പത്തനംതിട്ട: കേന്ദ്ര സഹമന്ത്രി വി മുരളീധരന് രൂക്ഷ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന് അർഹമായ തുകയാണ് ചോദിക്കുന്നതെന്നും കേന്ദ്രമന്ത്രിയുടെ തറവാട്ടിലെ പണമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങൾ നികുതി അടക്കുന്ന പണമാണ്. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രിയാണ് വി മുരളീധരനെന്നും മന്ത്രി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജനിച്ചു വളർന്ന നാട് നശിച്ചു കാണാൻ അഗ്രഹിക്കുന്ന വികൃത മനസ്സിനുടമയാണ് അദ്ദേഹം. നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തിയാണ് മുരളീധരൻ. ഗവർണറെ നിയന്ത്രിക്കുന്നതും മുരളീധരനാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ എപ്പോൾ ഭക്ഷണം കഴിക്കണം, എപ്പോൾ മൂത്രമൊഴിക്കണം എന്നെല്ലാം നിശ്ചയിക്കുന്നത് മുരളീധരൻമാരാണ്. മുരളീധരന്റെ രാഷ്ട്രീയ സംസ്കാരമാണ് കാണിച്ചത്. അതേ രീതിയിൽ മറുപടി പറയാൻ തന്റെ പ്രസ്ഥാനം പഠിപ്പിച്ചിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു.