ബിജോ സില്‍വേരി
ഇന്ത്യയിലെ മതസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പൊതുസമൂഹം നല്കുന്ന ബഹുമാനം അതുല്യമാണ്. ആരാധനാലയങ്ങളെ ദുര്‍ബലമാക്കുന്ന ഏറ്റവും വലിയ ഭീഷണി പുറത്തല്ല, അകത്തുനിന്നു തന്നെയാണെന്ന് അയോധ്യ വിളിച്ചുപറയുമ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ചരിത്രകഥകള്‍ തന്നെ ദുര്‍ബലമാകുന്നു. ഇവിടെ ഒരു കാര്യം വ്യക്തമായി പറയേണ്ടതുണ്ട്. അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.
ഭക്തര്‍ സമര്‍പ്പിച്ച സംഭാവനകള്‍ ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ ആരോപണത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചതോടെ അയോധ്യക്ഷേത്ര വിവാദം രാഷ്ട്രീയ ആരോപണങ്ങളില്‍ കൂടിക്കലര്‍ന്ന് ക്രിമിനല്‍ അന്വേഷണത്തിന്റെ തലത്തിലേക്ക് മാറി. എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ വിഷയം കൂടുതല്‍ ഗൗരവമായി. അന്വേഷണത്തില്‍ ഏറ്റവും അവസാനത്തെ ശ്രദ്ധേയമായ കണ്ടെത്തലായി മാറിയത് പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ‘രാമരാജ്യ കോഷ്’ എന്ന പേരിലുള്ള സംഭാവനപ്പെട്ടിയാണ്. ഡിജിറ്റല്‍ സംഭാവനകള്‍ സ്വീകരിക്കാന്‍ ക്യൂആര്‍ കോഡ് ഘടിപ്പിച്ചിരുന്ന ഈ പെട്ടി, ക്ഷേത്രത്തിന്റെ പേരില്‍ അനധികൃതമായി സംഭാവന ശേഖരിച്ചിരുന്നോ എന്ന ചോദ്യത്തിലേക്കാണ് അന്വേഷണത്തെ നയിക്കുന്നത്. ക്യൂആര്‍ കോഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളും അതുവഴിയുള്ള സാമ്പത്തിക ഇടപാടുകളും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്.
ആരോപണങ്ങളുടെ തുടക്കം
സംഭവങ്ങളുടെ തുടക്കം ക്ഷേത്രത്തിലെ പതിവ് സുരക്ഷാ പരിശോധനയിലായിരുന്നു. ചില ജീവനക്കാരുടെ കൈവശം പണം കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയങ്ങള്‍ ഉയര്‍ന്നു. പിന്നാലെ ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനായ മഹിപാല്‍ സിംഗ് പുറത്തുവിട്ട വീഡിയോ വലിയ വിവാദത്തിന് വഴിവെച്ചു. സംഭാവനകള്‍ എണ്ണുന്നതില്‍ ക്രമക്കേടുകള്‍ നടന്നതായും ബാങ്ക് ജീവനക്കാരും ചില ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് പണം തട്ടിയെടുത്തതായും അദ്ദേഹം ആരോപിച്ചു. സംഭാവനകള്‍ എണ്ണുന്ന ഭാഗത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ദീര്‍ഘകാലം ലഭ്യമല്ലാതിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഈ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. മുന്‍ എം.എല്‍.എ. പവന് പാണ്ഡെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ചു. വിഷയം അലഹബാദ് ഹൈക്കോടതിയിലും എത്തി. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ എസ്.ഐ.ടി. രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണം ശക്തമായതോടെ ക്ഷേത്രം നിയന്ത്രിക്കുന്ന ട്രസ്റ്റിലെ പ്രമുഖ അംഗങ്ങളായ ചംപത് റായ്, അനില്‍ മിശ്ര എന്നിവര്‍ രാജിവെച്ചു. ഇരുവരും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ദീര്‍ഘകാല പ്രവര്‍ത്തകരാണ്. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന മുഖങ്ങളായിരുന്ന ഇവരുടെ പേരുകള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
അധികാര രാഷ്ട്രീയത്തിന്റെ പ്രതീകം
നൂറ്റാണ്ടുകളായി കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസത്തെ ജ്വലിപ്പിച്ച ഒരു പേരാണ് അയോധ്യ. ചരിത്രത്തിന്റെ മണ്പാളികളിലും ഇതിഹാസങ്ങളിലും രാഷ്ട്രീയത്തിന്റെ തീപ്പൊരികളിലും ഒരുപോലെ ജീവിച്ച നഗരം. അവിടെ ഉയര്‍ന്ന രാമക്ഷേത്രം ഒരു ആരാധനാലയം മാത്രമല്ല; ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നാണ്. ഒരു രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതിലെത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനം, രക്തരൂക്ഷിതമായ വര്‍ഗീയത, നിയമപോരാട്ടം എല്ലാം ഒരൊറ്റ നിര്‍മ്മിതിയില്‍ സംഗമിച്ച അപൂര്‍വ പ്രതീകം.
