‍ കെട്ടിട നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാമെന്നും തീരുമാനിച്ചു. സ്കൂള്‍ കെട്ടിടത്തിനും പാലത്തിനും 5.2 .24 ല്‍ വ്യവസായ മന്ത്രി തറക്കല്ല് ഇട്ടു. പാലത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലായെങ്കിലും സ്ക്കൂളിനുള്ള സ്ഥലവും കെട്ടിടവും ഇപ്പോഴും കാണാമറയത്താണ്. സ്കൂളിന് വേണ്ടി അളന്ന് തിരിച്ച് അതിര്കല്ല് ഇട്ട സ്ഥലം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്.
കടല്‍തീരത്തെ കല്ലിടീലും
കടലാസില്‍ തന്നെ
ദേവാലയവും അനുബന്ധ സ്ഥാപനങ്ങളും സംരക്ഷിക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. അശാസ്ത്രീയമായ ഖനനത്തെ തുടര്‍ന്ന് പ്രദേശം കൂടുതല്‍ പാരിസ്ഥികമായി ദൂര്ബലമാകുകയും കടല്‍ഭിത്തി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലുമാണ്. ഒരു ചെറിയ കടല്‍ക്ഷോഭം ഉണ്ടായാല്‍പോലും ദേവാലയവും സെമിത്തേരിയും പ്രദേശം ഒന്നാകെയും നശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാലവര്‍ഷം കടുത്തതോടെ ആശങ്കയും വര്‍ദ്ധിക്കുകയാണ്. കോവില്‍ത്തോട്ടം തീരത്തിന്റെ ശാസ്ത്രീയമായ സംരക്ഷണത്തിനായി മദ്രാസ് ഐ.ഐ.റ്റി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വര്‍ഷങ്ങളായി ഫയലില്‍ വിശ്രമിക്കുകയാണ്. പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കുമെന്ന ദീര്‍ഘനാളായുള്ള ഉറപ്പുകള്‍ എല്ലാം ഇപ്പോഴും കടലാസില്‍ വിശ്രമിക്കുന്നു.
കുരിശ്ശടി നിര്‍മ്മാണ
കേസില്‍ കുരുങ്ങിയവര്‍
ദേവാലയത്തിന്റെ കൈവശത്തിലുള്ളതും ദുഃഖവെള്ളിയാഴ്ച ഉരുള്‍നേര്‍ച്ച ആരംഭിക്കുന്നതുമായ സ്ഥലത്ത് വിശ്വാസികളുടെ പങ്കാളിത്തത്തോടെ 2017 ഫെബ്രുവരി 12 – ന് കുരിശ്ശടി നിര്‍മ്മാണം ആരംഭിച്ചു. ഈ വസ്തു കമ്പനിയുടെതാണെന്ന് തെറ്റായി വ്യാഖ്യാനിച്ച് കമ്പനി കേസ്സ് നല്‍കുകയും പൊലീസ് നടപടിയിലൂടെ നിര്‍മ്മാണം തടസ്സപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. ഇതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയും വിശ്വാസ ധീരതയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇതിനിടെ കുരിശ് സ്ഥാപനത്തിനെതിരെ സമൂഹത്തില്‍ തെറ്റിദ്ധാരണകളും ദുഷ്പ്രചരണങ്ങളും പരത്തി. നിരപരാധികളായ 24 ഇടവകാംഗങ്ങള്ക്കെതിരെ കേസ്സ് എടുത്തു. പിന്നീടുള്ള വിശദമായ പരിശോധനയില്‍ വസ്തുവിന്റെ ഉടമസ്ഥാവകാശം പള്ളിയുടേതാണെന്ന് റവന്യു വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ടാം ഘട്ട മൈനിംഗ് 2023 ജനുവരി മുതല്‍ പുനരാരംഭിക്കുന്ന മുറയ്ക്ക് കേസ് പിന്‍വലിക്കാമെന്ന അധികാരികളുടെ ഉറപ്പുകളെല്ലാം വിശ്വാസവഞ്ചനയുടെ പ്രകടന പത്രികകളായി മാറുകയും കേസ് ഇപ്പോഴും കോടതയില്‍ തുടരുകയുമാണ്.
കേസില്‍പ്പെട്ട യുവജനങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതിനോ വിദേശത്ത് ജോലിക്ക് പോകാനോ കഴിയാതെ വലിയ ജീവിത പ്രതിസന്ധി നേരിടുന്നു. പ്രതികളെല്ലാം ദൈനംദിന ജോലിയും വരുമാനവും നഷ്ടപ്പെടുത്തി വര്‍ഷങ്ങളായി വക്കീലാഫീസുകളിലും കോടതിയിലും കയറി ഇറങ്ങി നടക്കുകയാണ്. നൂറ്റാണ്ടുകളായി കോവില്‍ത്തോട്ടം ഇടവകയുടെ കൈവശത്തിലും നിയമപരമായി അവകാശപ്പെട്ടതുമായ സ്ഥലത്തു ആത്മീയ ആവശ്യത്തിനായി ഒരു കുരിശു നിര്‍മ്മിച്ചതിന്റെ പേരില്‍ ഇടവക ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും വേദനയും അളവറ്റതാണ്.
തന്റെ നിരപരാധിത്വം തെളിയിക്കപ്പെടാനാകാതെ ഈയിടെ മരണപ്പെട്ട ശ്രീമതി ജനറ്റ് നോര്‍ബട്ട് കോവില്‍ത്തോട്ടം അതിജീവന പോരാട്ടങ്ങളുടെ സഹന ഓര്‍മ്മയായി മാറി. സത്യം കോടതിയില്‍ തെളിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവരുടെ ബന്ധുക്കളും നാട്ടുകാരും.
