വില്‍സി സൈമണ്‍
അവധിക്കാലം കഴിഞ്ഞു. നമ്മുടെ വിദ്യാലയങ്ങള്‍ തുറന്നു. വിദ്യാലയങ്ങളിലേക്ക് പോകുന്ന നമ്മുടെ മക്കള്‍ ഏറ്റവും സുരക്ഷിതരായി വീടുകളില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്. ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോയെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പെട്ടെന്ന് കഴിയില്ല. ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെയാണെന്ന് സ്വയം വിശ്വസിക്കാനും വയ്യ. ഇവിടെ മനുഷ്യത്വം നഷ്ടപ്പെട്ട് പോകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാം.
ലഹരിവസ്തുക്കളുടെ വലിയ മാര്‍ക്കറ്റ് ആയി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണെന്ന് വര്‍ത്തമാനകാല വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബംഗളൂരുവില്‍ പഠിക്കുവാന്‍ പോയ നഴ്സിംഗ് വിദ്യാര്‍ഥിനിയെ കോടിക്കണക്കിന് ലഹരി വസ്തുക്കളുമായി പിടികൂടിയത് കഴിഞ്ഞ ദിവസമാണ്.
ഉപരിപഠനത്തിനായി പോയ ഏകമകന് ലഹരിയ്ക്ക് അടിമയായ വിവരം അറിഞ്ഞ് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുന്ന ഒരു കുടുംബത്തെ അടുത്തിടെയാണ് പരിചയപ്പെട്ടത്. ലഹരിക്ക് അടിമപ്പെട്ട് സുബോധം നഷ്ടപ്പെട്ട നിലയില്‍ സഹോദരന് മരിച്ച സംഭവം വളരെ വിഷമത്തോടെയാണ് കേട്ടത്. ഇത് വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുന്നതല്ല. ലഹരി നമ്മുടെ വീടുകളിലും എത്തിക്കഴിഞ്ഞു. സാക്ഷരതയില്‍ ഏറെ മുമ്പിലാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് വളരെ ഗൗരവമായി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം ഗൗരവമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പുണ്ടായിട്ടും ഇത് കാര്യക്ഷമമായി തടയാന്‍ എന്ത് നടപടികള്‍ ചെയ്തുവെന്ന് ഒരു ആത്മപരിശോധന നാം നടത്തുന്നത് നല്ലതാണ്. മാറിമാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും മതസാംസ്കാരിക സംഘടനകളും സ്വയം ഒരു വിചിന്തനം നടത്തണം. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് മദ്യക്കുപ്പികളില്‍ എഴുതി വച്ചശേഷം മദ്യവില്പനയ്ക്ക് ലൈസന്‍സ് കൊടുക്കുകയും മദ്യം മതിയാവോളം കുടിച്ചതിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പത്രത്തില്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്യുന്ന ഇക്കാലത്താണ് നമ്മുടെ കുട്ടികള്‍ ജീവിക്കുന്നത്.
നമ്മുടെ കുഞ്ഞുങ്ങള്‍ എല്ലായ്പ്പോഴും സുരക്ഷിതരാണെന്ന് നാം കരുതരുത്. ചെറുതും വലുതുമായ ലഹരിസംഘങ്ങളുടെ കഴുകന് കണ്ണുകള്‍ അവരെ വട്ടമിട്ടു പറക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്ന അധികാര വൃന്ദങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ജീവിതത്തിന്റെ ലക്ഷ്യം പണം മാത്രം ആണെന്ന് കരുതി ചെകുത്താന്റെ മനസ്സുമായി ഇവിടെ ജീവിക്കുന്നവരും ഉണ്ട്. കുഞ്ഞുങ്ങള്‍ സഞ്ചരിക്കുന്ന വഴികള്‍, അവര്‍ താമസിക്കുന്ന ഇടങ്ങള്‍, കൂട്ടുകാര്‍ എല്ലാം ഇക്കൂട്ടരുടെ കണ്ണില്‍ ഉണ്ട്..
എവിടെയാണ് നമുക്ക് പിഴവ് പറ്റിയത്?
ജീവിതഗന്ധിയായ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്കാന് നാം മറന്നു പോയി. പരീക്ഷകളില്‍ ജയിക്കുന്നതും എ പ്ലസ് നേടുന്നതും മാത്രമല്ല ജീവിതം എന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയണം.
