ലൂയിസ് തണ്ണിക്കോട്ട്
തിരുഹൃദയ മാസമാണ് ജൂണ്‍. പ്രത്യേകമായി തിരുഹൃദയ വണക്കമാസം ചൊല്ലുന്ന നാളുകള്‍. തിരുഹൃദയ നട ഓരോ ക്രൈസ്തവ കുടുംബത്തിന്റെയും അത്താണിയാണ്. കത്തിച്ചുവെച്ച മെഴുകുതിരിക്ക് മുന്പില് ഹൃദയമുരുകി ദൈവവുമായി സംസാരിക്കുന്ന ഇടം കൂടിയാണ് ഓരോ ഭവന പ്രതിഷ്ഠകളിലെയും തിരുഹൃദയ നട. തിരുഹൃദയത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ജൂണ്‍ മാസത്തില്‍ തന്നെ ഹൃദയത്തിന് ഉള്ത്തുടിപ്പേകുന്ന ചില കാഴ്ചകള്‍ ഉണ്ടായി.
കോട്ടയം തെള്ളകം കപ്പുച്ചിന്‍ ആശ്രമത്തില്‍ ഫാദര്‍ ജിനു മാന്തിയലിന്റെ ളോഹ ഈറ്റില്ലമാക്കി ഒരു ബുള്‍ബുള്‍ പക്ഷിയും, അപകടത്തില്‍പ്പെട്ട സ്ത്രീക്ക് നാണം മറക്കാന്‍ നടുറോഡില്‍ വെച്ച് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു നല്കിയ തൃപ്പൂണിത്തുറയില്‍ സൈക്കിളിലെ ചായ വില്പ്പനക്കാരന് ഷാജിയും ആ കാഴ്ചകളില്‍ പെടുന്നു. തന്റെ സന്ന്യാസ വസ്ത്രം അലക്കി ഹാങ്ങറില്‍ ഉണക്കാനിട്ട്, ഒരാഴ്ച ആശ്രമത്തില്‍ നിന്നും പുറത്തുപോയ ഫാദര്‍ ജിനു തിരിച്ചു വന്നപ്പോഴാണ് ളോഹക്കുള്ളില്‍ ബുള്‍ബുള്‍ പക്ഷിയുടെ കൂടു കാണുന്നതും, ശേഷം പക്ഷിയേയും കുഞ്ഞുങ്ങളെയും പരിചരിക്കാന്‍ ആശ്രമവാസികള്‍ തീരുമാനിക്കുന്നതും. ഒരു ഫ്രാന്‍സിസ്ക്കന്‍ സഭാ വസ്ത്രം ഈറ്റില്ലമാക്കിയ ബുള്‍ബുള്‍ പക്ഷി, പരിസ്ഥിതി- പക്ഷി-മൃഗാദികളുടെ സംരക്ഷകന്‍, വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പറ്റിയോ അദ്ദേഹത്തിന്റെ സഭയെ പറ്റിയോ കേട്ടറിഞ്ഞ്, ഒരു സംരക്ഷണത്തിനായി കൂടൊരുക്കാനുള്ള ഒരു വഴിയുമില്ല. പക്ഷികളെയും മൃഗങ്ങളെയും സഹോദരീ സഹോദരാ എന്ന് അഭിസംബോധന ചെയ്തിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പിന് തലമുറക്കാര്‍, ഒരു കിളിക്ക് കൂടുണ്ടാക്കാനായി ബോധപൂര്‍വ്വം ഉണക്കാന്‍ ഇട്ടതും ആയിരിക്കില്ല അവരുടെ സഭാ വസ്ത്രം. അപകടത്തില്‍ പെട്ടു കിടന്ന സ്ത്രീക്ക് റോഡില്‍ വെച്ച് തന്റെ ഉടുമുണ്ടഴിച്ചു നല്കിയ ഷാജിയും നവമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടിയായിരിക്കില്ല ആ സദ് പ്രവര്‍ത്തി ചെയ്തത്. രണ്ട് സംഭവങ്ങളിലും ഇഴ ചേര്‍ന്നു കിടക്കുന്നത് പരസ്നേഹത്തിന്റെ വലിയൊരു ജീവിത പാഠമാണ്.

