കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് മികച്ച വിദ്യാർഥികളുടെ വിഭാഗത്തിൽ ചാൻസലറായ ഗവർണറുടെ 2 നാമനിർദേശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പന്തളം എൻഎസ്എസ് കോളജ് വിദ്യാർഥികളായ മാളവിക ഉദയൻ, സുധി സദൻ എന്നിവരുടെ നാമനിർദേശമാണു സ്റ്റേ ചെയ്തത്.
കേരള സർവകലാശാല യുവജനോത്സവത്തിൽ കലാപ്രതിഭയായിരുന്ന നന്ദകിഷോർ, ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ വടംവലിയിൽ വെങ്കലം നേടിയ പി.എസ്.അവന്ത് സെൻ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് വിദ്യാർഥികളാണു ഹർജിക്കാർ. സ്പോർട്സ്, ഫൈൻ ആർട്സ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികളുടെ വിഭാഗത്തിലാണ് മാളവിക ഉദയൻ, സുധി സദൻ എന്നിവരെ ഗവർണർ നോമിനേറ്റ് ചെയ്തത്.