ചെന്നൈ: ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.
അനാരോഗ്യത്തെ തുടർന്ന് നവംബർ മാസം 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.
ആശുപത്രി വിട്ട വിജയകാന്ത് ഒരാഴ്ചമുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു.യോഗത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ ഡിഎംഡികെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
1952 ഓഗസ്റ്റ് 25ന് മധുരയിൽ കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുടെയും മകനായിട്ടായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗർസ്വാമി എന്നാണ് ഔദ്യോഗിക നാമം .
1979 ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ വില്ലനായാണ് വിജയകാന്ത് സിനിമലോകത്തേയ്ക്ക് അരങ്ങേറിയത്.
1981 ൽ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന് ഖ്യാതി നേടികൊടുത്തത്.
എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരമായിരുന്നു വിജയകാന്ത്. തുടരെ തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച വിജയകാന്തിനെ ആരാധകർ അക്കാലത്ത് ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്.