യേശു തമ്പുരാന്റെ സുവിശേഷം കേവലം വാക്കുകളിലും അക്ഷരങ്ങളിലും ഒതുങ്ങേണ്ടതല്ല. അത് ജീവിച്ച് സാക്ഷ്യപ്പെടുത്തേണ്ട പാഠമാണെന്നതാണ് യാഥാര്‍ഥ്യം. കുരുവിക്ക് ഇടം കൊടുത്തതിലൂടെ തെള്ളകത്തെ ആശ്രമവാസികളും, അപകടത്തില്‍പ്പെട്ട സ്ത്രീയെ ഓടിച്ചെന്ന് വാരിയെടുത്തു സ്വന്തം ഉടുമുണ്ട് നല്‍കിയതിലൂടെ ഷാജിയും പൊതുസമൂഹത്തിനു മുന്പില്, ജീവന്റെ സംരക്ഷകരും, യേശുവിന്റെ ജീവിക്കുന്ന സുവിശേഷവുമാകുകയായിരുന്നു.
ബോധിവൃക്ഷ തണലിരുന്ന് ശ്രീബുദ്ധനായി രൂപാന്തരീകരണം പ്രാപിച്ച സിദ്ധാര്‍ത്ഥന്റെയും കാഴ്ചപ്പാട്, ജീവന്റെ സംരക്ഷണം ആയിരുന്നു. ‘നാമല്ല ജീവികള്‍ക്ക് പ്രാണന് കൊടുത്തത്, അവയെ ഹിംസിക്കാനുള്ള അവകാശവും നമുക്കില്ല’. ഈ സദ് വാര്‍ത്ത അരക്കിട്ടുറപ്പിച്ചു കൊണ്ട്, ഗലീലിയന്‍ നമ്മളോട് പറഞ്ഞത്, ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും, അത് സമൃദ്ധമായി ഉണ്ടാകാനുമാണ്. (യോഹ:10/10) എന്നാണ്.
ജീവന്റെ സംരക്ഷണമാണ് യേശു ശിഷ്യരുടെ പ്രഥമവും പ്രധാനവുമായ കടമ.
സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി യേശുവിന്റെ പക്കലേക്ക് എത്തിച്ചേര്‍ന്നവര്‍ക്ക് യേശു നല്കിയ സദ് വാര്‍ത്തയാണ് സുവിശേഷം. ആ സുവിശേഷത്തിന്റെ സാക്ഷ്യം ആകണം അഭയം തേടി ചെല്ലുന്നവര്‍ക്കും, അപകടത്തില്‍ പെടുന്നവര്‍ക്കും, ആവശ്യക്കാര്‍ക്കും കൈത്താങ്ങ് ആകേണ്ടത്.
തച്ചന്റെ മകന്റെ സമീപത്ത് എത്തിയ ഏതെങ്കിലും ഒരു പാപിയോ, അശുദ്ധനോ ഗണികയോ ഭാരമുള്ള മനസ്സുമായി മടങ്ങിയ ഒരൊറ്റ തെളിവ് പോലും സുവിശേഷത്തില്‍ ഇല്ല. എന്നാല്‍ യേശുവിന്റെ സദ് വാര്‍ത്ത ഇതായിരിക്കേ, ദൈവമുഖമുള്ള മനുഷ്യര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട നമ്മുടെയൊക്കെ ഇടങ്ങളില്‍ വന്ന്, ആവശ്യങ്ങള്‍ക്കായി നമ്മെ സമീപിക്കുന്ന ‘മനുഷ്യ പുത്രര്‍ ‘തിരിച്ചു പോകുന്നത് ബുള്‍ബുള്‍ പക്ഷിയെ പോലെ പുതുജന്മങ്ങളോടൊത്താണോ, അതോ നിസ്സാഹയത മുറ്റി നിലക്കുന്ന ഭാരമുള്ള മനസ്സുമായിട്ടാണോ ?