അതിനാലാണ് അവിടെ ഉയരുന്ന ഓരോ വാര്‍ത്തയും രാജ്യത്തിനു പുറത്തുപോലും ചര്‍ച്ചയാകുന്നത്. ഇന്ന് ആ ചര്‍ച്ചയുടെ കേന്ദ്രമാകുന്നത് ദര്‍ശനമോ ഭക്തിയോ അല്ല; സംഭാവനപ്പെട്ടികളാണ്, സ്വന്തമായി ക്യുആര്‍ കോഡുകള്‍ പതിപ്പിച്ച് ഉദ്യോഗസ്ഥര്‍ നിര്‍മിച്ചെടുത്ത പണപ്പെട്ടികള്‍. ആര്‍ത്തിയുടെ മണിനാദമാണ് ആ ആരാധനാലയത്തില്‍ നിന്നുയരുന്നത്.
ഇത് ഒരു വൈരുധ്യമാണ്. ചരിത്രത്തിന്റെ പരിഹാസം കൂടിയാണ്. കാരണം, നൂറ്റാണ്ടുകളോളം ഇന്ത്യന്‍ പൊതുബോധത്തില്‍ ക്ഷേത്രങ്ങളെ തകര്ത്തവരായി ചിത്രീകരിക്കപ്പെട്ടത് പുറത്തുനിന്നെത്തിയ അധിനിവേശകരായിരുന്നു. സോമനാഥ് മുതല്‍ ശ്രീരംഗം വരെ അനേകം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ കഥകള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്നു. ആ ചരിത്രത്തെ രാഷ്ട്രീയമായും ഉപയോഗിക്കുന്നു. ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ വേദന ദേശീയബോധത്തിന്റെ ഭാഗമാക്കുകയും ചെയ്തു ഇപ്പോഴത്തെ ഭരണകക്ഷി.
ആരാധനാലയങ്ങളെ ദുര്‍ബലമാക്കുന്ന ഏറ്റവും വലിയ ഭീഷണി പുറത്തല്ല, അകത്തുനിന്നു തന്നെയാണെന്ന് അയോധ്യ വിളിച്ചുപറയുമ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന ചരിത്രകഥകള്‍ തന്നെ ദുര്‍ബലമാകുന്നു. ഇവിടെ ഒരു കാര്യം വ്യക്തമായി പറയേണ്ടതുണ്ട്. അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതലാണ്.
അയോധ്യയെ ഒരു ഭൂമിശാസ്ത്രപരമായ സ്ഥലമായി മാത്രം കാണാന്‍ കഴിയില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ‘രാമരാജ്യം’ മതവിശ്വാസത്തിനൊപ്പം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും ഭാഗമായിത്തീര്‍ന്നു. 1980-കളുടെ അവസാനം ആരംഭിച്ച രാമജന്മഭൂമി പ്രസ്ഥാനം ഒരു ക്ഷേത്രനിര്‍മാണ പ്രചാരണം മാത്രമായിരുന്നില്ല. അത് ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ ദിശമാറ്റിയ സംഭവവികാസമായിരുന്നു. ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ രഥയാത്ര മുതല്‍ 1992 ഡിസംബര്‍ 6 ലെ ബാബരി മസ്ജിദ് തകര്‍ക്കല്‍ വരെ നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വഴിത്തിരിവുകളായി ചരിത്രത്തില്‍ രേഖപ്പെടുത്തി..
