ലക്നൗ:അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഉത്തർ പ്രദേശ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു . രാമോത്സവമാണ് ജനുവരി 22 ന് നടക്കുന്നതെന്നും ദീപാവലി പോലെ എല്ലാവരും രാമക്ഷേത്ര പ്രതിഷ്ഠ ദിനവും ആഘോഷിക്കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ദീപങ്ങളാൽ അലങ്കരിക്കുമെന്നും വലിയ ഉത്സവത്തിന്റെ പ്രതീതിയിലാകും രാമക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മകരസംക്രാന്തി മുതൽ മതപ്രഭാഷണങ്ങൾ ആരംഭിച്ച് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ജനുവരി 22 ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്ക്കാര് ഉത്തരവ്.