ഓര്‍മ്മയുണ്ടാവണം, ചരിത്രത്തിലെ പ്രപഞ്ച സൃഷ്ടാവ് മനുഷ്യനോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം ‘നിന്റെ സഹോദരന് എവിടെ ?’ (ഉല്പ:4/9) എന്നതാണ്.
അപരന് എനിക്ക് ആരാണ് എന്നത് മനുഷ്യ ചരിത്രത്തിന്റെ ആരംഭം മുതല്‍ അവന്റെ അന്വേഷണത്തിന്റെ ഭാഗമാണ്. നിന്റെ സഹോദരന് എവിടെ എന്ന ചോദ്യവും, ഞാന്‍ അവന്റെ കാവല്‍ ആളാണോ എന്ന മറു ചോദ്യവും, സോദര രക്തം മണ്ണില്‍നിന്നും എന്റെ നേരെ നിലവിളിക്കുന്നു എന്ന ദൈവത്തിന്റെ തുടര്മൊഴിയുമല്ലാം സാഹോദര്യത്തിന്റെ അകക്കാമ്പ് തന്നെ. മനുഷ്യ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുന്ന ഒന്നാണ് സാഹോദര്യം. എല്ലാ മതങ്ങളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഈ സാഹോദര്യത്തെയും തുല്യതയെയും അപഗ്രഥിക്കുമ്പോള്‍, ചരിത്രത്തിലും സംസ്കാരത്തിലും, വിശിഷ്യാ മതമേഖലകളിലും സാഹോദര്യത്തിനു വന്നിട്ടുള്ള അപചയത്തെയും പരാജയത്തെയും പരാമര്‍ശിക്കാതെ ഇരിക്കാനും ആവില്ല.
ചേര്‍ത്ത് പറയേണ്ടത്, ദരിദ്രര്‍ക്കും അരികുവരിക്കപ്പെട്ടവര്ക്കും ഒപ്പം നില്ക്കുക എന്നതും, കാവല്‍ തന്നെയാണ്.

മറക്കരുത്, ദരിദ്രരോട് പക്ഷം ചേരാന്‍ ധനവാനായ പിതാവിന്റെ മുന്പില്, സ്വന്തം ഉടുവസ്ത്രവും അടിവസ്ത്രവും വരെ ഊരിക്കൊടുത്ത വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രത്യേക ഓര്‍മ്മ, കത്തോലിക്കാ സഭ ആചരിക്കുന്ന വര്‍ഷമാണിത്. ഓര്‍ക്കേണ്ടത്, ‘ഞാന്‍ വസ്ത്രം ഇല്ലാത്തവന് ആയിരുന്നു, വീടില്ലാത്തവനായിരുന്നു, വിശക്കുന്നവനും ദാഹിക്കുന്നവനുമായിരുന്നു ….’എന്ന അന്ത്യവിധിയുടെ ചോദ്യത്തിനു മുന്പില്, ഇതാ ഞാന്‍ എന്ന് സ്വന്തം നെഞ്ചില്‍ കൈവെച്ച് ഉത്തരം പറയാന്‍ നാം പരുവപ്പെട്ടിട്ടുണ്ടോ ? അല്ലെങ്കില്‍ നമ്മില്‍ നിന്നും ഉയരുന്നത് ‘കര്‍ത്താവേ അത് നീയായിരുന്നോ ‘ (മത്താ: 25/3146) എന്ന ചോദ്യമാകുമോ? എന്തെന്നാല്‍, എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ മതവും, അതിന്റെ അനുബന്ധ ഘടകങ്ങളും വിശ്വാസ ജീവിതവും, അതില്‍ നിന്നും വ്യത്യസ്തമല്ലാതായി കൊണ്ടിരിക്കുന്നു. അതിനാല്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം നമുക്ക് ചുറ്റും നിലകൊള്ളുമ്പോള്‍, സ്നേഹ വിപ്ലവകാരിയായ ക്രിസ്തു, നമ്മുടെ ഓരോ ദിന രാത്രികളിലെയും ജീവിതത്തില്‍ ‘ഒരു അനുഭവമാകുന്നുണ്ടോ എന്ന നിര്‍ണായക ചോദ്യം, നമ്മുടെ മനസ്സിനെ വല്ലാതെ ഉലക്കുന്നുണ്ടോ എന്നതാണ്, ക്രിസ്ത്യാനി നേരിടുന്ന കാലിക വെല്ലുവിളി.