തുടര്‍ന്ന് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം. ഒടുവില്‍ സുപ്രീം കോടതിയുടെ വിധി. അതിനുശേഷം ക്ഷേത്രനിര്‍മാണം.
ഇങ്ങനെ ഓരോ ഘട്ടവും അന്തര്‍ദേശീയ വാര്‍ത്തയായി മാറിയപ്പോള്‍, ഇന്നത്തെ സംഭാവനക്കേസും വ്യാപക ചര്‍ച്ചയാകുന്നതില്‍ അദ്ഭുതമില്ല. കാരണം, ഇവിടെ ചോദ്യം പണത്തിന്റെ തൂക്കമല്ല, വിശ്വാസത്തിന്റെ അളവാണ്.
ആരാധനാലയങ്ങളിലെ സംഭാവനപ്പെട്ടി വെറും മരംകൊണ്ടോ ഇരുമ്പുകൊണ്ടോ ഉള്ള പെട്ടിയല്ല. അത് ഒരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭൗതികരൂപമാണ്. അവിടെ ഒരു വിധവ ഭണ്ഡാരത്തില് ചെമ്പുതുട്ട് ഇടുന്നു. ഒരു വ്യവസായി ലക്ഷങ്ങള്‍ നല്കുന്നു. യഥാര്‍ഥത്തില്‍ അവരൊന്നും പണം കാണിക്കയായി നല്‍കുന്നില്ല. അവര്‍ തങ്ങളുടെ വിശ്വാസം ആരാധനാലയ നടത്തിപ്പുകാരെ വിശ്വസിച്ച് ഏല്‍പ്പിക്കുകയാണ്.
ഇന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും ദേവാലയങ്ങളിലും ഗുരുദ്വാരകളിലും സാമ്പത്തിക ക്രമക്കേടുകളുടെ പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചില കേസുകളില്‍ ശിക്ഷിച്ചിട്ടും ഉണ്ട്. ചിലത് തെളിവുകളുടെ അഭാവത്തില്‍ അവസാനിച്ചിട്ടുണ്ട്. ചിലത് രാഷ്ട്രീയ വിവാദങ്ങളായി മാത്രം നിലനിന്നു. എന്നാല്‍ അയോധ്യ വ്യത്യസ്തമാണ്. കാരണം അവിടെ കെട്ടിടം മാത്രമല്ല പണിതത്. ഭക്തിയുടെ, വീണ്ടെടുപ്പിന്റെ ഒരു കപടദേശീയ ആഖ്യാനം കൂടി പണിതിട്ടുണ്ട്. അതിനാലാണ് അവിടെ ഉയരുന്ന ഓരോ വിവാദവും ഒരു രാജ്യത്തിന്റെ ആത്മപരിശോധനയായി മാറുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങളായിരുന്നില്ല. അവ സാമ്പത്തിക കേന്ദ്രങ്ങളായിരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു; കലയുടെ അഭയകേന്ദ്രങ്ങളായിരുന്നു; സാമൂഹിക ജീവിതത്തിന്റെ ഹൃദയമായിരുന്നു. ഭൂമിയും ധാന്യശേഖരങ്ങളും സ്വര്‍ണവും രത്നങ്ങളും മറ്റനേകം സംഭാവനകളും ക്ഷേത്രങ്ങളുടെ കൈവശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അത് മതപരമായ സംഘര്‍ഷം മാത്രമായിരുന്നില്ല; അധികാരത്തിന്റെയും സമ്പത്തിന്റെയും രാഷ്ട്രീയവുമായിരുന്നു.
സോമനാഥ് ക്ഷേത്രത്തെ മഹ്മൂദ് ഗസ്നി ആക്രമിച്ചുവെന്ന കഥ ഇന്ത്യന്‍ പൊതുബോധത്തില്‍ ഇന്നും ശക്തമായി നിലനില്ക്കുന്നു. അതുപോലെ ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലേക്കുള്ള മാലിക് കാഫൂറിന്റെ സൈനികയാത്രകളും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടം ഇന്നും വാദപ്രതിവാദങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. എന്നാല്‍ ചരിത്രപഠനം കാണിക്കുന്നത്, ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ കാരണങ്ങള്‍ എല്ലായ്പ്പോഴും ഒരേ സ്വഭാവത്തിലുള്ളതായിരുന്നില്ല എന്നതാണ്. മതവിശ്വാസം, യുദ്ധതന്ത്രം, സമ്പത്ത് പിടിച്ചെടുക്കല്‍, രാഷ്ട്രീയ ആധിപത്യം ഇവ പലപ്പോഴും പരസ്പരം ഇഴചേര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തെ മുദ്രാവാക്യങ്ങളായി ചുരുക്കുന്നത് അതിന്റെ സങ്കീര്‍ണത നഷ്ടപ്പെടുത്തും.
