പാലക്കാട്: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ നടക്കും. ധ്യാനകേന്ദ്രത്തിന്റെ നിലവിലെ ഡയറക്ടറായ ഫാ. സോജി ഓലിക്കൽ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കേരളത്തിന്റെയും അയൽ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ സന്ദേശത്തോടെയാണ് ജൂൺ 9-ന് ഔപചാരിക തുടക്കമായത്. യുവജനങ്ങളെ ആത്മീയ നവീകരണത്തിലേക്കും വിശ്വാസജീവിതത്തിലെ വളർച്ചയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സെഹിയോൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ നോയൽ വി. ജോസഫിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ സന്ദേശ യാത്ര ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ഫാ. സാംസൺ ക്രിസ്റ്റി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സാബു കാസർഗോഡ്, രാജു നെല്ലിക്കാമല, ഇമ്മാനുവൽ അക്കരപ്പറ്റി, ഫ്രാൻസിസ് നിലമ്പൂർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