കാരണം, അപരന്റെ ജീവിതത്തെ തൊടാനും അപര ഹൃദയങ്ങളില്‍ കുടിയേറാനുമുള്ള വഴിയാണ് യഥാര്‍ത്ഥ ദൈവ സ്നേഹം. ആ ദൈവസ്നേഹത്തിലേക്ക് എത്തിച്ചേരുക എന്നത് പരസ്നേഹത്തിന്റെ തുറവിയിലൂടെയാണ്. ആ തുറവിയാണ് ആരാണ് എന്റെ അയല്ക്കാരന് എന്ന ചോദ്യത്തിന്റെ ഉത്തരം. വഴിയില്‍ മുറിവേറ്റവനെ കണ്ട് മനസ്സലിഞ്ഞ് അവനു വേണ്ട ശുശ്രൂഷ ചെയ്യാന്‍, അവന്റെ സമയവും യാത്രയും പണവും ചെലവഴിച്ച സമരിയക്കാരനെയാണ് പരസ്നേഹത്തിന്റെ അനുകരണ മാതൃകയായി ഈശോ തമ്പുരാന് കാണിച്ചു കൊടുത്തത്. അല്ലാതെ മുറിവേറ്റവനെ ശ്രദ്ധിക്കാതെ അവനവന്റെ സുരക്ഷിത വഴിയെ പോയ പുരോഹിതനെയോ ശുശ്രൂഷിയെയോ അല്ല. യേശു തമ്പുരാന് വിഭാവനം ചെയ്ത സാഹോദര്യത്തിന്റെ അകക്കാമ്പാണ് നല്ല സമരിയാക്കാരന്. അപരന്റെ വേദനയില്‍ ഹൃദയം തകരുന്ന സാഹോദര്യം, ഏത് ത്യാഗവും സ്നേഹത്തോടെ സ്വീകരിക്കും. ആ ക്രിസ്തുദര്‍ശനത്തില്‍ ചായ വില്പ്പനക്കാരന് ഷാജി ഒരു ക്രിസ്തു ശിഷ്യന് തന്നെ, തെള്ളകം ആശ്രമത്തിലെ ഫാദര്‍ ജിനുവും.
പോപ്പ് ഫ്രാന്‍സിസിന്റെ ഒരു നിരീക്ഷണം കൂടി കുറിക്കട്ടെ. ‘കര്‍ത്താവിലേക്ക് നോക്കിയിരിക്കല്‍ മാത്രമല്ല ആത്മീയത, കര്‍ത്താവിനെപ്പോലെ നോക്കുന്നതും കൂടിയാണത്. ‘ കര്‍ത്താവിന്റെ കാഴ്ചപ്പാട് സ്വന്തമാക്കുന്നതും അവന്റെതു പോലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതും, കര്‍ത്താവിനൊപ്പം ആയിരിക്കുന്നതു പോലെ തന്നെ മര്‍മ്മ പ്രധാനമാണ്.
അപ്പോള്‍ ചിന്തവേണം, യേശുവില്‍ വിശ്വസിക്കുന്നതല്ല പരമപ്രധാനമായത്, പിന്നെയോ യേശു ഒരുവനില്‍ വിശ്വസിക്കുന്നതാണ്. യേശുവില്‍ വിശ്വസിച്ച് അദ്ഭുതങ്ങള്‍ സ്വീകരിച്ച കുഷ്ഠരോഗിയെയും, അന്ധനെയും, നയിമിലെ വിധവയുടെ മകനെയും യേശു വിശ്വസിച്ച് എന്തെങ്കിലും ഏതെങ്കിലും ദൗത്യം ഏല്പിച്ചതായി നാം സുവിശേഷങ്ങളില്‍ വായിക്കുന്നില്ല. യേശുവില്‍ വിശ്വസിക്കുന്നവരാണ് ഭക്തര്‍. യേശു വിശ്വസിക്കുന്നവരാണ് ശിക്ഷ്യര്‍. നമ്മള് ഭക്തരോ …. ശിഷ്യരോ ?