എന്നാല്‍ ഇവിടെ മറ്റൊരു ചരിത്രമുണ്ട്; അധികം ചര്‍ച്ചചെയ്യാത്തത്. അത് പുറത്തുനിന്നുള്ള അധിനിവേശത്തിന്റെ ചരിത്രമല്ല.
ഉള്ളില്‍നിന്നുള്ള വീഴ്ചയുടെ ചരിത്രമാണ്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം ഭരണത്തെക്കുറിച്ചുള്ള ഒരു നിര്‍ണായക നിരീക്ഷണം രേഖപ്പെടുത്തുന്നു: ‘വെള്ളത്തില്‍ നീന്തുന്ന മീന്‍ വെള്ളം കുടിക്കുന്നുണ്ടോ എന്ന് അറിയാന്‍ കഴിയാത്തതുപോലെ, പൊതുസമ്പത്ത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന് അതില്‍ നിന്ന് എത്ര എടുത്തുവെന്ന് കണ്ടെത്തുക പ്രയാസമാണ്.’
മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഈ നിരീക്ഷണം ഇന്നും പ്രസക്തമാണ്. അധികാരം ഉള്ളിടത്ത് പ്രലോഭനമുണ്ട്. പണമുള്ളിടത്ത് ദുരുപയോഗത്തിന്റെ സാധ്യതയുണ്ട്. മതസ്ഥാപനങ്ങള്‍ ഈ മനുഷ്യസ്വഭാവത്തില്‍ നിന്ന് വിമുക്തമല്ല. ദൈവവിശ്വാസം മനുഷ്യന്റെ ആത്മാവിനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യും. പക്ഷേ സ്ഥാപനം നടത്തുന്നത് മനുഷ്യരാണ്. മനുഷ്യര്‍ ദൗര്ബല്യങ്ങളില് നിന്ന് പൂര്‍ണമായും മോചിതരുമല്ല.
ആരാധനാലയം പണിയുക താരതമ്യേന എളുപ്പമാണ്. പക്ഷേ വിശ്വാസം പണിയുക പ്രയാസവും. ഒരു ഗോപുരം പണിയാന്‍ പണവും ശില്പികളും എന്‍ജിനീയര്‍മാരും മതി. പക്ഷേ വിശ്വാസം പണിയാന്‍ തലമുറകള്‍ വേണം. ഒരു അഴിമതി ആരോപണം മതി, ആ വിശ്വാസത്തില്‍ വിള്ളല്‍ വീഴാന്‍. അയോധ്യയിലെ ക്ഷേത്രം നിര്‍മിച്ചത് കല്ലുകൊണ്ടാണ്. എന്നാല്‍ അതിന്റെ യഥാര്‍ഥ അടിത്തറ കോടിക്കണക്കിന് ഭക്തരുടെ വിശ്വാസമാണ്. ആ വിശ്വാസം സംരക്ഷിക്കേണ്ടത് സുരക്ഷാസേനയല്ല; ഭരണസംവിധാനത്തിന്റെ സുതാര്യതയായിരുന്നു. അയോധ്യയിലെ കൊള്ള സംബന്ധിച്ച അന്വേഷണം ഒരു ക്ഷേത്രത്തിന്റെ ഭാവിയെക്കുറിച്ച് മാത്രമല്ല; ഇന്ത്യയിലെ മതസ്ഥാപനങ്ങളുടെ ഭരണസംസ്കാരത്തെക്കുറിച്ചുള്ള ഒരു വലിയ ചര്‍ച്ചയുമാണ്.