സെമിത്തേരി വിപുലീകരണത്തിന് സ്ഥലം
അശാസ്ത്രീയമായ ഖനന മൂലം ഉണ്ടായ തീരശോഷണവും ശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതികളുടെ അഭാവം കൊണ്ടും സെമിത്തേരിയുടെ സമീപമുണ്ടായിരുന്ന ഇടവക വസ്തുക്കള്‍ കടലെടുക്കുകയുണ്ടായി. ഇതുമൂലം സെമിത്തേരി വിപുലീകരി ക്കാനാകാത്തതിനാല് ശവസംസ്ക്കാരം ദുഷ്ക്കരമായിരിക്കുന്നു. ഒരു സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യം എന്ന നിലയില്‍ ശവസംസ്ക്കാര ശുശ്രൂഷകള്‍ക്കുള്ള സ്ഥലസൗകര്യം അനിവാര്യമാണ്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍ന്ന് 23.6.2023 ല്‍ വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സെമിത്തേരി വിപുലീകരണത്തിന് സ്ഥലം ലഭ്യമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതും തീരുമാനമായി തന്നെ ഫയലുകളില്‍ അവശേഷിക്കുന്നു.
നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു
ന്യായം വിദൂരത്ത് നില്ക്കുന്നു
ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടങ്ങളും ജനപ്രതിനിധികളും തുടര്‍ച്ചയാണല്ലോ. ഈ അധികാര സംവിധാനങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കരാറിനെ വിശ്വസിച്ചാണ് പാവപ്പെട്ട മനുഷ്യര്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം കമ്പനിക്ക് നല്‍കിയത്. കുടിയൊഴിപ്പിക്കല്‍ കരാറില്‍ ഒപ്പിട്ടവരും ഇതുവരെയുള്ള അവരുടെ തുടര്‍ച്ചക്കാരും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും അവകാശങ്ങളും യഥാസമയം നല്‍കുന്നതിനെതിരെ മുഖം തിരിഞ്ഞു നിന്നു എന്നതാണ് ഇതുവരെയുള്ള അനുഭവം.
കരിമണല്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിലിയായ കെഎംഎംഎല്‍ കമ്പനി ഇപ്പോള്‍ കൈവരിച്ച പുരോഗതിക്കു പിന്നിലുള്ള കോവില്‍ത്തോട്ടത്തെ മത്സ്യതൊഴിലാളികളുടെ ത്യാഗവും സഹനവും വിലപ്പെട്ടതാണ്. കോവില്ത്തോട്ടത്തു നിന്നുള്ള ധാതുമണല്കൊണ്ടാണ് കമ്പനി ലാഭത്തിലായതും തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലാഭവിഹിതവും ലഭിക്കുന്നതിന് നിദാനമായത്. എന്നാല്‍ കരിമണല്‍ വ്യവസായ പുരോഗതിയുടെ നന്ദി സ്മരണകളില്‍ നിന്നും ഈ പാവപ്പെട്ട മനുഷ്യരെ മാറ്റി നിറുത്തുകയാണ് അധികാരികള്‍. കോവില്‍ത്തോട്ടം ജനതയുടെ ഭാവിയെയും അതിജീവനത്തെയും വേരോടെ പിഴുതെറിയുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
‘നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു, ന്യായം വിദൂരത്ത് നില്ക്കുന്നു,സത്യം പൊതുസ്ഥലങ്ങളില്‍ വീണടിയുന്നു’ എന്ന ഏശയ്യ പ്രവാചകന്റെ നിലവിളിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കോവില്ത്തോട്ടത്തു നിന്നും ഉയരുന്നത്.
പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജനം
വലിയ വാഗ്ദാനങ്ങള്‍ നല്കി പാവപ്പെട്ടവരുടെ മണ്ണും കിടപ്പാടവും തൊഴിലിടവും വ്യവസായ വികസനത്തിനായി ഏറ്റെടുത്തിട്ട്, കാര്യംകഴിഞ്ഞപ്പോള്‍ അവരെ ചവിട്ടിമെതിക്കുന്നത് നീതി നിഷേധം മാത്രമല്ല നന്ദികേടുകൂടിയാണ്. നിസ്സഹായരായ ഈ പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ള നിലവിളിക്ക് പ്രത്യുത്തരം നല്കാന് പുതിയ സര്‍ക്കാര്‍ തയ്യാറാകുമെന്ന വളരെ വലിയ പ്രതീക്ഷയിലാണ് ജനങ്ങള്‍. പുനരധിവാസത്തിനുള്ള ഭൂമിയും ഭവന നിര്‍മ്മാണത്തിനുള്ള സഹായവും, വീട്ടുവാടക നിരക്ക് വര്‍ദ്ധനവും കുടിശ്ശികയും, സപ്ലിമെന്ററി ലിസ്റ്റില്‍പ്പെട്ടവരുടെ തൊഴില്‍ നിയമനവും നിലവിലെ ഡിസിഡബ്ല്യു ജീവനക്കാരുടെ തൊഴില്‍ സ്ഥിരതയും, എല്‍പി സ്കൂളിന് സ്ഥലവും കെട്ടിടവും, കുരിശടി നിര്‍മ്മാണ കേസ് പിന്‍വലിക്കല്‍, ശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതികള്‍, അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം എന്നിവ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടതുണ്ട്.
അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട അതിജീവന പ്രശ്നങ്ങള്‍ പരിഹിരിക്കപ്പെടുന്ന പ്രഭാതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ജനം.