ചോദ്യം തുടരുമ്പോഴും, ഒരുവശത്ത് കൈമോശം വന്നുകൊണ്ടിരിക്കുന്ന അനുകമ്പയും സോദരസ്നേഹവും. മറുവശത്ത് മൂര്‍ച്ചയുള്ള സ്വാര്‍ത്ഥതയും വാണിജ്യവല്‍ക്കരിക്കപ്പെടുന്ന സമൂഹവും. ഇതിനിടയില്‍ ചായ വില്പ്പനക്കാരന് ഷാജിയും കൂട്ടരും , കോട്ടയത്തെ ഫാദര്‍ ജിനുവും ആശ്രമവാസികളും, മനുഷ്യ സ്നേഹത്തിന്റെ സഹജീവികളോടുള്ള അനുകമ്പയുടെ വഴിവിളക്കായി തെളിഞ്ഞ് നില്ക്കുന്നു. ഫാദര്‍ ഷിനു – ഷാജി മാരെ കേരള ഹൃദയം ഏറ്റുവാങ്ങട്ടെ , പ്രത്യേകിച്ച് കേരളത്തിലെ ക്രിസ്തു ശിഷ്യരുടെ ഹൃദയത്തില്‍. വേദനിക്കുന്നവരിലും ആവശ്യക്കാരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും കേരള ജനതയുടെ അപര സ്നേഹത്തിന്റെ വഴിവിളക്കുകള്‍ തെളിഞ്ഞു നില്ക്കട്ടെ.
കരുണയും സഹാനുഭൂതിയും സമ സൃഷ്ടി സ്നേഹവും ഉള്ള മനുഷ്യരായി ക്രിസ്തു പതാകയ്ക്കു പിന്നില്‍ ക്രിസ്തുശിഷ്യര്‍ ജീവിത യാത്ര തുടരട്ടെ. കത്തിച്ച റാന്തലുമായി നട്ടുച്ചയ്ക്കും മനുഷ്യരെ തേടി അലയുന്ന അവധൂതര്‍ക്ക് കാലം കാത്തുവെച്ച ഉത്തരമായി ഓരോ ക്രൈസ്തവനും ക്രിസ്തു സാക്ഷികള്‍ ആവട്ടെ.
ഒപ്പം, ഓരോ തിരുഹൃദയ നടകളിലെ പ്രാര്‍ഥനകളാല്‍, പ്രപഞ്ചത്തിന്റെയും, പക്ഷി മൃഗാദികളുടെയും, സഹോദരങ്ങളുടെയും സംരക്ഷണത്തിന്റെ കാവലാളാവുകയും, അതുവഴി ക്രൈസ്തവന്റെ ആത്മീയതയില്‍ ക്രിസ്തുവിന്റെ കയ്യൊപ്പ് പതിയുകയും ചെയ്യട്ടെ.
മറുമൊഴി :- കാവല്ക്കാരന് ഒന്ന് കണ്ണടച്ചാല്‍ ശത്രു വന്ന് കള വിതക്കുമെന്ന് തന്റെ ഉപമകളില്‍ ഒന്നില്‍ ക്രിസ്തു. അതിന്റെ അര്‍ത്ഥം , എവിടെയൊക്കെ തിന്മ മേല്‍ക്കോയ്മ നേടുന്നോ, അവിടെയൊക്കെ ഒരു കാവലാള്‍ മയങ്ങിപ്പോയിട്ടുണ്ടാവും. എങ്കില്‍,
‘സഭ ഉറങ്ങുന്നതു കൊണ്ടാണോ നമ്മുടെ സമൂഹത്തില്‍ ഇത്രയും അധര്‍മ്മങ്ങള്‍ ഫണം വിടര്‍ത്തുന്നത് ‘ …….?

