കണ്ണൂർ: കേരള ലത്തീൻ സഭയിലെ രൂപതകളിൽ നിന്നുള്ള വൈദിക വിദ്യാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രമായ കണ്ണൂർ പരിയാരത്തെ സെന്റ് ജോൺ പോൾ രണ്ടാമൻ പ്രോപ്പഡൂട്ടിക് സെമിനാരിയിൽ 2026-27 അധ്യയന-പരിശീലന വർഷത്തിന് തുടക്കമായി. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ആഘോഷപൂർണമായ ദിവ്യബലിയോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മേജർ സെമിനാരിയിലെ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനത്തിനും പരിശീലനത്തിനും മുന്നോടിയായി, പൗരോഹിത്യ ജീവിതത്തിലേക്കുള്ള ദൈവവിളിയെ ആഴത്തിൽ തിരിച്ചറിയാനും വിവേചിച്ചറിയാനുമുള്ള ഒരുക്കത്തിന്റെ സുപ്രധാന ഘട്ടമാണ് പ്രോപ്പഡൂട്ടിക് സെമിനരി പരിശീലനകാലമെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ഒൻപത് രൂപതകളിൽ നിന്നായി എത്തിച്ചേർന്ന 29 സെമിനരി വിദ്യാർത്ഥികളെ “The Gift of the Priestly Vocation” എന്ന വത്തിക്കാൻ പ്രാമാണികരേഖ കൈമാറി ഔദ്യോഗികമായി സ്വീകരിച്ചു.
കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും കെആർഎൽസിസി ജനറൽ സെക്രട്ടറിയുമായ ഡോ. ജിജു ജോർജ് അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി.
സെമിനരി റെക്ടർ ഡോ. ബിന്നി മേരിദാസ് (കൊല്ലം രൂപത), ആനിമേറ്റർ റവ. ഫാ. ജസ്ലിൻ ജോസ് (ആലപ്പുഴ രൂപത), ആത്മീയപരിശീലകൻ ഫാ. ഗിൽബർട്ട് ആന്റണി (കോട്ടപ്പുറം രൂപത), ഹൗസ് മാനേജർ ഫാ. ലിനോ പുത്തൻവീട്ടിൽ (കണ്ണൂർ രൂപത), കണ്ണൂർ രൂപത മൈനർ സെമിനരി റെക്ടർ ഫാ. ഷോബി ജോർജ്, ആത്മീയപരിശീലകൻ ഫാ. ചാക്കോ, പരിയാരം സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക വികാരി ഫാ. ഷാജു ആന്റണി, പാരിഷ് കൗൺസിൽ സെക്രട്ടറി മിസ്റ്റർ സജു, സെന്റ് മാർത്ത കോൺവെന്റ് പ്രതിനിധി സിസ്റ്റർ വിനീത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