‘ദൈവത്തിന്റെ പേരില്‍ നിങ്ങളെ അസംബന്ധങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക്, അതേ പേരില്‍ നിങ്ങളെ അതിക്രമങ്ങള്‍ ചെയ്യിക്കാനും കഴിയും.’ എന്ന് വോള്‍ട്ടയര്‍ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്ത് അയോധ്യയടക്കം അതിന്റെ ധാരാളം ഉദാഹരണങ്ങളുമുണ്ട്.
ആരാധനാലയങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ ചിലപ്പോള്‍ മതവിരുദ്ധരായും വിശ്വാസത്തെ തകര്‍ക്കുന്നവരായും ചിത്രീകരിക്കാറുണ്ട്. വിധവയുടെ ചില്ലിക്കാശിന്റെ കണക്ക് ചോദിക്കുന്നത് മതത്തിനെതിരായ നടപടിയല്ല.
അത് മതത്തോടുള്ള, വിശ്വാസത്തോടുള്ള ബഹുമാനമാണ്. ഒരു ഭക്തന് സംഭാവന നല്കുമ്പോള് അവന് ഒരു ട്രസ്റ്റിന് പണം നല്‍കുന്നില്ല. അവന് തന്റെ വിശ്വാസമാണ് അവിടെ ഏല്‍പ്പിക്കുന്നത്. ആ വിശ്വാസം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഏറ്റവും വലിയ ബാധ്യത സുതാര്യതയാണ്. അതുകൊണ്ടുതന്നെ ഓഡിറ്റും, സ്വതന്ത്ര മേല്‍നോട്ടവും, പൊതുവിവരങ്ങളും, ഉത്തരവാദിത്തവും ഒരു മതസ്ഥാപനത്തെ ദുര്‍ബലമാക്കുന്നില്ല. അവ അതിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്.
ക്ഷേത്രങ്ങള്‍ മാത്രമല്ല, പള്ളികളും ദേവാലയങ്ങളും ഗുരുദ്വാരകളും ആശ്രമങ്ങളും വഖഫ് സ്ഥാപനങ്ങളും സഭാ ട്രസ്റ്റുകളും സുതാര്യമായ ഭരണസംവിധാനത്തിലൂടെ കടന്നുപോകേണ്ടവയാണ്. ജനാധിപത്യത്തില്‍ ഒരു സ്ഥാപനവും പരിശോധനയ്ക്ക് അതീതമല്ല. ആരേയാണോ കണക്കു ബോധ്യപ്പെടുത്തേണ്ടത് അവരെ കൃത്യമായി അത് ബോധ്യപ്പെടുത്തിയിരിക്കണം. മതപരമായ വിശുദ്ധി ഭരണപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കുന്ന ഒരു കവചമാകരുത്. കാരണം ഭരണവും വിശ്വാസവും രണ്ടും വ്യത്യസ്ത കാര്യങ്ങളാണ്.
ദൈവത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനവും ആദ്യമായി പാലിക്കേണ്ടത് ദൈവരാജ്യത്തിന്റെ മൂല്യങ്ങളാണ്. സത്യസന്ധത, സുതാര്യത, ഉത്തരവാദിത്തം, കരുണ, നീതി. ഈ മൂല്യങ്ങള്‍ ഇല്ലെങ്കില്‍ അവിടെ ദൈവങ്ങളുടെ പേര് ഉണ്ടായാലും ദൈവരാജ്യം ഉണ്ടാകില്ല.
അയോധ്യയിലെ അന്വേഷണത്തിന്റെ അന്ത്യം എന്തായിരിക്കും എന്ന് ഇപ്പോള്‍ ആര്‍ക്കും പറയാനാവില്ല. കുറ്റക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. പക്ഷേ കോടതിവിധിക്ക് അപ്പുറത്തും നിലനില്‍ക്കുന്ന ചില ചോദ്യങ്ങളുണ്ട്. അവ നിയമത്തിന്റെ ചോദ്യങ്ങളല്ല; ഒരു സമൂഹത്തിന്റെ ആത്മപരിശോധനയുടെ ചോദ്യങ്ങളാണ്.