സത്യവും സ്നേഹവും കാരുണ്യവും അഭ്യസിക്കുന്നതും പഠനമാണെന്ന ബോധ്യം നമ്മുടെ കുട്ടികളില്‍ ഉണ്ടാകണം. സത്യവും സ്നേഹവുമെല്ലാം ലഹരിയാകണം. അറിവിന്റെ നവ ലോകത്തിലേക്ക് പറന്നുയരാന്‍ വായനയും എഴുത്തും സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമെല്ലാം കൃത്യതയോടെ ആകണം. ശരീരത്തിന്റെയും മനസ്സിന്റെയും ഊര്‍ജം പരിപോഷിപ്പിക്കാന്‍ സ്പോര്‍ട്സ്, യോഗ, പ്രാര്‍ഥന, ധ്യാനം തുടങ്ങിയവ പരിശീലിപ്പിക്കാം.
മനസിന് കുളിര്‍മ നല്കുന്ന സിനിമകള്‍, സംഗീതം, കലാരൂപങ്ങള്‍ എല്ലാം നമുക്ക് ചുറ്റിലും ഉണ്ട്. ഒഴിവ് സമയം ഇതിനും ഉപയോഗപ്പെടുത്താം. നല്ല സൗഹൃദങ്ങള്‍ ഒരു ലഹരിയല്ലേ! നൃത്തം, സംഗീതം, വായന, എഴുത്ത് എന്നുവേണ്ട ആകാശത്ത് നിന്ന് പൊഴിയുന്ന ഓരോ മഴത്തുള്ളിയും മഞ്ഞും വെയിലും അലയടിച്ചുയരുന്ന തിരമാലകളും കാടും മേടും പുഴയും പൂക്കളും പൂമ്പാറ്റകളും എല്ലാം കുട്ടികളുടെ മനസ്സില്‍ ലഹരിയായിത്തീരട്ടെ. മാതാപിതാക്കളും മക്കളും മുതിര്‍ന്നവരും പരസ്പരം സ്നേഹിച്ചുജീവിക്കുന്ന കുടുംബങ്ങളാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
എല്ലാം തുറന്നു പറയാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാകണം. കൗമാരകാലഘട്ടങ്ങളില്‍ ഉണ്ടാകുന്ന ശാരീരിക മാനസിക വൈകാരിക വ്യതിയാനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് കുട്ടികള്‍ക്ക് നല്‍കണം.
എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും കുട്ടികള്‍ തിരിച്ചറിയണം. ശരികള്‍ക്കൊപ്പം നില്ക്കുവാനും തെറ്റുകളോട് ‘നോ’ പറയാനുള്ള മനോധൈര്യവും കുട്ടികള്‍ക്ക് ചെറുപ്പം മുതലേ പകര്‍ന്നു നല്‍കണം. ഒപ്പം അവരുടെ കഴിവുകളെ കണ്ടെത്തി അവ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കാപട്യം നിറഞ്ഞ ചുറ്റുപാടുകളില്‍ പകച്ചു നില്ക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് നാം താങ്ങും തണലുമാകണം. അല്ലെങ്കില്‍ അവര്‍ വാടിത്തളര്ന്നുവീഴും. പരീക്ഷകള്‍ ജയിക്കുകയും ജോലി നേടുകയും ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ ചുറ്റിലുമുള്ള കെണികളില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതാണ് പരമപ്രധാനം. അത്രമേല്‍ ധാര്‍മിക ച്യുതി നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മുടെ മക്കളുടെ ജീവിതം നമുക്ക് വിലപ്പെട്ടതാണ്. അവരിലാണ് നമ്മുടെ പ്രതീക്ഷ. വരുദിനങ്ങള്
അവരുടേതാണ്. പക്വതയുള്ള ഒരു തലമുറയെ, ഒരു സമൂഹത്തെ, ഒരു രാജ്യത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് എന്നും കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കാം.
ആടിയും പാടിയുംപഠിച്ചും ഉല്ലസിച്ചും അറിവും കഴിവും ബുദ്ധിയും വിവേകവും മൂല്യബോധവുമുള്ള മനുഷ്യരായി അവര്‍ രൂപാന്തരപ്പെടണം. മത്സരങ്ങളുടെ ലോകത്ത് പിടിച്ചു നില്ക്കാന് വേണ്ട വിദ്യകള്‍ അവര്‍ക്ക് അറിയണം.. അങ്ങനെ വര്ണപട്ടങ്ങളായി അറിവിന്റെ വിഹായസ്സിലേയ്ക്ക് അവര്‍ പറന്നുയരട്ടെ.

