മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ ജന്തര്‍മന്തറില്‍
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പ്രതിഷേധം ജൂലൈ 29ന്
ന്യൂഡല്‍ഹി: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയും രാഷ്ട്രപതിയും മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് മൗനം വെടിയൂ- മുന്നേറൂ എന്ന മുദ്രാവാക്യവുമായി കെഎല്‍സിഎ ജൂലൈ 29ന് രാവിലെ 10ന് ന്യൂഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തും. കേരളത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്നത്.
ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണഘടനാപരമായ മൗലികാവകാശമാണെന്നിരിക്കെ മണിപ്പൂരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും അക്രമം നടത്തുന്നവരെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആക്രമണത്തിന് ഇരയായവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം എന്നതുമാണ് മുഖ്യആവശ്യം.
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ തള്ളിപ്പറയാനും അത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം തയ്യാറാകണം. അതോടൊപ്പം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ് മുതലായവ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ഏകീകൃത സിവില്‍കോഡ് ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന് പകരം അഭിപ്രായ സമന്വയമാണ് ഉണ്ടാകേണ്ടത് എന്നുമുള്ള ആവശ്യങ്ങളും കെഎല്‍സിഎ ഉന്നയിക്കുന്നു.
തീരം തീരവാസികളില്‍ നിന്ന് അന്യമാകുന്ന നടപടികള്‍ ഉണ്ടാവരുത്. ശാശ്വതമായ തീരസംരക്ഷണ നടപടികള്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടല്‍ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മിച്ച് അവ പരിപാലിക്കുന്നതിനുള്ള സ്ഥിരം നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുമുണ്ടാകണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.