ഒരു ആരാധനാലയം എന്തുകൊണ്ടാണ് മഹത്തരമാകുന്നത്? അതിന്റെ ഉയരംകൊണ്ടോ, സ്വര്‍ണം പൂശിയ മകുടങ്ങള്‍ കൊണ്ടോ, ദിവസേന എത്തുന്ന ഭക്തരുടെ എണ്ണത്താലോ ആണോ. അല്ല, ആ ആരാധനാലയം മനുഷ്യന്റെ ഉള്ളില്‍ ഉണര്‍ത്തുന്ന വിശ്വാസം കൊണ്ടാണ്. അതുകൊണ്ടാണ് രബീന്ദ്രനാഥ ടാഗോര്‍ തന്റെ ഗീതാഞ്ജലിയില്‍ മനുഷ്യന്റെ മനസ്സിനെ ദൈവത്തിന്റെ യഥാര്‍ഥ ആലയമായി കാണുന്നത്. ആരാധനാലയങ്ങളുടെ മഹത്വത്തെ അദ്ദേഹം നിഷേധിക്കുന്നില്ല; പക്ഷേ ആരാധനാലയത്തേക്കാള്‍ വിശുദ്ധം മനുഷ്യന്റെ മനസ്സാണെന്ന് ടാഗോര്‍ ഓര്‍മ്മിപ്പിക്കുന്നു. മഹാത്മാ ഗാന്ധി ‘രാമരാജ്യം’ എന്ന പദം ഉപയോഗിച്ചപ്പോള്‍ അതിന്റെ അര്‍ഥം ഒരു മതഭരണം ആയിരുന്നില്ല. അധികാരമുള്ളവര്‍ സ്വയം നിയമത്തിന് വിധേയരാകുകയും, പൊതുസമ്പത്ത് പവിത്രമായ ഉത്തരവാദിത്തമായി കാണുകയും ചെയ്യുന്ന ഒരു നീതിസംവിധാനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ഭക്തിയുടെ പേരില്‍ ഭരണത്തെ മറയ്ക്കാനാവില്ല
ഒരു മനുഷ്യന് തന്റെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം ദൈവത്തിന്റെ പേരില്‍ മാറ്റിവെക്കുന്നു. അത് ഒരു സാമ്പത്തിക ഇടപാടല്ല. ഒരു ആത്മീയ കരാറാണ്. ആ കരാറില്‍ മൂന്ന് കക്ഷികളുണ്ട്. ഭക്തന്, സ്ഥാപനം, വിശ്വാസം. ഇവയില്‍ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് സ്ഥാപനം. കാരണം ഭക്തന് വിശ്വസിക്കുന്നു. വിശ്വാസം ചോദ്യം ചെയ്യുന്നില്ല. അതിനാലാണ് സ്ഥാപനം സ്വയം നിയന്ത്രിക്കപ്പെടേണ്ടത്. അവിടെ സുതാര്യത ഒരു നിയമബാധ്യത മാത്രമല്ല. ഒരു ധാര്‍മിക കടമയാണ്.
മനുഷ്യര്‍ മാറുന്നു. സാങ്കേതികവിദ്യ മാറുന്നു. അപ്പോള്‍ മതസ്ഥാപനങ്ങളുടെ ഭരണരീതികളും മാറേണ്ടതുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ ഓരോ സംഭാവനയും ഡിജിറ്റലായി രേഖപ്പെടുത്താന്‍ കഴിയും. ഓരോ രൂപയും പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കാം. സ്വതന്ത്ര ഓഡിറ്റ് നിര്‍ബന്ധമാക്കാം. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാം. ഇവ വിശ്വാസത്തെ കുറയ്ക്കില്ല. മറിച്ച് അതിനെ കൂടുതല്‍ ശക്തിപ്പെടുത്തും.
നിയമങ്ങള്‍ ഉണ്ടാകാം, ട്രസ്റ്റുകള്‍ ഉണ്ടാകാം, ഭരണസമിതികള്‍ ഉണ്ടാകാം. പക്ഷേ അവയെ നയിക്കുന്നവരുടെ ധാര്‍മികബോധമാണ് ഒരു സ്ഥാപനത്തിന്റെ യഥാര്‍ഥ സുരക്ഷ.
വിശ്വാസം നഷ്ടപ്പെടുന്ന നിമിഷം, ഏറ്റവും ഉയര്‍ന്ന ഗോപുരവും ഒരു ശൂന്യസ്മാരകമായി മാറും. അതാണ് അയോധ്യ ഇന്ന് ഇന്ത്യയെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.

